കൊച്ചി: കടലില്‍ കൂടുമത്സ്യ കൃഷി നടത്തുന്നതിനായി ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് ഉപഗ്രഹവിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് സിഎംഎഫ്ആര്‍ഐ (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്. യുവഗേഷകരെ പരിശീലിപ്പിക്കുന്നതിനായി 21 ദിവസം നീണ്ടുനിന്ന വിന്റര്‍ സ്കൂളിന്റെ സമാപന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് വഴി മത്സ്യ കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതോടൊപ്പം സുസ്ഥിരത ഉറപ്പു വരുത്താനും കഴിയും. കടലില്‍ വന്‍തോതില്‍ കൃഷി സംരംഭങ്ങള്‍ വരുമ്പോള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പരിപാലിക്കാന്‍ ഇത് സഹയകരമാകും.
മീന്‍പിടുത്ത മേഖല, നാവിക സഞ്ചാര പാത, നിയന്ത്രണ മേഖല എന്നിങ്ങനെയുള്ള കടലിലെ വിവിധ സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുതിനായി സ്പെഷ്യല്‍ മാപ്പിംഗിനും ഉപഗ്രഹ വിവരങ്ങള്‍ സിഎംഎഫ്ആര്‍ഐ ഉപയോഗിക്കും. കണ്ടല്‍വനങ്ങളുടെ മാപ്പിംഗ് നടത്തും.
കാര്‍ബണ്‍ വാതകങ്ങളുടെ വികിരണവുമായി ബന്ധപ്പെട്ട് സംയുക്ത പഠനം നടത്തുന്നതിന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് (ഐഎസ്ആര്‍ഒ) കീഴിലുള്ള ഹൈദരാബാദ് ആസ്ഥാനമായ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററുമായി സിഎംഎഫ്ആര്‍ഐ ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്. ഉപഗ്രഹ വിവരങ്ങള്‍ മത്സ്യമേഖലയില്‍ ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്താമെന്നതിന്റെ വിശദ ചര്‍ച്ചകള്‍ ജനുവരി 15 മുതല്‍ 17 വരെ കൊച്ചിയില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര സഫാരി സമ്മേളനത്തില്‍ നടത്തും.
വിന്റര്‍ സ്കൂളില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ത്രിപുര, ആന്‍ഡമാന്‍, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും അധ്യാപകരുമായ 22 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. സമാപന സംഗമത്തില്‍ ഡോ എന്‍. ആര്. മേനോന്, ഡോ ടി. വി. സത്യാനന്ദന്, ഡോ കെ. ജി. മിനി, കോഴ്സ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സന്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: