മലപ്പുറം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച മലപ്പുറം ജില്ലയുടെ തീരപ്രദേശങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.
പാലപ്പെട്ടി, അജ്മീര്‍ നഗര്‍, തണ്ണിത്തറ, പൊന്നാനി ലൈറ്റ് ഹൗസ്, ഫിഷര്‍മെന്‍ കോളനി, താനൂര്‍ എടക്കടപ്പുറം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തി. 156.59 കോടി രൂപയാണ് ജില്ലാഭരണകൂടം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടത്. തകര്‍ന്ന വീടുകളുടെ പുനസ്ഥാപനം, വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം, തകര്‍ന്ന റോഡുകളുടെ പുനര്‍ നിര്‍മാണം, കുടിവെള്ള സംവിധാനങ്ങളുടെ നവീകരണം, കടല്‍ഭിത്തിയുടെ പുനര്‍നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് കേന്ദ്രത്തിന്റെ സഹായം തേടിയതെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു.
കടല്‍ഭിത്തിയില്ലാത്തിടത്ത് ഭിത്തി നിര്‍മിക്കാനുള്ള പാക്കേജ് പ്രത്യേകമായി സമര്‍പ്പിക്കും. ജില്ലയില്‍ 21 കിലോമീറ്റര്‍ മാത്രമാണ് നിലവില്‍ കടല്‍ഭിത്തിയുള്ളത്. ബാക്കിവരുന്ന 30 കിലോമീറ്റര്‍ പ്രദേശത്ത് കടല്‍ഭിത്തി നിര്‍മിക്കാനാവശ്യമായ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണ പാക്കേജാണ് ജില്ലാകളക്ടര്‍ കേന്ദ്രസംഘത്തിന് സമര്‍പ്പിക്കുക. സ്ഥിതിഗതികള്‍ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ചമ്രവട്ടം ഹോട്ടല്‍ റൗബയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി പറഞ്ഞു.
കേന്ദ്ര ഊര്‍ജമന്ത്രാലയം ഡയറക്ടര്‍ എം. എം. ദാക്‌ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. കൃഷി മന്ത്രാലയം ഡയറക്ടര്‍ ആര്‍.പി സിങ്, ഷിപ്പിങ് മന്ത്രാലയം ഡയറക്ടര്‍ ചന്ദ്രമണി റാവത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ പാലപ്പെട്ടിയില്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കേന്ദ്ര സംഘത്തെ സ്വീകരിച്ചു. പാലപ്പെട്ടി, അജ്മീര്‍ നഗര്‍, തണ്ണിത്തറ എന്നിവിടങ്ങളിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് ചമ്രവട്ടം ഹോട്ടല്‍ റൗബയിലെത്തിയ സംഘത്തിന് ജില്ലാ കളക്ടര്‍ അമിത് മീണ നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ വിശദീകരിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണിതങ്ങള്‍, നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി എന്നിവരും താനൂരിലെ സന്ദര്‍ശനത്തില്‍ എംഎല്‍എ വി. അബ്ദുറഹ്മാനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: