പൊന്നാനി: ക്രിസ്തുമസ് ആഘോഷത്തിന്റെ ക്ഷീണം, പുതുവത്സരത്തെ വരവേല്‍ക്കാനുള്ള ആവേശം അതിനിടെ കായലിലൊരു തോണിയാത്ര. പക്ഷേ അത് മരണത്തിലേക്കാകുമെന്ന് ആരും കരുതിയില്ല. സമീപത്ത് ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാണമെന്ന കുട്ടികളുടെ ആഗ്രഹം നിറവേറ്റാനാണ് മാപ്പിലാക്കല്‍ വേലായുധന്‍ തന്റെ തോണിയിറക്കിയത്. ഉല്ലാസയാത്ര ദുരന്തത്തിലേക്ക് വഴിമാറിയത് നിമിഷ നേരം കൊണ്ടാണ്. തോണിയിലെ ദ്വാരത്തിലൂടെ വെള്ളം കയറിയായിരുന്നു അപകടം. ആറുപേരുടെ ജീവന്‍ നരണിപ്പുഴ കവര്‍ന്നെടുത്തു.
പ്രസീന(13), ആദിദേവ്(6), വൈഷ്ണ(20), പൂജ(13), ജനിഷ(11), ആദിനാഥ്(14) എന്നിവരാണ് മരിച്ചത്. ിവഖി, ഫാത്തിമ എന്നീ രണ്ട് കുട്ടികള്‍ നീന്തി രക്ഷപ്പെട്ടു. വേലായുധന്‍ ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച വൈഷ്ണ വേലായുധന്റെ മകളും മറ്റ് രണ്ടുപേര്‍ സഹോദരന്റെ മക്കളുമാണ്.
നരണിപ്പുഴയിലെയും പനമ്പാടിലെയും കുട്ടികളാണ് മരിച്ചവര്‍. ഒന്‍പത് പേരാണ് തോണിയില്‍ ഉണ്ടായിരുന്നതെന്ന് പൊന്നാനി സിഐ ജോണി ചാക്കോ പറഞ്ഞു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്നവര്‍ കുട്ടികളെ കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും ചുമതലപ്പെടുത്തിയതായി കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. അപകട കാരണങ്ങളെക്കുറിച്ച് മൂന്നാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: