കാലടി: ആയില്യം നാളില്‍ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്‍ ഭക്തജനപ്രവാഹം. ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത് ക്ഷേത്രത്തിനു സമീപത്തെ പുള്ളുവന്‍ പാട്ട് സംഘങ്ങളായിരുന്നു. നാഗപ്രീതി ജീവിതചര്യയാക്കിയിട്ടുള്ള പുള്ളുവ സമുദായാംഗങ്ങള്‍ ഇക്കൊല്ലവും പതിവുതെറ്റിക്കാതെ ക്ഷേത്രാങ്കണത്തിലുണ്ട്.
സര്‍വ്വദോഷ പരിഹാരത്തിനും സര്പ്പപ്രീതിക്കുമാണ് പുള്ളുവന്‍ പാട്ട് വഴിപാട് നടത്തുന്നത്. പുള്ളുവക്കുടം, വീണ എന്നിവയില്‍ നിന്നുള്ള ശബ്ദവിന്യാസങ്ങളിലൂടെ നാഗദൈവങ്ങളെ സ്തുതിച്ചു പാടി ഭക്തരുടെ തീരാദുരിതങ്ങള്‍ക്കു പരിഹാരം തേടുകയാണിവര്‍. അനന്തന്, തക്ഷകന്, വാസുകി, കാര്‍കോടകന്‍ തുടങ്ങിയ രാജാക്കന്മാരെയും, നാഗകുലത്തെയും സ്തുതിച്ചുകൊണ്ടു വരമൊഴിയായി പകര്‍ന്നു കിട്ടിയതാണ് പാട്ടുകളത്രയും. ഇതോടൊപ്പം വഴിപാടുകാരന്റെ പേരും നാളും ചൊല്ലിപ്പാടും. സര്‍പ്പദോഷം, ശത്രുദോഷം, ചൊവ്വാദോഷം, രാഹുദോഷം, കണ്ടകശനി തുടങ്ങി പലവിധ ജന്മദോഷങ്ങളില്നിന്ന് നാഗപ്രീതികൊണ്ടു മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി പ്രദേശങ്ങളില്‍ നിന്നുള്ള പുള്ളുവ സമുദായാംഗങ്ങളായ ഇരുപതോളം പേരാണ് തിരുവൈരാണിക്കുളത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: