കൊച്ചി: ഓഖി ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടുദിവസത്തെ ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കെഎസ്ആര്‍ടിസി ജീവനക്കാരില്‍ ഭൂരിഭാഗവും അവഗണിച്ചു. ദുരിതാശ്വാസത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി വാങ്ങുന്ന പണം മാനേജ്മെന്റ് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന പേടിയാണ് പല ജീവനക്കാര്‍ക്കും.
കൂടാതെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്ക്കുകയും വിവിധ ആവശ്യങ്ങള്‍ക്കായി പിടിക്കുന്ന തുക അടയ്ക്കാതെ വകമാറ്റുകയും ചെയ്ത കെഎസ്ആര്‍ടിസിയുടെ നടപടിയും സഹായം നല്കുന്നതില് നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചു.
ഇടതുയൂണിയനിലെ ഒരുവിഭാഗം ജീവനക്കാരുള്‍പ്പെടെ ഒട്ടേറെപ്പേരാണ് ഓഖി ദുരിതാശ്വാസ സഹായം ശമ്പളത്തില്‍ നിന്ന് പിടിക്കരുതെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കത്ത് നല്‍കിയത്. കെഎസ്ആര്‍ടിസി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സഹായം ചോദിക്കാന്‍ അവകാശമില്ല.
മറ്റു സന്നദ്ധ സംഘടനകള്‍ വഴി ഓഖി ബാധിതരെ സഹായിച്ചോളാമെന്നും കെഎസ്ആര്‍ടിസി ശമ്പളത്തില്‍ നിന്ന് പിടിക്കേണ്ടെന്നും ചിലര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗം ബാധിച്ച് ജീവനക്കാര്‍ ബുദ്ധിമുട്ടിയിട്ടും കെഎസ്ആര്‍ടിസി ഒരു സഹായവും ആര്‍ക്കും ചെയ്തിട്ടില്ല. ഇതും ജീവനക്കാരെ പ്രകോപിപ്പിച്ചു.
വര്‍ഷങ്ങളായി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കെഎസ്ആര്‍ടിസി തഞ്ഞുവെച്ചു. ഇന്‍ഷുറന്‍സ് തുക, സൊസൈറ്റിയിലെ വായ്പാ തിരിച്ചടവിനുള്ള തുക എന്നിവയെല്ലാം ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ട് കൃത്യമായി കെഎസ്ആര്‍ടിസി അടച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്ത് വിശ്വസിച്ചാണ് കെഎസ്ആര്‍ടിസിക്ക് ശമ്പളത്തില്‍ നിന്ന് ഓഖി സഹായം നല്‍കേണ്ടതെന്നാണ് ജീവനക്കാരില്‍ ചിലരുടെ ചോദ്യം.
ആദ്യം ജീവനക്കാരില്‍ നിന്നെല്ലാം ഓഖി ദുരിതാശ്വാസത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം ശമ്പളത്തില്‍ നിന്ന് പണം പിടിക്കാനായിരുന്നു തീരുമാനം. എന്നാല്‍, എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്. പകരം, ദുരിതാശ്വാസ സഹായം നല്കാന് കഴിയാത്തവര്‍ അക്കാര്യം എഴുതി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതോടെ ഭൂരിഭാഗം ജീവനക്കാരും പണം പിടിക്കരുതെന്ന് എഴുതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: