പഴയപോലെ ക്രിസ്മസ് ചിത്രങ്ങള്‍ ഇറങ്ങിയെങ്കിലും വന്‍ ആരവംഇല്ലാതെ തന്നെ ആദ്യദിവസങ്ങള്‍ ഹൗസ്ഫുള്ളായി. ഇപ്പോള്‍ അതുപോലെ തിയറ്റര്കാലിയാകാനും തുടങ്ങി. ഫാന്‍സുകാരുടെ കമ്പം ചിലചിത്രങ്ങള്ക്കു ആള്‍ക്കൂട്ടം ഉണ്ടാക്കുന്നുണ്ട്. എങ്കിലും ഇരമ്പമില്ല.തിരക്ക് ആടിനാണെന്നും അല്ല മാസ്റ്റര്‍ പീസിനാണെന്നും പറയുന്നു. എന്തായാലും എറണാകുളത്ത് രണ്ടുതിയറ്ററുകളിലും ജയസൂര്യയുടെ ആട് നല്ല തീറ്റയെടുക്കുന്നുണ്ട്. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ആളെ നിറയ്ക്കുന്നില്ല.മായാനദിയും വിമാനവും ആന അലറലോടലറലും തതൈഥവ. കൊച്ചിയിലെ തമിഴന്മാരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് വേലൈക്കാരനാണ്.
യുക്തിയും വിചാരവുമൊക്കെ വീട്ടില്വെച്ചുപോന്നാല് ആട് ചിരിച്ചുകുഴയാനുണ്ട്. പ്രേക്ഷകനു വെറുതെ ചിരിച്ചാല്മതിയെന്നു സിനിമാക്കാര് വിചാരിച്ചാല്‍ ആടുപോലിരിക്കും സിനിമ. കഥയുംവിധിയൊന്നുംവേണ്ട.കാണികള്‍ക്കു അതുമതിയെങ്കില്‍ എന്തിനു പങ്കപ്പാടുപെടണമെന്നു നിര്‍മാതാവും ആലോചിച്ചിരിക്കാം. ജയസൂര്യയുടെ തട്ടിയുംമുട്ടിയുംപോയ കഴിഞ്ഞ ചിത്രങ്ങളുടെ പാകപ്പിഴ ആട്തീര്ക്കും എന്നാണ് സൂചന. തെലുങ്കു മസാലകളെ തോല്പ്പിക്കുന്നതാണ് മാസ്റ്റര്‍പീസ്. രണ്ടുപതിറ്റാണുമുമ്പത്തെ ഫോര്‍മുലയായ അടി ഇടി വെട്ട് എല്ലാം ഇതിലുണ്ട്. കാണികള്ക്കല്ലാതെ മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ ഫാന്സുകാര്ക്കുംമാത്രമായുള്ള സിനിമയായി ഇതിനെ കണ്ടാല്‍മതി.
ആന വെറുതെ അലറിയിട്ട് എന്താണ് കാര്യമെന്നാണ് കാണികളുടെ ചോദ്യം. സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടായിട്ട് ആളുകള്‍ കേറുന്നില്ല പിന്നെയാണ് വിനീത്ശ്രീനിവാസന്. കാണികളുടെ പണം വാങ്ങണമെങ്കില്‍ എന്തെങ്കിലും അങ്ങോട്ടുംകൊടുക്കണ്ടേ. പൃഥ്വിരാജിന്റെ വിമാനത്തിനും കൂടുതല്‍ പറക്കാന്‍ കഴിഞ്ഞിട്ടില്ല. നടന്ന ആവേശകരമായ ഒരുകഥയാണെങ്കിലും ഏറ്റില്ല. എന്നാല്‍ അതൊരു പരാജയമല്ല.പലതരം ചേരുവകള്വെച്ച് ഒരു സിനിമ പടച്ചെടുക്കുന്നതിനു പകരം ആത്മവിശ്വാസത്തിന്റെ കഥപറയാനുള്ള ഈ സിനിമയ്ക്കുപിന്നിലുള്ളവരുടെ ശ്രമം ശ്ളാഘനീയംതന്നെ.
അടുത്തകാലത്തിറങ്ങിയ സിനിമകളില്‍ ഭേദപ്പെട്ടതാണ് ആഷിക് അബു സംവിധാനംചെയ്ത മായാനദി. മനോഹരമായ പേര് സിനിമയിലൂടെ പൂര്ണ്ണമാക്കാനായില്ലെങ്കിലും വിയോജിപ്പികളോടെതന്നെ ഈ സിനിമയോട് ചില ഇഷ്ടങ്ങള്തോന്നാം. പുതു തലമുറപ്രണയത്തിന്റെ വിവിധമാനങ്ങള്‍ പലതും യാഥാര്‍ഥ്യബോധത്തോടും ചിലത് കൃത്രിമവും ബോറടിയായും അനുഭവപ്പെടുന്നുണ്ട്. കടുത്ത ചുംബനവും കിടപ്പറരംഗങ്ങളിലെ ചടുലതയുംകൊണ്ടുമാത്രം സ്ത്രീപക്ഷ ലൈംഗികതയും അതിനുപിന്നിലെ രാഷ്ട്രീയവുമൊക്കെ ശകലിതമായിപ്പോകുന്നു. ലൈംഗിക സുതാര്യതയും തുറന്നുപറച്ചിലുമൊക്കെയാണ് സ്വാതന്ത്ര്യമെന്നു തോന്നുംവിധമുള്ള സങ്കല്‍പ്പങ്ങള്‍ പലപ്പോഴും അശക്തവ്യായാമമായിത്തീരുന്നുണ്ട്. സംവിധായകന്റേയും നായികയുടേയുമാണ് മായാനദിയെന്നു ചിലപ്പോള്‍ തോന്നിപ്പോകുന്നു. നിഴല്വെളിച്ചങ്ങളിലൂടെയുള്ള യാഥാര്‍ഥ്യബോധത്തോടെ നീങ്ങുന്നതാണ് ക്യാമറ. അപര്‍ണ്ണയെ ഭാവ ഗംഭീരമാക്കിയ ഐശ്വര്യ ലക്ഷ്മി ഭാവി വാഗ്ദാനമാണ്. മന്ദഗമനം മാത്രമല്ല നദി. ഇടയ്ക്ക് കലിപ്പോടേയും അതിന് അല്പംവേഗത്തില് ഒഴുകാമായിരുന്നു.
ശിവകാര്‍ത്തികേയനും ഫഹദും നയന്‍താരയും നടിച്ച വേലൈക്കാരന് നല്ല തിരക്കാണ് മലയാളികളും തമിഴരും ഒരുമിച്ചുകേറുന്നതുകൊണ്ട് ചിത്രം അവശ്യം കളക്റ്റുചെയ്യുന്നുമുണ്ട്. കാമ്പുള്ള നടനെന്നുപേരെടുത്ത ഫഹദിന്റെ ആദ്യ തമിഴ്ചിത്രമെന്ന വലിമയും ചിത്രത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: