മഞ്ചേരി: ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ ശുപാര്‍ശയനുസരിച്ചുള്ള ഗതാഗത പരിഷ്ക്കാരം മഞ്ചേരിയില്‍ നടപ്പാക്കുന്നതിനെതിരെ എതിര്‍പ്പുമായി ബസുടമകള്‍ രംഗത്ത്. ഗതാഗത പരിഷ്ക്കാരം നടപ്പാക്കിയാല്‍ സര്‍വീസ് നിര്‍ത്തിവെച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍. ബസുടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. പുതിയ തീരുമാനം നടപ്പായാല്‍ മിക്ക ബസുകള്‍ക്കും ഇന്ധന ചെലവു വര്‍ധിക്കും. സമയം പാലിക്കാതെ വരുന്നതിനാല്‍ മുഴുവന്‍ ട്രിപ്പുകളും പൂര്‍ത്തിയാക്കാനാവില്ലെന്നും യോഗം വിലയിരുത്തി.
നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട്, എളങ്കൂര്‍, ആമയൂര്‍ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ് സ്റ്റാന്റില്‍ നിന്നും കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി ബസ് സ്റ്റാന്റിലേക്ക് മാറ്റാന്‍ അനുവദിക്കില്ല. ഈ നിലയില്‍ ബസ് സര്‍വീസ് നടപ്പായാല്‍ മെഡിക്കല്‍ കോളജിലേക്ക് വരുന്ന രോഗികളും വിദ്യാര്‍ഥികളുമടക്കമുള്ള യാത്രക്കാര്‍ വലയും.
നഗരത്തിലെ ബസ് സര്‍വീസ് നിലവിലുള്ളതുപോലെ നിലനിര്‍ത്തണം. ഗതാഗത പരിഷ്ക്കാരം അടിച്ചേല്പിക്കുകയാണെങ്കില് തീരുമാനം നടപ്പാവുന്ന ദിവസം മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് പ്രക്ഷോഭമാരംഭിക്കാനും സമര സമിതി തീരുമാനിച്ചു. പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: