2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കറന്‍സി നിരോധനം ഈ നാടിന്റെ സാമ്പത്തിക ഭദ്രതക്കും കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തടയുന്നതിനും വേണ്ടിയുള്ള നടപടിയായിരുന്നു. രാജ്യസ്‌നേഹപരമായി എടുത്ത തീരുമാനം ജനങ്ങളില്‍ എത്തിക്കേണ്ട ചുമതലയുള്ള ദേശസാല്‍കൃത ബാങ്കുകള്‍ ഈ പദ്ധതിയെ ഏറ്റവും വികൃതമാക്കി ജനങ്ങളില്‍ എത്തിക്കുകയാണുണ്ടായത്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ചിട്ട് പുതുതായി ഇറക്കിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ജനങ്ങളില്‍ എത്തുന്നതിനും മുമ്പുതന്നെ ചില കള്ളപ്പണക്കാരുടെ കൈകളില്‍ എത്തിച്ച് ഈ പദ്ധതിയുടെ സത്യസന്ധതക്ക് അവര്‍ കളങ്കം വരുത്തി.
സാധാരണക്കാരായ ജനങ്ങള്‍ അവരുടെ ചെറിയ തുകകള്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിക്കുന്നതിന് ദിവസങ്ങളോളം ക്യൂവില്‍നിന്ന് വലഞ്ഞു. രണ്ടായിരം രൂപാ നോട്ടുകള്‍ ബാങ്കിന്റെ പിന്‍വാതിലിലൂടെ സമ്പാദിച്ചവര്‍ നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കച്ചവടം നടത്തി പണം ഉണ്ടാക്കി. ഇപ്രകാരം സമ്പാദിച്ച നിരോധിച്ച നോട്ടുകള്‍ ഉയര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിന്‍വാതിലിലൂടെ അക്കൗണ്ടുകളില്‍ എത്തിക്കുന്നു. അടുത്ത സമയത്ത് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നതില്‍ 99 ശതമാനം നിരോധിച്ച നോട്ടുകളും ബാങ്കില്‍ തിരികെയെത്തിയെന്ന് കാണിക്കുന്നു. പക്ഷേ ഇപ്പോഴും നിരോധിച്ച നോട്ടുകള്‍ കച്ചവടം നടത്തുന്ന കള്ളപ്പണക്കാര്‍ ധാരാളമുണ്ട്. അവരുടെ കൈവശമുള്ള കോടിക്കണക്കിന് രൂപയുടെ നിരോധിച്ച നോട്ടുകള്‍ വെറും ഒരു ശതമാനത്തില്‍പ്പെടുന്നതാണോ? തീര്‍ച്ചയായും അല്ല. അപ്പോള്‍ റിസര്‍വ് ബാങ്കിന്റെ ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം നടപടി പരാജയപ്പെട്ടുവെന്ന് കാണിക്കാനല്ലേ?
ഇതൊക്കെ കൊട്ടിഘോഷിക്കാന്‍ കുറെ ചാനലുകാരും തയ്യാറായി. നിരോധിച്ച നോട്ടുകള്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അക്കൗണ്ടുകളില്‍ കയറ്റിയില്ലെങ്കില്‍ ആ നോട്ടുകള്‍ക്ക് അച്ചടിച്ച കടലാസിന്റെ വിലപോലും ലഭിക്കുകയില്ല. അപ്പോള്‍ കോടിക്കണക്കിന് നിരോധിച്ച നോട്ടുകള്‍ ഇപ്പോഴും കൈവശം വച്ചുകൊണ്ടിരിക്കുന്ന കള്ളപ്പണക്കാരുടെ ധൈര്യമെന്താണ്? നിരോധിച്ച നോട്ടുകള്‍ ഇനിയും അക്കൗണ്ടുകളില്‍ കടത്താന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സാധിക്കുമെന്ന് അവര്‍ക്ക് നിശ്ചയമുണ്ട്.
നോട്ടുനിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ച മറ്റൊരു കാര്യം ജനങ്ങള്‍ക്ക് ബാങ്കുകളിലെ വിശ്വാസം ഉറപ്പിക്കുക എന്നതും, കറന്‍സിരഹിത വ്യവഹാരത്തിന് അവരെ സജ്ജരാക്കുക എന്നതും ആയിരുന്നു. പക്ഷേ ബാങ്കുകളുടെ പ്രവര്‍ത്തനം ഇതിന് വിപരീതമായ അനുഭവമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ബാങ്കുകളുടെ സേവനത്തിന് ഉണ്ടായിരുന്ന കമ്മീഷന്‍ കുത്തനെ ഉയര്‍ത്തിക്കൊണ്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ അതില്‍നിന്നും പിന്തിരിപ്പിക്കുന്ന പ്രവണതയാണ് കാണുന്നത്. ഒരുതവണ തെറ്റിച്ച് കാര്‍ഡ് ഉപയോഗിച്ചാല്‍ 23-60 രൂപ ചാര്‍ജ് ഈടാക്കുന്നു. ഈ ചാര്‍ജ് ഈടാക്കല്‍ ചിലപ്പോള്‍ മൂന്നും നാലുംതവണ ഒരുദിവസംതന്നെ ഉണ്ടായതായും കാണുന്നു. നമ്മുടെ അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന്റെ പലിശ മാത്രം കണക്കാക്കിയാല്‍ 23.60 രൂപ ചാര്‍ജ് ഈടാക്കേണ്ട ആവശ്യമില്ല.
പഴയകാലത്ത് ബാങ്കിങ് മേഖലയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയേ പണമിടപാടുകള്‍ നടത്തിയിരുന്നുള്ളൂ. രണ്ടുമണിക്കു ശേഷമുള്ള സമയം മുഴുവനും അന്നന്നത്തെ വ്യവഹാരങ്ങള്‍ എഴുതിക്കൂട്ടാനും, പണവും ബാലന്‍സും ടാലിയാക്കാനുള്ള സമയമായിരുന്നു. പക്ഷേ കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവത്തോടെ കണക്കുകള്‍ വളരെ വേഗത്തില്‍ ചെയ്തുതീര്‍ക്കുന്നതുകൊണ്ട് പണമിടപാടുകള്‍ മൂന്നര മണിവരെ നടത്തുന്നതിന് സാധിക്കുന്നു. അടുത്തിടെ വന്ന ഒരു പരിഷ്‌കാരത്തിലൂടെ ബാങ്ക് ജീവനക്കാര്‍ക്ക് മാസം രണ്ട് ശനിയാഴ്ചകള്‍ പൂര്‍ണ അവധി കൊടുക്കുകയും, മറ്റ് രണ്ട് ശനിയാഴ്ചകള്‍ പൂര്‍ണ ജോലിദിവസങ്ങളാക്കുകയും ചെയ്തത് ബാങ്ക്ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്നു. ബാങ്കിന്റെ ഉപഭോക്താക്കളെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ പരിഷ്‌കാരം.
എല്ലാ ആളുകള്‍ക്കും ബാങ്കിടപാടുകള്‍ നടത്താന്‍ ഏറ്റവും സൗകര്യപ്രദമായ ദിവസം ശനിയാഴ്ചയായിരുന്നു. പക്ഷേ രണ്ട് ശനിയാഴ്ചകള്‍ അവധിയാക്കിയതിലൂടെ സാധാരണ ഉപഭോക്താവിന് നല്‍കിയ ്രപഹരമായിരുന്നു അത്. ശനിയാഴ്ചകളില്‍ ബാങ്കില്‍ ഓടിയെത്തുന്ന ഉപഭോക്താവിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ബാങ്കുകള്‍ നടത്തുന്നത് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ രീതിയിലായിരിക്കണം. ഇന്നത്തെ ദേശസാല്‍കൃത ബാങ്കുകളിലെ പ്രവര്‍ത്തനരീതി കണ്ടാല്‍ അവര്‍ സ്വകാര്യ ബാങ്കുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് തോന്നും.
ഒരു രാജ്യം സാമ്പത്തികമായി മുന്നേറുമ്പോള്‍ അവിടുത്തെ ബാങ്കുകള്‍ കുറെക്കൂടി ജനവികാരങ്ങളെ മാനിച്ചുകൊള്ളണം, അല്ലാതെ ബാങ്കുകള്‍ക്ക് കൂടുതല്‍ അവധി ദിവസങ്ങള്‍ നല്‍കുകയല്ല വേണ്ടത്. ഈ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ മുപ്പത് ദിവസത്തില്‍ 12 അവധി ദിവസങ്ങളായിരുന്നു ബാങ്കുകള്‍ക്ക്. ഇത് നാടിന്റെ സാമ്പത്തിക പുരോഗതിയെ പിറകോട്ടടിക്കുന്ന പരിഷ്‌കാരമാണ്.
















