പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ ജലകരാര്പ്രകാരമുളള വ്യവസ്ഥ ലംഘിച്ച് തമിഴ്നാട് ജലം കടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കരാര്‍ പ്രകാരം തമിഴ്നാടിന് നല്‍കിവരുന്ന ജലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.
കരാര്പ്രകാരമല്ലാതെ തമിഴ്നാട് കോണ്ടൂര് കനാലിലൂടെ ജലം കടത്തുന്നത് തടയുക ലക്ഷ്യമിട്ട് സംയുക്തജലക്രമീകരണ വിഭാഗം നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു.ജില്ലാ വികസനസമിതിയുടെ ഈ തീരുമാനം ജില്ലാ കളക്ടര്‍ രേഖാമൂലം സംയുക്തജലക്രമീകരണ വിഭാഗം ചീഫ് എഞ്ചീനീയര്‍മാരെ അറിയിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. കിന്‍ഫ്ര വ്യവസായ പാര്ക്കിന് മലമ്പുഴ ഡാമില്‍ നിന്ന് ജലം നല്കുന്നുണ്ടോ എന്നത് സംബന്ധിച്ച് സ്ഥലം എംഎല്‍എ വി.എസ് അച്യുതാനന്ദന് രേഖാമൂലമുളള ചോദ്യത്തിന് നിലവില്‍ വ്യവസായ പാര്ക്കിന് ജലം വിട്ടു നല്‍കുന്നില്ല എന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ മറുപടി നല്കി. മലമ്പുഴയിലെ 75 കോടിയുടെ സമഗ്ര കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട പ്രൊജക്ട് റിപ്പോര്‍ട്ട് അടുത്ത ആഴ്ച്ച നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.
പട്ടാമ്പിയില്‍ ഭാരതപുഴയിലും കുന്തിപ്പുഴയിലും മണലെടുപ്പ് രൂക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പ്രദേശത്ത് പൊലീസ് റെയ്ഡ് ശക്തമാക്കണമെന്നും മുഹമ്മദ് മുഹസിന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സബ്കലക്ടറുടെ സാന്നിധ്യത്തില്‍ സംയുക്തയോഗം നടത്തുമെന്നും എംഎല്‍എ പറഞ്ഞു. പട്ടാമ്പിയിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി ഉപയോഗം കൂടുന്നതില്‍ എക്സൈസ് അധികൃതര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും മുഹമ്മദ് മുഹസിന് പറഞ്ഞു.
കളക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു, എ.ഡി.എം എസ്.വിജയന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. എം. സുരേഷ് കുമാര്‍ മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: