കൊച്ചി: മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും പുതുവത്സരദിനത്തോടനുബന്ധിച്ച് സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 37 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി. മദ്യപിച്ച് വാഹനം ഓടിച്ചതിനും ട്രാഫിക് സിഗ്നല്‍ ലംഘിച്ചതിനും മൂന്ന് യാത്രക്കാരുമായി ബൈക്കുകള്‍ ഓടിച്ചതിനുമാണ് 37 ലൈസന്‍സുകള്‍ അസാധുവാക്കാന്‍ നടപടി സ്വീകരിച്ചത്.
വാഹന പരിശോധനയ്ക്ക് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) കെ.എം.ഷാജി നേതൃത്വം നല്കി. വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ മൂന്നു വരെയായിരുന്നു വാഹന പരിശോധന.
237 പ്രധാനപ്പെട്ട ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി. 1,30,000 രൂപ പിഴയായി ഈടാക്കി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് നാല് പേര്‍ക്കെതിരെയും, ലൈറ്റുകള്‍ ഇല്ലാത്തതിനാലും, അനധകൃതമായ ലൈറ്റുകള്‍ ഉപയോഗിച്ചതു കൊണ്ടും 51 പേര്‍ക്കെതിരെയും ഹെല്‍മെറ്റില്ലാത്തതിന് 45 പേര്‍ക്കെതിരെയും കേസെടുത്തു.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത 15 പേര്‍ക്കെതിരെ കേസെടുത്തു. സൈലന്‍സര്‍ ഇല്ലാത്തതിനും അനുമതിയില്ലാതെ റേസിംഗ് മോഡലായ സൈലന്‍സര്‍ ഘടിപ്പിച്ചതിനും 29 പേര്‍ക്കെതിരെയും, അപകടകരമായി വാഹനം ഓടിച്ചതിന് 28 പേര്‍ക്കെതിരെയും, മദ്യപിച്ച് വാഹനം ഓടിച്ച നാല് പേര്‍ക്കെതിരെയും കേസെടുത്തു.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 5 വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. വൈറ്റില ഹബ്ബിലും, സ്റ്റേജ് ക്യാരേജുകള്‍ പരിശോധനയ്ക്ക് വിധേയമായി. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത മൂന്ന് സ്റ്റേജ് ക്യാരേജുകള്‍ക്ക് എതിരെ കേസെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേഷ് ചെക്കിങ്ങിനു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: