പടിഞ്ഞാറത്തറ: ബാണാസുരഡാം റിസര്‍വ്വൊയറില്‍ നിന്നും മീന്‍പിടിക്കുന്നതിനായി രൂപീകരിച്ച പട്ടിക വര്‍ഗ്ഗ ഫിഷറീസ് സംഘത്തിന് മീന്‍ പിടിക്കാനുള്ള അനുമതി ഇനിയും ലഭിച്ചില്ല.
കെ.എസ്.ഈ.ബിയുമായി കരാറിലെത്താത്തതാണ് അനുമതി ലഭിക്കാന്‍ വൈകുന്നതിന് കാരണം. ജില്ലയിലെ കാരാപ്പുഴ, ബാണാസുര റിസര്വ്വൊയറുകളില് നിന്നും മത്സ്യബന്ധനം നടത്തുന്നതിന് വേണ്ടി ഫിഷറീസ് വകുപ്പ് മുന്‍ കയ്യെടുത്താണ് പട്ടികവര്‍ഗ്ഗ ഫിഷറീസ് സംഘങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇതുപ്രകാരം കാരപ്പുഴയില്‍ ഒരു വര്‍ഷം മുമ്പ് തന്നെ സംഘാംഗങ്ങള്‍ക്ക് മീന്‍ പിടിക്കാനാവശ്യമായ ഉപകരണങ്ങളും പരിശീലനവും നല്‍കുകയും, മീന്‍ പിടിച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ തന്നെ ബാണാസുരയിലും 11-ഓളം പേരടങ്ങുന്ന സൊസൈറ്റി രൂപീകരിച്ച് അംഗങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് കൊട്ടത്തോണിയും തുഴയും വിതരണം ചെയ്തിരുന്നു. എന്നാല്‍ കാരപ്പുഴയില്‍ നിന്നും വ്യത്യസ്തമായി ബാണാസുരയില്‍ തിരയിളക്കമുള്ള ജലക്കെട്ടായതിനാല് ഫിഷറീസ് വകുപ്പ് നല്കിയ കൊട്ടത്തോണി ഉപയോഗിച്ച് മീന്‍ പിടിക്കാന്‍ കഴിയില്ലെന്നതിനാല്‍ ഒരിക്കല്‍പോലും ഇവ റിസര്വ്വൊയറിലിറക്കിയിട്ടില്ല. സൊസൈറ്റി രൂപീകരിച്ചതൊഴിച്ചാല്‍ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ, റിസര്‍വ്വൊയറില്‍ നിന്നും മീന്‍ പിടിക്കാനുള്ള പരിശീലനമോ ഔദ്യോഗകമായ അനുമതിയോ ഇനിയും ലഭിച്ചിട്ടില്ല. ഡാം അധികൃതരായ കെ.എസ്.ഈ.ബിയുമായി ഇതുവരെയും ഫിഷറീസ് വകുപ്പ് മീന്‍ പിടിക്കുന്നത് സംബന്ധിച്ച് കരാറിലെത്തിയിട്ടുമില്ല. എട്ട് മാസം മുമ്പ് കരാര്‍ സംബന്ധിച്ച രേഖകള്‍ കെ.എസ്.ഈ.ബി ഫിഷറീസ് വകുപ്പിന് കൈമാറിയിരുന്നെങ്കിലും ഇതുവരെയും ഇതില്‍ യാതൊരു തുടര്നടപടികളുമുണ്ടായിട്ടില്ല. 2010 മുതല്‍ ദേശീയ മത്സ്യ വികസന ബോര്‍ഡിന്റെയും, ജില്ലാ മത്സ്യ കര്‍ഷക വികസന ഏജന്‍സിയുടെയും ഫണ്ടുപയോഗിച്ച് ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ റിസര്‍വ്വൊയറില്‍ നിക്ഷേപിച്ചിരുന്നെങ്കിലും ഇവയൊന്നും ആര്‍ക്കെങ്കിലും ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഫിഷറീസ് വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതോടെ ഡാം റിസര്‍വ്വൊയറില്‍ നിന്നും ആധികാരികമായി മീന്‍പിടിക്കാന്‍ ആര്‍ക്കും അനുവാദമില്ലാത്തതിനാല്‍ അനധികൃത മീന്‍ പിടുത്തം സജീവമാണ്. ഇത്തരത്തില്‍ മീന്പിക്കാനുള്ള ശ്രമത്തിനിടയായിരുന്നു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാല് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഇതിനെ തുടര്‍ന്ന് രൂപീകരിച്ച അന്വേഷണ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും മീന്‍ പിടിക്കാന്‍ സൊസൈറ്റികള്‍ക്ക് മാത്രം അനുമതി നല്കണമെന്നാവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: