മലയാള സിനിമയുടെ വര്‍ഷാന്ത്യ കണക്കെടുപ്പില്‍ 2016ലെ എണ്ണം തന്നെയാണ് ഈ വര്‍ഷവും,120. എണ്ണത്തിന്റെ കൂടുതലും കുറവും മേന്മയുടെ ആസ്തിയല്ല. മികവിന്റെ ഗുണമാപിനിയില് പക്ഷേ, മുന്വര്ഷങ്ങളുടേതുപോലെ കരകേറ്റമില്ലാത്ത അവസ്ഥ. നഷ്ടങ്ങളുടെ കാലിച്ചാക്കിനപ്പുറത്തേക്ക് ഹിറ്റും മെഗാഹിറ്റുമായ ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നവയും. എന്നാല്‍ പുതു സംവിധായകര്‍ക്കോ നടീനടന്മാര്‍ക്കോ മറ്റു ടെക്നീഷ്യന്മാര്ക്കോ കുറവെന്നുമില്ല. നിലനില്ക്കേണ്ട കലയും കച്ചവടവുമാണ് സിനിമയെന്നു തരിമ്പും കരുതാതെ വഴിയേ പോണവര്ക്കു എന്തും ചെയ്യാവുന്ന മേച്ചില്‍പ്പുറമാണ് ഈമേഖലയെന്നു തോന്നല്‍ ശാപമായി തുടരുന്നതിനൊപ്പം ഭാവിവാഗ്ദാനങ്ങളുടെ മേലൊപ്പു ചാര്ത്തിയവരുമുണ്ട്.
എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം സിനിമേതരമായ വന്‍വിവാദം കൊടിയേറിയത് ഈ മേഖലയെ തന്നെ തകിടം മറിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതും സൂപ്പര്‍താരം ദിലീപ് അറസ്റ്റിലായതും മറ്റും ദേശീയശ്രദ്ധ ആകര്‍ഷിച്ച് മലയാള സിനിമയെ തന്നെ കുപ്രസിദ്ധിയിലാക്കി. ഇപ്പോഴും അതുയര്‍ത്തിയ ആശങ്കയുടെ നിഴലില്‍ തന്നെയാണ് മലയാള സിനിമ. ഇക്കാരണത്താല്‍ മൂന്നുനാലുമാസം തീര്‍ത്തും നിര്‍ജീവമായിരുന്നു. സിനിമയ്ക്കു പിന്നിലെ ശ്ളീലമല്ലാത്ത സത്യങ്ങളറിഞ്ഞ് ജനം ഒരുതരം ബഹിഷ്ക്കരണം തന്നെ നടത്തുകയായിരുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഷോക്ക് ട്രീറ്റ്മെന്റ്.
പരാജയത്തിന്റെ പടുകുഴിയില്കിടന്നു കൈകാലിട്ടടിക്കാന്‍ വിധിക്കപ്പെട്ടവയായിരുന്നു മിക്കവാറും ചിത്രങ്ങള്‍. പ്രേക്ഷകനെയോ ചുരുങ്ങിയ പക്ഷം പണം മുടക്കുന്നവനെയോ കണക്കിലെടുക്കാതെ സംവിധായകനെന്ന മുച്ചീട്ടുകളിക്കാരന്റെ തട്ടിക്കൂട്ടലും വെട്ടിക്കൂട്ടലുമായി തോറ്റുപോയ ചിത്രങ്ങള്‍ അനവധി. വീമ്പിളക്കിവന്ന സൂപ്പര്‍താര ചിത്രങ്ങള്‍പോലും ലാഭം ഉണ്ടാക്കിയെങ്കിലും വന്ഹിറ്റല്ലാതെ പോയി. സാറ്റലൈറ്റിന്റെ ഉറപ്പും അത്യാവശ്യം ഷോകളുമായാല് നേട്ടമല്ലാതെ നഷ്ടമാവില്ലെന്ന നിശ്ചയമാണ് വന്താര ചിത്രങ്ങളുടെ ഗ്യാരന്റി.
എന്നാല്‍ സൂപ്പര്‍താരങ്ങളില്ലാതെ സിനിമയെടുക്കാമെന്നും വിജയിപ്പിക്കാമെന്നുമുള്ളൊരു വിശ്വാസം അടുത്തകാലത്തായി മലയാള സിനിമയില്‍ ശക്തിയായിട്ടുണ്ട്. ദി ഗ്രേറ്റ് ഫാദര്‍, വില്ലന്‍ എന്നിവയുടെ വിജയം മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേതും കൂടിയാണ്. അവരുടെ പെര്‍ഫോമന്‍സിന്റെ ഗ്രാഫ്വളരെ മുകളിലാണ് ഈ സിനിമകളില്‍. ശക്തമായ പ്രമേയവും തിരക്കഥയും മേക്കിങ്ങുമൊക്കെയായി താര സങ്കല്‍പ്പത്തെ അട്ടിമറിച്ച് വിജയിപ്പിക്കാമെന്നു തെളിയിച്ച ഒരുകൂട്ടം ചിത്രങ്ങള്‍ ഈ വര്‍വും ഉണ്ടായി. ടേയ്ക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, അങ്കമാലി ഡയറീസ്, പറവ, രാമലീല തുടങ്ങിയവ ഈ രീതിയില്‍ ഹിറ്റായവയാണ്.
മലയാളത്തിന്റെ സിനിമയെന്ന് കാണികള്‍ വാഴ്ത്തിയ ടേയ്ക്ക് ഓഫ് 2017ലെ വിജയചിത്രം എന്നുമാത്രമല്ല എല്ലാവരുടേയും സിനിമയായി. കലയും കച്ചവടവും ഒത്തിണങ്ങിയ നല്ലചിത്രം എന്ന ലേബലാണ് ഈ സിനിമയ്ക്കു കിട്ടിയത്. ശക്തമായ പ്രമേയം, തിരക്കഥ, അഭിനയം ഇതിനെയെല്ലാം നിയന്ത്രിക്കുന്ന സംവിധാനം എന്നിങ്ങനെ മികച്ച ചിത്രത്തിനുവേണ്ടുന്ന ചേരുവയെല്ലാം ഒത്തിണങ്ങിയ ടേയ്ക്ക് ഓഫ് മുപ്പതുകോടിയാണ് കളക്റ്റു ചെയതത് . ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം ഈ ചിത്രത്തില്‍ സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതിക്കായിരുന്നു. പ്രത്യേക ജൂറി പുരസ്ക്കാരവും ചിത്രത്തിനു ലഭിച്ചു. അതിജീവനത്തിന്റെ സത്യസന്ധമായ കഥയും സിനിമയുടെ സ്വാഭാവിക ഭാവനകളും കൂടിച്ചേര്‍ന്നു പ്രേക്ഷകനെ സ്പര്‍ശിച്ച സിനിമ. 2014ല്‍ ഇറാക്കിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ നഴ്സുമാരുടെ അതിജീവനത്തിന്റെ കഥയാണിത്. ചെകുത്താനും കടലിനുനുമിടയിലെന്നപോലുള്ള അവസ്ഥയും തകര്‍ച്ചയും ആത്മവിശ്വാസവും സാഹസികതയും ഇടപെടലും വ്യക്തിജീവിതത്തിലെ നഷ്ടങ്ങളുമൊക്കെ ചേര്‍ന്ന് ജീവിതത്തിന്റെ നാടകീയത സിനിമയുടേതുമായിത്തീരുന്നു. ദീര്‍ഘകാലം എഡിറ്ററായി പ്രവര്‍ത്തിച്ച മഹേഷ് നാരായണനാണ് തിരക്കഥയും സംവിധാനവും. പാര്‍വതിയെ കൂടാതെ കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ വേഷങ്ങളും സ്വാഭാവികമായിരുന്നു.
വലിയ കോടികളുടെ കിലുക്കവുമായി ഇറങ്ങിയ ജയരാജിന്റെ വീരം പേരു സൂചിപ്പിക്കുന്നതിന്റെ തരിമ്പുമില്ലാതെ വന്നതും പോയതും അറിഞ്ഞില്ല. അത്തരം വെറും വരവുപോക്കുകളുടെ സിനിമയാണു കൂടുതലെങ്കിലും ജയരാജില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. വന്‍കിട പ്രചരണങ്ങളില്‍ മാത്രം വലിപ്പം ഒതുങ്ങിപ്പോയ ചിത്രമാണ് വീരം. വടക്കന്‍പാട്ടിലെ ചതിയന്‍ ചന്തുവെന്ന പ്രതിനായകനെ ബോളിവുഡ് താരം കുനാല്‍ കപൂര്‍ നായക കഥാപാത്രമായി അവതരിപ്പിക്കുകയായിരുന്നു. എംടിയും ഹരിഹരനും വടക്കന്‍വീരഗാഥയിലൂടെ സൃഷ്ടിച്ച മമ്മൂട്ടിയുടെ ചന്തു കാണികളുടെ മനസിലുള്ളപ്പോള്‍ അതിനെ വെല്ലുന്നൊരു ചന്തു ഇങ്ങനെ ആവണമെന്നുള്ള ജയരാജിന്റെ വിചാരങ്ങള്‍ പ്രേക്ഷകനുമായി തീരെ ഇണങ്ങാതെ പോയതാണ് വീരത്തിന്റെ കനത്ത പരാജയം.
പറവ വിജയ ചിത്രമാണ്. ചില ഭാഗങ്ങളില്‍ നന്നായി കളിച്ചു. മട്ടാഞ്ചേരിയുടെ ചിലത് അതിലുണ്ടായിരുന്നതുകൊണ്ട് കൊച്ചിയില്‍ പ്രത്യേകിച്ചും. സൗബിന് സാഹിറിന്റെ സംവിധാനം പ്രമേയത്തിനുവേണ്ട സിനിമാഭാഷ നല്‍കുന്നുണ്ട്. പട്ടം പറത്തലും പ്രാവുവളര്‍ത്തലും മത്സരങ്ങളുമൊക്കെയായി ഒരു ദേശത്തിന്റെ മാനറിസങ്ങളെവെച്ച് കുറെക്കാലത്തിനുശേഷം ഒരു സിനിമ എന്നതില്‍ പറവ പറന്നു. ദുല്‍ക്കര്‍ സല്‍മാന്റെ പേരുണ്ടെങ്കിലും ഈ താരത്തിനു വലുതായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ട് ഉണ്ടാവേണ്ടത് ആവശ്യവുമായിരുന്നില്ല. ശക്തമായ ഇതിവൃത്തത്തെ നല്ലനിലയില്‍ പരിപാലിച്ചാല്‍ താരങ്ങളില്ലാതെ സിനിമ വിജയിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളം കണ്ടുകഴിഞ്ഞതാണ്. പറവയിലും അതുഏറെക്കുറെ കണ്ടു. ചെറിയ കുട്ടികളുടെ വലിയ മത്സരത്തിലൂടെ ജീവിതത്തിന്റെ ശാഖോപശാഖകളിലേക്കു പടര്‍ന്നു കയറുന്ന സൗഹൃദവും വേദനയുമൊക്കെ പറവയില്‍ കാണാം. പ്രാവിന്റേയും പട്ടത്തിന്റേയും പറക്കല്‍ മത്സരമാകുമ്പോഴും അതൊരു ആത്മവിശ്വാസത്തിന്റെ ആകാശമാകുന്നതും അതിനെ ലിറ്റില്‍ സ്വയംമ്പിന്റെ ക്യാമറ പരിചരിക്കുന്നതും ശ്രദ്ധേയമാണ്.
ചിലപ്പോഴെല്ലാം തികച്ചും യാദൃശ്ചികമായിപ്പോലും ഇരയുടേയും വേട്ടക്കാരന്റേയും അല്ലെങ്കില്‍ വാദിയുടേയും പ്രതിയുടേയും മാനസികാവസ്ഥ ഒന്നാകാറുണ്ട് . രണ്ടു പശ്ചാത്തലമാണെങ്കിലും ഒരേ വേദനയുടെ നെരിപ്പോടനുഭവിച്ചേക്കാം. പ്രതിയുടെ രക്ഷപോലും തന്റെ സ്വാസ്ഥ്യമായിമാറാമെന്നും തോന്നാവുന്ന സന്ധികളിലൂടെ കടന്നുപോകാറുണ്ട് വാദിയായ മനുഷ്യന്. കൊലപാതകിയാകാന്‍ ജനിച്ചവനേ അല്ല താനെന്നു കാമുവിന്റെ ഒരുകഥാപാത്രം പറയുന്നപോലെ ആരും ആരായിത്തീരാന്‍ നിര്‍ബന്ധബുദ്ധിയുള്ളവരല്ല . പക്ഷേ ആയിത്തീരുകയാണ്. സാധാരണ ഒരു സിനിമ എന്നനിലയില്‍ കണ്ടുകൊണ്ടിരിക്കെ തന്നെ ചില അസാധാരണ ജീവിത മുഹൂര്‍ത്തങ്ങളിലേക്കു സഞ്ചരിക്കുകയാണെന്നു ബോധ്യപ്പെടുത്തുന്ന സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിനുശേഷം ദിലീഷ് പോത്തന് സംവിധാനംചെയ്ത ഈ സിനിമ എല്ലാത്തരം പ്രേക്ഷകരേയും ഇഷ്ടപ്പെടുത്തി. കഥയെക്കാളുപരി യാഥാര്‍ഥ്യത്തിന്റെ ബ്ളൂപ്രിന്റായ സിനിമ. മാലമോഷ്ടിച്ച കള്ളനും അതു നഷ്ടപ്പെട്ട കുടുംബവും അതേതുടര്‍ന്നു ബന്ധപ്പെട്ട പോലീസ് സ്റ്റേഷനും എല്ലാം ചേര്‍ന്ന് കാണികള്‍ തങ്ങള്‍ക്കുചുറ്റുമുള്ള ലോകത്താണെന്നു തോന്നിപ്പോകുന്നു. ഈ വര്‍ഷത്തെ മികച്ചസിനിമ എന്നനിലയിലും പണംവാരിചിത്രമെന്ന പേരിലും തൊണ്ടിമതലും ദൃക്സാക്ഷിയും മുന്നില്‍തന്നെയാണ്.സജീവ് പാഴൂര്‍ കഥയും തിരക്കഥയും എഴുതി മഹേഷിന്റെ പ്രതികാരത്തിലൂടെ തിരക്കഥയ്ക്കു സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ ശ്യാംപുഷ്ക്കര്‍ സംഭാഷണവുമെഴുതിയ ചിത്രം.
സിനിമയെക്കാളും സിനിമേതര പ്രചരണത്തില്‍ വന്‍വിവാദങ്ങളുടെ ഉഴുതുമറിച്ചല് നടത്തിയ ചിത്രമാണ് രാമലീല. മലയാളത്തില്‍ ഇന്നുവരെ ഒരു ചിത്രത്തിനും ഉണ്ടാകാതിരുന്ന വിവാദസംവാദങ്ങളും തടസവും തുറസുമായ പരിതസ്ഥിതികളുംകൊണ്ട് മാര്‍ക്കറ്റിങ് നടത്തപ്പെട്ട ചിത്രം. നടി പീഡിപ്പിക്കപ്പെട്ടതുമായുള്ള കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹം നായകനായ രാമലീല വെളിച്ചം കാണുകയില്ലെന്നും കാണുമെന്നൊക്കെ പ്രേക്ഷകര്‍ രണ്ടുതരം ചേരിയാവുകയും റിലീസായപ്പോള്‍ മെഗാഹിറ്റാവുകയും ചെയ്തു. ദിലീപിന്റെ വളിച്ച കോമഡിക്കുപകരം ശക്തമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ ലേബലും ശക്തമായ തിരക്കഥയും കാണികളുടെ കണക്കുകൂട്ടല്‍ പൊളിച്ചുളള ട്വിസ്റ്റുകളും പ്രമേയത്തിനനുസൃതമായ സംവിധാനവും ചേര്‍ന്ന് വലിയൊരു സിനിമാഭൂകമ്പം തന്നെയായിരുന്നു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച നടനായ ദിലീപിന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങളുമായിക്കോര്ത്തുള്ള ആകാംക്ഷയിലാണ് പലരും ചിത്രം കണ്ടത്. ദിലീപ് അറസ്റ്റിലായതിനുശേഷമുള്ള ചിത്രം, സിനിമയിലെ ചില സംഭാഷണങ്ങളും സീനുകളും പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ പ്രവചനംപോലെ സത്യമായിത്തീര്ന്നതും മറ്റുമെന്നും കരുതി രാമലീല കണ്ടവരുമുണ്ട്. അതെല്ലാം വലിയ പ്രചരണ മികവായികാണണം. സിനിമാ ഫാന്‍സുകാര്‍ താരങ്ങള്‍ക്കല്ലാതെ സിനിമയ്ക്കു അധികപറ്റാണെന്ന ധാരണയും പൊളിഞ്ഞ വര്‍ഷമാണിത്. ദിലീപിനെതിരെ ആരോപണങ്ങള്‍ ഉണ്ടായതുമുതല്‍ ഈ നിമിഷംവരെ അദ്ദേഹത്തിനു പിന്നില്‍ ഞങ്ങളുണ്ടുകൂടെ എന്നു ഫാന്‍സുകാര്‍ ഉറച്ചുനിന്നത് ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം അരുണ്‍ ഗോപി എന്ന സംവിധായകന്റെ കന്നിചിത്രവിജയം ഒരു പക്ഷേ അദ്ദേഹം അര്‍ഹിക്കുന്നതിലും മുന്നോട്ടുപോയി. സിനിമയിലെ നായകജീവിതത്തിലെ നാടകീയതയെക്കാളും നടന് ദിലീപിന്റെ ജീവിതത്തിലെ നാടകീയതയാണ് മറ്റെന്തിനെക്കാളും രാമലീലയെ പിന്തുണച്ചത്. ഉര്‍വശീശാപം ചിലപ്പോഴെങ്കിലും ഉപകാരമാകുന്നത് ഇങ്ങനേയുമാകാം.
ചില പരീക്ഷണങ്ങള്‍ ജനകീയവും കലാപരമായി ലാഭ കേന്ദ്രീകൃതവുമാകുമ്പോള്‍, പ്രത്യേകിച്ചും സിനിമയില്‍ ശ്രദ്ധിക്കപ്പെടും. അങ്കമാലി ഡയറീസിലൂടെ സംഭവിച്ചതും അങ്ങനെ ഒന്നാണ്. മുഴുവന്‍ പുതുമുഖങ്ങളുമായി ഒരു സിനിമ ധൈര്യക്കേടുകൊണ്ട് മലയാളത്തില്‍ മുന്‍പുണ്ടായിട്ടില്ല. അത്തരം ഒന്ന് ആത്മവിശ്വാസത്തിന്റേതാണെന്ന് തെളിയിക്കുകയായിരുന്നു ലിജോ ജോസ് പല്ലിശേരി. നടന് ചെമ്പന്‍ വിനോദ് ജോസ് രചിച്ച ഈ ചിത്രവും ഒരു ദേശത്തിന്റെ ചില മാനറിസങ്ങളെ എടുത്തുകാട്ടുന്നു. അങ്കമാലിയുടെ കഥയല്ലെങ്കിലും അവിടത്തെ സാധാരണ ജീവിതത്തിലൂടെ ഇതു കടന്നുപോകുന്നുണ്ട്. സ്ക്രീനില്‍ ഒരിക്കലും വരാത്തവര്‍ അഭിനയത്തിന്റെ തരിമ്പും ഏച്ചുകെട്ടില്ലാതെ സ്വാഭാവികമായി സിനിമയില്‍ പെരുമാറിയിരിക്കുന്നതായി കാണാം. അതാണ് ഈ ചിത്രത്തിന്റെ വിജയവും. സിനിമ വലിയ പങ്കപ്പാടു നിറഞ്ഞ പണിയാണെന്നു ചിലര്‍ വിചാരിക്കുമ്പോള്‍ ഇത്തരം ചില സൂത്രപ്പണികളിലൂടെ സിനിമാഗാത്രത്തിനു മുറിവേല്ക്കാതെ തന്നെ ഇങ്ങനെയൊരു സിനിമ ഇന്നത്തെ ചുറ്റുപാടില്‍ വലുതാണ്. ഇത്തരമൊരു പരീക്ഷണത്തിനു തയ്യാറായ നിര്‍മ്മാതാവാണ് യഥാര്‍ഥ നായകന്.
പണ്ട് സിനിമയുടെ യാതൊരുവിധ വ്യാകരണവും അറിയാതെയാണ് ഭൂരിപക്ഷം പ്രേക്ഷകരും സിനിമ കണ്ടുപോന്നത്. ഇന്നു സിനിമയുടെ സൗന്ദര്യശാസ്ത്ര ശിക്ഷണം കിട്ടിയവര്‍ക്കു മുന്നിലാണ് സിനിമാക്കാര് സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത്. മൂത്താശാരികള്ക്കു മുന്നില്‍ പണിക്കുറ്റം തീര്‍ത്തു കാണിക്കുംപോലെയാണ് ഇന്ന് സിനിമ പ്രേക്ഷകനു മുന്നില്‍ നില്‍ക്കുന്നത്. ലോക സിനിമയുടെ തന്നെ അനവധി സെല്ലുലോയ്ഡുകള്‍ നിറഞ്ഞകാണിയുടെ മുന്നില്‍ എങ്ങനെയാണിന്ന് മലയാള സിനിമ പ്രതിനിധികരിക്കുന്നത്. അവനെ ഏതെങ്കിലും തരത്തില്‍ ഈ സിനിമകള്‍ തൃപ്തിപ്പെടുത്തുന്നുണ്ടോയെന്നു പരിശോധിക്കണം. മൂന്നാംതരം പ്രേമവും നാലാംതരം ദ്വയാര്‍ഥ പ്രയോഗവും അറുബോറന്‍ കോമഡിയുമായി കാണികളെ കയ്യിലെടുക്കാന്‍ തുനിയുന്ന ഒന്നിനും കോപ്പില്ലാത്ത സിനിമാക്കാരെക്കൊണ്ട് പൊറുതി മുട്ടുന്നുണ്ട് മലയാള സിനിമ. എല്ലാം മൊബൈലിലായ ഇക്കാലത്ത് പ്രേക്ഷകനെ തിയറ്ററിലേക്ക് കൊണ്ടുവരികയെന്ന വലിയ ബാധ്യതയാണ് സിനിമാക്കാര്‍ക്കുള്ളത്. നിര്‍മാതാവിന്റെ പണം തന്റെ അവകാശം മാത്രമാണെന്നുള്ള മനേവൈകല്യം ബാധിച്ചവര്‍ ഇന്നും സജീവമാണ്.
ഈ പുതിയകാലത്തും മലയാള സിനിമയ്ക്ക് അതിന്റെതായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എല്ലാരംഗത്തും പുതിയ ആള്ക്കാര് വന്നു എന്നത് സിനിമയുടെ മാറ്റമായി മാത്രം കാണാന്‍ കഴിയില്ല. ടെക്നോളജിയുടെ വളര്‍ച്ചയില്‍ ആര്‍ക്കും ചെയ്യാവുന്ന പണിയാണ് സിനിമയെന്ന ധാരണയാണ് നല്ല പണിക്കാരെ കിട്ടാതാക്കുന്നതും. മഹത്തരമെന്നു പറയുന്ന ന്യൂജന്‍ സിനിമ പലപ്പോഴും കേവലം ജാഡയായിത്തീരുന്നതായി കാണുന്നു. ഇത്തരക്കാര്‍ സ്വയം മഹത്വവല്‍ക്കരണം നടത്തി അവരേയും സിനിമയേയും ഒരുപോലെ പിന്നിലേക്കാക്കുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഭരതനും പത്മരാജനും കെ.ജി.ജോര്‍ജും ചെയ്ത സിനിമകളുടെ കീഴെ നില്‍ക്കാനുള്ള യേഗ്യതപോലും ഇന്നത്തെ ഏതെങ്കിലും ന്യൂജന്‍ സിനിമയ്ക്കുണ്ടാവുമോ. അവരുടെ സിനിമ തന്നെയാണ് ഇന്നത്തെ മലയാള സിനിമയിലെയും പുതുകാല പ്രാതിനിധ്യങ്ങള്‍. അവരുടെ ചിത്രങ്ങളുടെ പ്രമേയശക്തി, സംവിധാന ലാവണ്യം, ദൃശ്യസൗന്ദര്യവുമൊക്കെ നിരീക്ഷിക്കണം പുതുസിനിമക്കാര്‍. സിനിമാക്കാര്‍ക്കുവേണ്ടി സംസാരിക്കേണ്ടത് അവരുടെ സിനിമ തന്നെയാണ്. പകരം സിനിമയെക്കുറിച്ച് നൂറുതവണ സംസാരിക്കുകയാണ് സിനിമാക്കാര്. മരവിച്ച ആസ്വാദന നിലവാരമുള്ള സിനിമയെ ഏതെങ്കിലും സൂത്രപ്പണിയിലൂടെ വിവാദങ്ങളുടെ ചൂടുകൊണ്ടു ഉയര്‍ത്താമെന്ന വ്യാമോഹത്തില്‍നിന്നും ഇനിയെങ്കിലും പല സിനിമാക്കാരും രക്ഷപെടേണ്ടിയിരിക്കുന്നു. ഇനി ടേയ്ക്ക് ഓഫ് വേണ്ടത് മലയാള സിനിമയ്ക്കാണ്. പ്രേക്ഷകന്റെ സിനിമാകോടതിയില് തൊണ്ടിമുതലും ദൃക്സാക്ഷിയുമില്ലാതെ സ്വയം തോറ്റുപോകുന്ന ദുരവസ്ഥയില്‍നിന്നും മലയാള സിനിമയ്ക്കു മോചനം വേണം.
തയ്യാറാക്കിയത്: സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: