മലപ്പുറം: കാരുണ്യത്തിന് കൈത്താങ്ങാകാന്‍ കൊണ്ടോട്ടിയിലെ ബസുടമകളും ജീവനക്കാരും. കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ്തങ്ങള്‍ ഡയാലിസിസ് സെന്ററിനായാണ് മുന്‍വര്‍ഷത്തെപ്പോലെ ഈവര്‍ഷവും കാരുണ്യനിധി സമാഹരണം.
ബസ് ഉടമകളും ജീവനക്കാരും ഒത്തുചേര്‍ന്ന് വ്യാഴാഴ്ചത്തെ ബസ് ഓട്ടത്തിന്റെ വരുമാനവും ജീവനക്കാരുടെ വേതനവും യാത്രക്കാരില്‍ നിന്ന് ബക്കറ്റ് പിരിവിലൂടെ ലഭിക്കുന്ന പണവും സമാഹരിച്ച് ശിഹാബ്തങ്ങള്‍ ഡയാലിസിസ് സെന്ററിന് നല്‍കും. കൊണ്ടോട്ടി ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും ബസ് തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയും കഴിഞ്ഞ വര്‍ഷം ഒന്‍പത് ലക്ഷം രൂപ ഇങ്ങനെ സമാഹരിച്ച് നല്‍കിയിരുന്നു. പ്രദേശത്ത് 125 ഓളം സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇത്തവണ 13 ലക്ഷം സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി.കെ. റഫീഖ്, എന്‍. അബ്ദുല്‍ ഖാദര്‍, സി.പി. സാജിദ്, ഹംസ ഹാജി, എ.ടി. സൈതലവി, പി.കെ. മൊയ് തീന്‍, ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: