സ്ത്രീകളുടെ ബുദ്ധിമുട്ട് വേഗം മനസ്സിലാകുന്നത് സ്ത്രീകള്‍ക്കാണ് എന്നാണ് പൊതുവെ പറയാറ്. പ്രത്യേകിച്ചും ആര്‍ത്തവം, ഗര്‍ഭകാലം തുടങ്ങിയ അവസ്ഥകളില്‍. എന്നാല്‍ ആര്‍ത്തവത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ശുഭസൂചനയാണ്.
ആര്‍ത്തവ സമയത്ത് സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക വിഷമതകളെക്കുറിച്ച് ഒരു പുരുഷന് മനസ്സിലാക്കിയാലോ?. അതൊരു നല്ലകാര്യം തന്നെ.
മുരുകാനന്ദത്തെ പോലെയുള്ളവര്‍ സമൂഹത്തില്‍ വ്യത്യസ്തരാകുന്നതും മാതൃകയാകുന്നതും അതുകൊണ്ടുതന്നെയാണ്. മുരുകാനന്ദത്തിന്റെ ജീവിതകഥ ഇപ്പോള്‍ പാഡ്മാന് എന്ന പേരില്‍ അഭ്രപാളിയിലും എത്തിയിരിക്കുന്നു. ആര്‍ത്തവം എന്നത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിഷിദ്ധമായ ഒന്നായി കാണുന്ന കാലത്ത്, ഈ സമയത്ത് ഉപയോഗിക്കേണ്ട സുരക്ഷിതമായ ഉത്പന്നങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് ആര്‍ത്തവ കാലങ്ങളില്‍ ഉപയോഗിക്കാനുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങാന്‍ മുരുകാനന്ദം തീരുമാനിച്ചത്.
സ്വന്തം കുടുംബങ്ങളിലെ സ്ത്രീകളുടെ പോലും പിന്തുണയില്ലാതെ, മുരുകാനന്ദം തന്റെ ഗ്രാമത്തിലെ സ്ത്രീകള്‍ക്കായി ഏറ്റവും ഫലപ്രദവും വൃത്തിയുള്ളതുമായ രീതിയില്‍ പാഡുകള്‍ നിര്‍മ്മിക്കാനാരംഭിച്ചു. ഇന്ന് അദ്ദേഹം സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയിലും ഏറെ പ്രശസ്തനാണ്. ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതരീതിയില്‍ മാറ്റത്തിന്റെ ചുവടുവയ്പ് എന്ന നിലയില്‍ മുരുകാനന്ദത്തിന്റെ സാനിറ്ററി പാഡ് നിര്‍മ്മാണ യന്ത്രം ധാരാളം പ്രശംസയ്ക്ക് അര്‍ഹമായി.
ആര്‍ത്തവകാലം സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും വ്യക്തികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പരിസ്ഥിതിക്ക് വിഘാതം വരാത്ത വിധത്തില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടം തന്നെയാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ ചെറിയൊരു വ്യവസായമായി തുടങ്ങാനും നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള സാധ്യതയും അതില്‍ ഒളിഞ്ഞുകിടപ്പുണ്ട്.
ഇക്കോഫെമ്മി (തമിഴ്നാട്)
കഴുകാവുന്നതും വീണ്ടും ഉപയോഗിക്കാവുന്നതുമായ പാഡുകള്‍ നിര്‍മ്മിച്ചു നല്കുന്നു. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഫെമ്മി സര്‍ക്കാര്‍ സ്കൂളിലെ പെണ്‍കുട്ടികളുമായി അടുത്തിടപഴകി അവര്‍ക്ക് ആര്‍ത്തവ പ്രക്രിയയെക്കുറിച്ച് ആശയവിനിമയം നടത്തുന്നു. എന്തുകൊണ്ട് ആര്‍ത്തവം ഉണ്ടാകുന്നു എന്നതിനെക്കുറിച്ചും പെണ്‍കുട്ടികള്‍ക്ക് അറിവുനല്കുന്നു. ഒപ്പം തനിക്ക് ലഭിച്ച അറിവ് ഒരാള്‍ക്കെങ്കിലും പകര്‍ന്നുനല്‍കുമെന്ന് കുട്ടികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നു.
സാഥി (ഹൈദരാബാദ്)
ആറ് മാസത്തിനുള്ളില്‍ ദ്രവിച്ചുപോകുന്ന സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്നു. വാഴനാരുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ അറുനൂറോളം സ്ത്രീകള്‍ക്കാണ് ഇത്തരം നാപ്കിനുകള്‍ ഉപയോഗിക്കാന്‍ നല്‍കിയത്. മറ്റ് പാഡുകളെ അപേക്ഷിച്ച് നേര്‍ത്തതും രാസപദാര്‍ത്ഥങ്ങള്‍ ഇല്ലാത്തതും 50 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയുന്നതുമാണ് ഈ പാഡുകള്‍.
തുടക്കം വിജയകരമാണ്. ഇന്ന് വിപണിയില്‍ ലഭ്യമായ പാഡുകളുടെ നിര്‍മ്മാര്‍ജ്ജനം വലിയ തലവേദനയാണ്. പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതുമാണ്. ഇവ ദ്രവിച്ചുപോകണമെങ്കില്‍ തന്നെ ഏകദേശം 500 വര്‍ഷം വേണ്ടിവരും. ആറ് മാസം കൊണ്ട് ദ്രവിച്ചുപോകും എന്നതുതന്നെയാണ് സാഥി നാപ്കിനുകളുടെ പ്രധാന സവിശേഷതയും.
അമാനി ദബ്രിവാല (മുംബൈ)
പത്തൊമ്പത് വയസ്സേയുള്ളു അമാനി എന്ന പ്ലസ്ടു വിജയിക്ക്. അവള് അവധിക്കാലം ചിലവഴിക്കുന്നതാവട്ടെ മറ്റ് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയും. ഏഴ് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാല ശുചിത്വത്തെക്കുറിച്ച് പഠിപ്പിച്ചുനല്‍കുകയാണ് അമാനി.
ജനങ്ങളില്‍ നിന്നും പണം സമാഹരിച്ച് മുംബൈയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ രണ്ട് പാഡ് നശീകരണ മെഷീനുകള്‍ സ്ഥാപിക്കാനും അമാനിക്ക് സാധിച്ചു.
കനിക (തൃശൂര്‍)
അരുണാചലം മുരുകാനന്ദത്തില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് തൃശൂരില്‍ തുടങ്ങിയ എന്‍ജിഒയാണ് കനിക. സൗഖ്യം എന്ന പേരില്‍ പ്രകൃതിയ്ക്ക് ഇണങ്ങുന്നതും വിലകുറഞ്ഞതുമായ ജൈവ പാഡുകളാണ് ഇവിടെ നിര്‍മിക്കുന്നത്. മുരുകാനന്ദത്തില്‍ നിന്നുമാണ് അതിനാവശ്യമായ മെഷീനുകള്‍ വാങ്ങിയത്. അറുപത് വയസ്സിന് മേല്‍ പ്രായമുള്ള അമ്പതോളം സ്ത്രീകളാണ് ഇന്ന് കനികയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഒരുമാസം ഇരുനൂറോളം സൗഖ്യം പായ്ക്കറ്റുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഓരോ പായ്ക്കറ്റിലും 10 പാഡുകളാണ് ഉള്ളത്. 43 രൂപയാണ് വില. വാണിജ്യാടിസ്ഥാനത്തിലുള്ള വില്പന കനിക ആഗ്രഹിക്കുന്നില്ല.
സാനിറ്ററി പാഡ് ബാങ്ക് (മുംബൈ)
ടിഇഇ ഫൗണ്ടേഷനാണ് മുംബൈയിലെ വിവിധയിടങ്ങളില്‍ സാനിറ്ററി പാഡ് ബാങ്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിലേക്ക് പൊതുജനങ്ങള്‍ക്ക് പണമോ സാനിറ്ററി നാപ്കിനുകളോ സംഭാവന ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന പാഡുകള്‍ പത്തെണ്ണത്തിന് ഏഴ് രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും. അമിത വില കൊടുത്ത് പാഡുകള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഈ സംവിധാനം പ്രയോജനപ്രദമാണ്. ഒപ്പം സമൂഹത്തിന്റെ നന്മയ്ക്കായി സംഭാവന ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: