ചങ്ങരംകുളം: ബണ്ട് തകര്‍ന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതോടെ പെരുമ്പാള്‍ തുരുത്തുമ്മല്‍ കോള്‍പ്പടവ് കര്‍ഷകര്‍ ആശങ്കയിലായി.
കൃഷിയിറക്കാനുള്ള ഒരുക്കത്തിനിടെയാണ് ബണ്ട് തകര്‍ന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ബണ്ട് തകര്‍ന്ന് 450 ഏക്കറില്‍ കൃഷി തടസ്സപ്പെട്ടിരുന്നു.
ഇത്തവണ എത്രയും വേഗം ബണ്ട് പുനര്‍നിര്‍മിക്കുമെന്ന അധികൃതരുടെ ഉറപ്പില്‍ കൃഷിയിറക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പുനര്‍നിര്‍മാണം വൈകിയാല്‍ പമ്പിംങ് തുടങ്ങലും കൃഷിയിറക്കലും വൈകും. വൈകി കൃഷിയിറക്കിയാല്‍ വരള്‍ച്ചയോ നേരത്തേ എത്തുന്ന മഴയോ കൃഷിനാശത്തിന് ഇടയാക്കും. മുന്‍കാലങ്ങളില്‍ ബണ്ട് തകര്‍ന്നാല്‍ പുനര്‍നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാറുണ്ട്.
മണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ടാണ് നേരത്തേ പ്രയാസം സൃഷ്ടിച്ചിരുന്നത്. ഇത്തവണ ബണ്ട് നിര്‍മിക്കാനാവശ്യമായ മണ്ണ് അടുത്ത കരയില്‍തന്നെ ഉണ്ടായിട്ടും വൈകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന ആക്ഷേപമുണ്ട്. ബണ്ട് പൂര്‍ത്തിയാക്കിയാലും ഒരു മാസം പമ്പിംങ് നടത്തിയാലേ വെള്ളം വറ്റിക്കാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ മോട്ടോറുകള്‍ അനുവദിച്ചും ബണ്ട് വേഗത്തില്‍ പുനര്‍നിര്‍മിച്ചും കൃഷിയിറക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: