ചുവപ്പുകോട്ടയെന്ന് സിപിഎം ഉദ്‌ഘോഷിക്കുന്ന കണ്ണൂരില്‍ സിപിഎം, ഇസ്ലാമിക് പാര്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചിരിക്കുകയാണല്ലോ. ‘ഹലാല്‍ ഫായിദ’ എന്നു പേരിട്ട ഈ പ്രാഥമിക സഹകരണസംഘം പലിശരഹിത ബാങ്കായി പ്രവര്‍ത്തിച്ച് മാംസസംസ്‌കരണം ഉള്‍പ്പെടെ സഹകരണചട്ടങ്ങള്‍ക്ക് വിരുദ്ധമായ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ലഭ്യമായ വിവരം.
1969 ലെ സംസ്ഥാന സഹകരണ സൊസൈറ്റി നിയമമനുസരിച്ചാണ് പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം. സര്‍ക്കാരിനു കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്‌സിനാണ് നിയന്ത്രണാധികാരം. ആര്‍ബിഐയെ മറികടക്കാന്‍ ബാങ്കിങ് നിയമത്തിന്റെ പരിധിയില്‍പ്പെടാതെ സംസ്ഥാന സര്‍ക്കാരിലെ സ്വാധീനമുപയോഗിച്ചാണ് ഹലാല്‍ ഫായിദ ആരംഭിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരുസമുദായത്തിനു മാത്രം ഉപയോഗപ്രദമായ രീതിയില്‍ ധനകാര്യ ഇടപാടുകള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ആര്‍ബിഐ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇസ്ലാമിക് ബാങ്ക് പ്രായോഗികമല്ലെന്നും ആര്‍ബിഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മുന്നറിയിപ്പുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഹലാല്‍ ഫായിദ ആരംഭിച്ചത്.
കേരളത്തിലെ പല സഹകരണസംഘങ്ങളും ബാങ്കിങ് നിയമത്തിന് വിരുദ്ധമായി പതിറ്റാണ്ടുകളായി ഭീമമായ നിക്ഷേപങ്ങള്‍ സ്വീകരിച്ച് വായ്‌പ നല്‍കിവരുന്നു. 2016 നവംബര്‍ എട്ടിന് ഉണ്ടായ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണസംഘങ്ങളെ ആര്‍ബിഐയും ആദായനികുതി വകുപ്പും കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. നോട്ട് അസാധുവാക്കലിനുശേഷം കണക്കില്‍പ്പെടാതെ കിടന്ന കോടികളുടെ കള്ളപ്പണം സംഘങ്ങളിലൂടെ വെളുപ്പിക്കാന്‍ ശ്രമിച്ചു. ഹവാലപ്പണം ഉള്‍പ്പെടെ കേരളത്തിലെത്തിക്കാനുളള മാര്‍ഗമായി സഹകരണസംഘങ്ങളെ ഉപയോഗിക്കുന്നെന്ന ആശങ്ക പലരും പങ്കുവച്ചിരുന്നു. നോട്ടു നിരോധനം വന്നതോടെ എന്തോ ഭയന്നിട്ടെന്നപോലെ ആര്‍ബിഐയുടെയും കേന്ദ്രധകാര്യവകുപ്പിന്റെയും നീക്കങ്ങളെ സംസ്ഥാനസര്‍ക്കാര്‍ ശക്തിയുക്തം എതിര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് കാര്യാലയത്തിനു മുന്നില്‍ ഏകദിന ഉപവാസ സമരംപോലും നടത്തി. സഹകരണമേഖലയില്‍ ഇത്രയുമൊക്കെ നടന്നുവരുമ്പോഴാണ് സിപിഎം കണ്ണൂര്‍ ലോബിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍തന്നെ ശരി അത്ത് അനുസരിക്കുന്ന സഹകരണസ്ഥാപനം രൂപംകൊണ്ടത്.
ഇത്തരമൊരു സഹകരണസംഘം സ്ഥാപിച്ചതിലൂടെ ഭാരതത്തിന്റെ ഭരണഘടനയ്‌ക്കും ദേശീയതയ്‌ക്കും സര്‍വോപരി രാഷ്‌ട്രാഭിമാനത്തിനും തങ്ങള്‍ പുല്ലുവിലയാണ് കല്‍പ്പിച്ചിരിക്കുന്നതെന്ന് സിപിഎം നേതൃത്വം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇസ്ലാമിക് ബാങ്ക് എന്ന ആശയം ഏതാനും വര്‍ഷം മുമ്പ് പാര്‍ട്ടി ഉയര്‍ത്തിയതാണ്.
ശക്തമായ എതിര്‍പ്പ് വിവിധ കോണുകളില്‍നിന്ന് ഉയരുകയും കോടതി നടപടി നേരിടേണ്ടിവരികയും ചെയ്യുമെന്ന് ബോധ്യപ്പെട്ടതോടെ പാര്‍ട്ടിക്കാര്‍ ആ ആശയം മൂടിക്കെട്ടി പെട്ടിയില്‍ വച്ചു. ഇപ്പോള്‍ അത് വീണ്ടും പൊടിതട്ടി മിനുക്കി ചെറിയ രൂപമാറ്റത്തോടെ നടപ്പാക്കുന്നതിന് പുറകില്‍ പ്രത്യേക അജണ്ടയുണ്ട്. മുസ്ലിങ്ങളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്ത് തുടങ്ങിയ ഹലാല്‍ ഫായിദ പൂട്ടിയാലും രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് സിപിഎം വിലയിരുത്തുന്നു. നിയമലംഘനം തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇത് മുസ്ലിംവിരുദ്ധ നിലപാടായി ചിത്രീകരിച്ച് തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാം. ബീഫ് രാഷ്‌ട്രീയത്തില്‍ പാര്‍ട്ടിയുടെ പ്രതിരോധം എന്ന നിലയ്‌ക്കാണ് പദ്ധതിയെന്നും സിപിഎം പ്രചരിപ്പിക്കുന്നുണ്ട്.
തീന്‍മേശയിലേക്കുപോലും കടന്നുകയറുന്ന ഫാസിസത്തെ പ്രതിരോധിക്കാനാണ് ഹലാല്‍ ഫായിദ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് സൊസൈറ്റിയുടെ ഓഹരി വിതരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞത് വരികള്‍ക്കിടയില്‍ വായിക്കേണ്ട സംഗതിയാണ്. ഭൂരിപക്ഷ ഭയം നിലനിര്‍ത്തി മുസ്ലിം വോട്ടുബാങ്ക് ചെങ്കൊടിക്കുകീഴില്‍ നിലനിര്‍ത്തുക, അതാണ് സിപിഎം ലക്ഷ്യം. മുസ്ലിങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുസ്ലിംവിരുദ്ധരായ ബിജെപി സര്‍ക്കാര്‍ തടയുന്നു. ഇങ്ങനെ രാഷ്‌ട്രീയമായി മുതലെടുക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇസ്ലാമിക് ബാങ്ക് മാതൃകയില്‍ സഹകരണസംഘം രൂപീകരിച്ചതുവഴി പിണറായി സര്‍ക്കാര്‍ വന്‍ലാഭമാണ് ലക്ഷ്യമിടുന്നത്. ഒന്നാമത്തേത് ഗള്‍ഫ് പണമാണ്. മതവിരുദ്ധ സാമ്പത്തിക ഇടപാടിന് തയ്യാറാകാത്ത മുസ്ലിംസമുദായത്തിലെ പ്രബലവിഭാഗത്തിന്റെ കൈവശമുള്ള പണം ഹലാല്‍ ഫായിദ പോലുള്ള മതാത്മക സഹകരണസംഘത്തിലേക്ക് ആകര്‍ഷിക്കാനാകും. ഗള്‍ഫില്‍ പണിയെടുക്കുന്ന മുസ്ലിങ്ങളുടെ മാത്രമല്ല മറ്റു ചിലരുടെ പണവും സംഘത്തിലേക്ക് വരുമെന്ന് കണക്കുകൂട്ടുന്നു. പലിശ ആഗ്രഹിക്കാത്ത ആര്‍ക്കും ഈ സംഘത്തില്‍ അംഗത്വമെടുക്കാം. ലാഭത്തിന്റെ വിഹിതം നിക്ഷേപകര്‍ക്ക് ഡിവിഡന്റ് ആയി നല്‍കും. തുടക്കത്തില്‍ കണ്ണൂര്‍ ജില്ലക്കാര്‍ക്കു മാത്രമാണ് അംഗത്വമെടുക്കാനാകുക.
ഏക്കറു കണക്കിന് സ്ഥലം ഏറ്റെടുത്ത് വിപുലമായ തോതില്‍ കാലി വളര്‍ത്തല്‍, ആധുനിക സൗകര്യങ്ങളോടെ അറവുശാല തുടങ്ങി ശതകോടികളുടെ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്കാണ് ഹലാല്‍ ഫായിദ ലക്ഷ്യമിടുന്നത്. ആര്‍ബിഐയുടെ വിലക്കുകള്‍ ലംഘിച്ച് സഹകരണ നിയമങ്ങളുടെ മറപിടിച്ച് ഇത്തരമൊരു സഹകരണസംഘം സംസ്ഥാനത്ത് ആരംഭിച്ചത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഏജന്‍സികളും ഗൗരവമായാണ് കാണുന്നത്. കണക്കില്ലാതെ വിദേശപണം ഈ സംഘത്തിലേക്ക് വരുമെന്നും ഏജന്‍സികള്‍ വിലയിരുത്തുന്നു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ മറയാക്കി ദേശസുരക്ഷ തന്നെ അപകടത്തിലാക്കും വിധം സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാറുമെന്നുള്ളതിനാല്‍ തുടക്കത്തിലേ നിയന്ത്രിക്കണമെന്ന പക്ഷമാണ് ആര്‍ബിഐയും ധനവകുപ്പും മുന്നോട്ടുവയ്‌ക്കുന്നത്.
ഇത്തരം സംഘങ്ങളിലെ കെവൈസി(നോ യുവര്‍ കസ്റ്റമര്‍-നിങ്ങളുടെ ഉപഭോക്താവിനെ അറിയൂ) ബാധകമല്ലാത്തതും സുരക്ഷാഏജന്‍സികളെ ആശങ്കപ്പെടുത്തുന്നു. കള്ളപ്പണക്കാര്‍ക്ക് സഹകരണ സംഘങ്ങളില്‍ ഉറവിടം വ്യക്തമാക്കാതെ നിക്ഷേപങ്ങള്‍ സൂക്ഷിക്കാനാകും. കേരളത്തില്‍ കള്ളപ്പണത്തിന്റെ ഭീമ ഭാഗവും സൂക്ഷിച്ചിരുന്നത് സഹകരണസംഘത്തിലാണെന്ന് നോട്ടുനിരോധനം വന്നപ്പോള്‍ വെളിപ്പെട്ടതാണ്.
വിദേശപണം സ്വീകരിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മൂക്കുകയറിട്ടത് ഒരര്‍ഥത്തില്‍ ഇത്തരം സഹകരണസംഘങ്ങള്‍ക്ക് തുണയായിട്ടുണ്ട്. സിനിമാ നിര്‍മാണമേഖലയിലെ കള്ളപ്പണ ഒഴുക്ക് തടയാനായിട്ടില്ലെന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗൗരവകരമാണ്.
ഫോണ്‍: 09446467312
















