കുറ്റിപ്പുറം: എക്സൈസ് കമ്മീഷണര്‍ക്ക് വാട്സ് ആപ്പ് വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് വില്പ്പനക്കാരന് പിടിയില്‍.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മണല്‍ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയുമായ അല്ലൂര്‍ പുതുക്കിടി വീട്ടില്‍ ഷാഹുല്‍ ഹമീദ്(29) ആണ് കുറ്റിപ്പുറം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
തിരുന്നാവായ ചന്ദനക്കാവിന്റെ പരിസരത്തുളള സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്സില്‍ വച്ച് കഞ്ചാവ് പായ്ക്ക് ചെയ്യുന്നതിനിടയിരുന്നു അറസ്റ്റ്. ചെറുപായ്ക്കറ്റുകളിലാക്കി വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നരകിലോ കഞ്ചാവും ഒരു ബുള്ളറ്റ് ബൈക്കും സ്വര്‍ണ്ണാഭരണങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ആറ് മാസങ്ങള്‍ക്ക് മുമ്പ് ഒരുകിലോ കഞ്ചാവും സ്കോര്‍പിയോ കാറുമായി ഇയാള്‍ പിടിയിലായിരുന്നു. ആന്ധ്രയില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് തിരുന്നാവായ, പുത്തനത്താണി കോട്ടക്കല്‍ ഭാഗങ്ങളിലാണ് പ്രധാനമായും വില്‍പ്പന നടത്തിയിരുന്നത്. വില്‍പ്പനക്കായി ഇയാള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് വാട്സ് ആപ്പില്‍ പരാതി ലഭിച്ചിരുന്നു. പ്രതിയെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ എസ്.ജി.സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിബുശങ്കര്‍, എ.ഹംസ, രാജീവ് കുമാര്‍, മനോജന്, സാഗീഷ്, ശിവകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: