സത്യജിത് റായിയുടെ പഥേര്‍ പാഞ്ചാലി ഒരുപോലെ ഇന്ത്യന്‍ സിനിമയും ലോകസിനിമയുമാണ്. നിരവധി ഇന്ത്യന്‍ സിനിമകള്‍ പിന്നീട് ഉണ്ടായെങ്കിലും അവയില്‍ ലോകസിനിമകള്‍ കുറവായിരുന്നു.
പണ്ടത്തെപോലെ ഇന്നും ഇന്ത്യന്‍ സിനിമ ബോളിവുഡ് എന്ന അലങ്കാരമുള്ള ഹിന്ദി ചിത്രങ്ങള്‍ തന്നെയാണ്. വിദേശങ്ങളിലും ഇന്ത്യന്‍ സിനിമ എന്നത് ഹിന്ദിയാണ്. അമിതാഭ് ബച്ചനാണ് അവരുടെ ഇന്ത്യന്‍ താരം. ഇരുപതു ഭാഷകളിലായി വര്‍ഷംതോറും രണ്ടായിരം ചിത്രങ്ങള്‍ ഇറങ്ങുന്ന ഇന്ത്യന്‍ സിനിമയുടെ വന്‍വിപണി മൊത്തം യൂറോപ്യന്‍ ചിത്രങ്ങളുടെ വിപണിയെക്കാള്‍ വരും. ഇതില്‍ അധികവും ഹിന്ദിയുടെ സംഭാവനകളാണ്.
വര്‍ഷം നാന്നൂറിനടുത്ത് ഹിന്ദി ചിത്രങ്ങളാണിറങ്ങുന്നത്.വിയോജിപ്പോടെ തന്നെ ഹിന്ദിയുടെ സര്‍വാധിപത്യം സമ്മതിക്കാന്‍ ഇതൊക്കെ മതി കാരണങ്ങള്‍. കാലികമായി പരിഷ്ക്കരണം അനുഭവിക്കാത്ത ഹിന്ദി ചലച്ചിത്ര മേഖല ഇപ്പോള്‍ ജീവിതം നേരിടുന്ന നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളിലേക്ക് ക്യാമറ തിരിക്കുന്നുണ്ട്. താരാധിപത്യത്തിലും പരമ്പരാഗതമായ ചില ജാര്ഗണുകളിലുംപെട്ട് വിഷമ വൃത്തത്തിലായിരുന്ന ഇത്തരം സിനിമകള്‍ ഒരു പരിധിവരെ സര്‍വതല സ്പര്ശിയാകുന്നുണ്ട്.
സിനിമയുടെ എല്ലാ മേഖലകളോടും ഗുണപരമായി ചേര്ന്നുനിന്ന്് മുന്നോക്കത്തിലാണ് ഇന്ത്യന്‍ സിനിമയെന്നു തന്നെ പറയണം. നുണയെ കലാപരമായി സത്യമായവതരിപ്പിക്കുന്നതാണു സിനിമയെന്ന ഗൊദാര്‍ദിന്റെ നിര്‍വചനങ്ങളിലൂടെയാണ് ഇന്നും സിനിമ പൊയ്ക്കൊണ്ടിരിക്കുന്നതെങ്കിലും ചരിത്രപരമായ യാഥാര്‍ഥ്യങ്ങളോടും അത്തരം വ്യക്തിഗത ജീവിതത്തോടും കൂടുതല്‍ അടുപ്പത്തില്‍ ഭാവനാപൂര്ണ്ണതയോടെ തന്നെയും കണ്ടിരിക്കാവുന്നവിധം സിനിമാനിരീക്ഷണം ഇന്നു പ്രേക്ഷകര്‍ക്കുണ്ട്.
ബാഹുബലി 2ന്റേയും ദംഗലിന്റേയും മറ്റുംവിജയം ഇത്തരത്തിലുള്ളതാണ്.ഇന്ത്യന്‍ സിനിമയുടെ എന്നല്ല ലോക സിനിമയുടെ തന്നേയും വലിയ കച്ചവട വിജയമായി ഈ ചിത്രങ്ങള്‍ മാറിയതിനു പിന്നില്‍ ചരിത്ര,വ്യക്തിഗത സത്യങ്ങളുടെ ചേരുവയുണ്ട്. 2000ത്തോളം കോടി രൂപയാണ് ബാഹുബലിയും അത്രതന്നെ ദംഗലും നേടിയത്. 2016 ഡിസംബറില്‍ റിലീസ് ചെയ്ത ദംഗല്‍ പക്ഷേ 17ലാണ് നിറഞ്ഞോടിയത്. ഇന്ത്യന്‍ മനസില്‍ പണ്ടേ ബലപ്പെട്ട രാജാക്കന്മാരുടേയും ശക്തി മത്സരങ്ങളുടേയും പ്രണയവും പകയും സാഹസികതയും സത്യവും ധര്‍മവുമെല്ലാം ചേരുംപടി ഒരു കച്ചവട സിനിമയുടെ രുചിയില്‍ സൂക്ഷ്മമായ ടേക്നോളജിയുടേയും കരവിരുകിന്റെയും രാജമൗലി എന്ന സംവിധായകന്റേയും മികവുള്ള ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചരിത്രമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഈ ചിത്രം പക്ഷേ തികച്ചും കഥാപൂര്ണ്ണമായിരുന്നു.
ഹോളിവുഡിനെപ്പോലും ത്രസിപ്പിച്ച ബാഹുബലി ഒന്നും രണ്ടും ചിത്രങ്ങളില്‍ ആദ്യത്തേത് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രഭാസ്,റാണാ ദുപതി,സത്യരാജ്, അനുഷ്ക ഷെട്ടി, രമ്യാകൃഷ്ണന്‍ തുടങ്ങിയവര്‍ ഇതിഹാസ ചിത്രമെന്നു പേരുകിട്ടിയ ഇവയില്‍ അഭിനയിച്ചു. മഹാവീര്‍ സിങ് പോഗട്ട് എന്ന ഗുസ്തിക്കാരന് തന്റെ രണ്ടുപെണ്‍ മക്കളേയും ഗുസ്തി താരങ്ങളായി പരിശീലിപ്പിച്ച് ലോകം അറിയുന്ന ഇന്ത്യന്‍ ഗുസ്തി പ്രതിഭകളാക്കിയ യഥാര്‍ഥ കഥയുടെ ദൃശ്യവിഷ്ക്കാരമാണ് ദംഗല്‍.
ഗുസ്തി മത്സരത്തേക്കാളും ഗുസ്തിയും ജീവിതവും തന്നിലുള്ള മത്സരവും എല്ലാറ്റിനേയും അതിജീവിച്ചുള്ള വിജയവും അതിലൂടെ നഷ്ടംപോലും നേട്ടമായിത്തീരുന്നതുമൊക്കെ ദംഗലിന്റെ പ്രത്യേകതയാണ്. ഇടിക്കൂട്ടിന്റെ ഗര്‍ജനത്തിലൂടെ തടസങ്ങളെ അടിച്ചു തകര്‍ത്ത് മുന്നേറാനുള്ള ആത്മവിശ്വാസത്തിന്റെ കോരിത്തരിപ്പാണ് ചിത്രം. പ്രധാനവേഷം ചെയ്ത ആമിര്‍ഖാനാണ് നിര്‍മാതാവും.നിതീഷ് തിവാരി് തിരക്കഥയും സംവിധാനവും. വന്‍ പ്രദര്‍ശന വിജയം നേടിയ അക്ഷയ്കുമാര്‍ ചിത്രം ജോളി എല്‍എല്‍ബി2 നിര്‍ദോഷവും എന്നാല്‍ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയുമായി കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കോടതിയും നിയമത്തിലെ ഊരാക്കുടുക്കുകളുമായി ഒരു ജൂനിയര്‍ വക്കീലിന്റെ കഥ പറയുന്നു. 30കോടി രൂപയില്‍ ചെയ്ത ചിത്രം 200നടുത്ത് കളക്ഷന്‍ നേടി. സുബാഷ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അക്ഷയ്കുമാറിനൊപ്പം അനു കപൂര്‍,ഹുമ ഖുറേഷി, സൗരഭ് ശുക്ളയും താരനിരയിലുണ്ട്.
സ്ത്രീമാനത്തിനു വില പറയുന്ന ക്രൂരതകള്‍ വിനോദമായി നാട്ടില്‍ അഴിഞ്ഞാടുമ്പോള്‍ പോലീസിനും നിയമത്തിനും അപ്പുറം പെണ്ണുതന്നെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുന്നത് അപൂര്‍വമല്ലാതാകുന്നുണ്ട്. അത്തരമൊരു കഥ പകയുടെ പ്രമേയമായി മാറുമ്പോള്‍ എന്തുസംഭവിക്കുമെന്ന് ആകാംക്ഷയുടെ വാള്‍മുനയില്‍ തീര്‍ത്തതാണ് അജി. തന്റെ പത്തുവയസുകാരി ചെറുമകള്‍ ക്രൂരമായി ബലാല്‍സംഗത്തിന് ഇരയായതിനു പ്രതികാരം ചെയ്യുന്ന ഒരു മുത്തശിയുടെ കഥ. പീഡനം വിനോദമാക്കിയ ഒരു കശ്മലനെതിരെ ഇവര്‍ നടത്തുന്ന ബുദ്ധിപരവും മറ്റുമായ പോരാട്ടത്തില്‍ നിയമവും പോലീസും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നുണ്ട്. തിയറ്റര്‍ ആര്‍ട്ടിസ്റ്റും എഴുത്തുകാരിയും സംവിധായകയുമായ സുഷമ ദേശ്പാണ്ഡെ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം ആവിഷ്ക്കാരത്തിലും ഇതിവൃത്തത്തിലും മാറ്റുള്ളതാണ്. സ്മിത തംബേ, ഷര്‍വാണി, അഭിഷേഖ് ബാനര്‍ജി, സുധീര്‍ പാണ്ഡേ എന്നിവരുമുണ്ട്. ദേവാശിഷ് മഹിജയാണ് സംവിധാനം.
വിഭിന്ന മാനങ്ങളുള്ള അഭിരുചികളിലൂടെ തെളിയിക്കപ്പെടേണ്ടതാണ് ലോകനിലവാരമുള്ള സിനിമ എന്നിരിക്കിലും, നാടകത്തിന്റെ ഗുണമഹിമയില്‍ ഷേക്സ്പിയര് എന്നുപറയുംപോലെ ചിലതുണ്ടാകാം പൊതുവായി. ആധുനിക ചിത്രകലയുടെ ലോക ഗുരുവെന്നു വാഴ്ത്തപ്പെടുന്ന വിന്‍സന്റ് വാന്‍ഗോഗിന്റെയും കാര്യത്തില്‍ അപൂര്‍വമായ ഇങ്ങനെ ചില പൊതുസമ്മതികളുണ്ട്. കൊടും ഉന്മാദംപോലും സര്‍ഗാത്മകമാക്കിയ വിന്‍സന്റിന്റെ അവസാന നാളുകളിലെ ജീവിതം അനിമേഷന്റെ അനന്തസാധ്യതകളിലൂടെ അദ്ദേഹത്തിന്റെ തന്നെ പെയിന്റിങ്ങുകളെ ചലിപ്പിച്ചുകൊണ്ട് അതിശയകരമായ പ്രതിഭതീര്ത്ത ചിത്രമാണ് ലൗവിങ് വിന്‍സന്റ്. ആയിരക്കണക്കിനു ഫ്രയിമുകളിലൂടെ അദ്ദേഹത്തിന്റെ രചനകളെ ചലിപ്പിച്ചാണ് സിനിമയുെട പ്രമേയം കാണികളില്‍ നിറയുന്നത്. വിന്‍സന്റ് വരച്ച ചിത്രങ്ങളും പെയിന്റിങ്ങുകളും അതിലെ പ്രകൃതിയും മനുഷ്യനും മറ്റുവസ്തുക്കളും അനങ്ങി അതൊരു യഥാര്‍ഥ ലോകവും സിനിമയുമായിത്തീരുന്നു. അനിമേഷന്റെ അപാരസാധ്യതകളെ അറിഞ്ഞും അതിനെ ഇതിനെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടുവെന്നുപോലും വരാത്തവിധം വലിയൊരു കൂട്ടായ്മയുടെ മഹത്തായ രചനയാണ് 95 മിനിറ്റുള്ള ലൗവിങ് വിന്‍സന്റ്. ഡൊറാട്ട കൊബീലയും ഹ്യൂവെല്മാനും കൂടിരചിച്ച് സംവിധാനം ചെയ്തിരിക്കുന്നു.
സിനിമയിലെ യുദ്ധചിത്രങ്ങളുടെ അവതാര പുരുഷനെന്നു വിളിപ്പേരുള്ള സംവിധായകന് ക്രിസ്റ്റഫര്‍ നോളന്റെ സിനിമ ഡണ്‍കിര്‍ക്ക് ലോകസിനിമയെന്നു വാഴ്ത്തപ്പെട്ടതാണ്. ചരിത്രത്തിലെ സാഹസികതയും ദുരന്തങ്ങളുമൊക്കെ ആശങ്കയുടെ ആകാംക്ഷകളായി സിനിമയിലെത്തുന്നു. 1944ല്‍ നോര്‍മണ്ടി ബീച്ചില്‍ ഒരുകൂട്ടം ഫ്രഞ്ചു സൈനികരെ വലയംചെയ്ത ജര്‍മന്‍ കെണിയില്‍നിന്നും യുഎസ് സേന രക്ഷിക്കുന്നതാണ് പ്രമേയം. കോരിത്തരിപ്പിക്കുന്ന വികാര തീവ്രതയോടെമാത്രം കണ്ടിരിക്കാവുന്ന ചിത്രത്തിലെ നായകന് ടോം ഹാംങ്ക്സാണ്. രണ്ടാംലോക മഹായുദ്ധകാലത്തെ യഥാര്‍ഥസംഭവങ്ങളെ ആസ്പദമാക്കിയെടുത്ത് ചിത്രം.
ലേഡി ബേഡ്, ഗറ്റ് ഔട്ട്, ദ പോസ്റ്റ്, ദ ഷെയ്പ് ഓഫ് വാട്ടര്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ ലോകസിനിമ എന്നപേരില്‍ നിരത്താനുണ്ട്. എന്നാല്‍ ഇതില്‍ പലതും ഹോളിവുഡിന്റെ ആത്മാവിനെ കണ്ടുകൊണ്ട് നിറവേറപ്പെട്ടവയാണ്. ലോക സിനിമയിലെ പഴയ മാസ്റ്റേഴ്സിന്റെ സിനിമകള്‍ ഇന്നലെകളില്‍ നിന്നും ഇന്നിലേക്കു തിരതള്ളിവരുന്നുണ്ട്. എന്നാല്‍ പുതുതിരകള് ഉണ്ടാവുന്നില്ല. ഉണ്ടാവുന്നതാകട്ടെ പുഴയിലെ കൊച്ചോളങ്ങള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: