മലപ്പുറം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം ഇന്ന് ജില്ലയിലെത്തും.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജില്ലാ കളക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് 20 കോടി രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. അന്തിമ കണക്ക് കളക്ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗം തയ്യാറാക്കിവരുന്നു. കാര്‍ഷിക മേഖലയില്‍ മാത്രം 1.4 കോടിയുടെ നഷ്ടമുണ്ട്. ഭവനനാശം 11.5 കോടി രൂപയുടെതാണ്. നാശനഷ്ടത്തിന്റെ കണക്ക് ജില്ലാ കളക്ടര്‍ കേന്ദ്രസംഘത്തിന്റെ മുന്നില്‍ അവതരിപ്പിക്കും. ജില്ലയിലെ കടല്‍ ഭിത്തി നിര്‍മ്മാണത്തിന് മാത്രമായി 42.55 കോടി രൂപയുടെ കണക്കും ജില്ലാ കളക്ടര്‍ സംഘത്തിന് സമര്‍പ്പിക്കും.
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ഡയറക്ടര്‍ എം. എം. ദാക്ടെയുടെ നേത്യത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുന്നത്. കൃഷി മന്ത്രാലയം ഡയറക്ടര്‍ ആര്.പി.സിംഗ്, ഷിപ്പിംഗ് മന്ത്രാലയത്തിന്റ ഡയറക്ടര്‍ ചന്ദ്രമണി റാവത്ത് തുടങ്ങിയവരാണ് സംഘത്തിലെ മറ്റുള്ളവര്‍.
സംഘത്തെ രാവിലെ 10ന് പൊന്നാനി പാലപ്പെട്ടിക്ക് സമീപം ജില്ലാ കളക്ടര്‍ അമിത് മീണയും സംഘവും സ്വീകരിക്കും. തുടര്‍ന്ന് 10.30ന് തിരൂര്‍ ചമ്രവട്ടത്തിന് സമീപമുള്ള ഹോട്ടല്‍ റൗബ റസിഡന്‍സിയില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ജില്ലാ കളക്ടറും ജില്ലാതല ഉദ്യേഗസ്ഥരും വിശദീകരിക്കും. തുടര്‍ന്ന്, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ ഓഖി ബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. രാത്രി 10ന് സംഘം കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി തിരുവനന്തപുരത്തേക്ക് തിരിക്കും.
ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, ഡോ. ജെ. ഒ. അരുണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: