കൊച്ചി: ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ ജില്ലയിലെ കെഎസ്ആര്‍ടിസി സ്റ്റാന്റിലുള്ള കടകളിലേക്ക് ഇനിയുമെത്തിയിട്ടില്ല. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന സ്റ്റാന്‍ഡുകളില്‍ ഇതിനാല്‍ ഭക്ഷണപാനീയങ്ങളിലെ വ്യാജന്മാരും വ്യാപകമായിരിക്കുകയാണ്. പരിശോധനകള്‍ ഇല്ലാതായതോടെ കടകളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പനങ്ങളുടെ ഗുണനിലവാരവും കുറഞ്ഞെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനകള്‍ നഗരസഭാ പ്രദേശങ്ങള്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു.
ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഞ്ഞപിത്തം കണ്ടെത്തിയ സാഹചര്യത്തില്‍ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരെത്തുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ പരിശോധനയുടെ അഭാവം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. ഇതിന് പുറമേയാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരും കടന്നു കൂടിയിരിക്കുന്നത്. യാത്രയ്ക്കിടെ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തുന്ന അഞ്ച് മിനിറ്റിനിടയിലാണ് പലരും വെള്ളവും മറ്റും വാങ്ങാനായി പുറത്തിറങ്ങുന്നത്. ധൃതിക്കിടെ വാങ്ങിയ ഉല്‍പ്പനത്തിന്റെ പേര് ശ്രദ്ധിച്ച് നോക്കാനും മറക്കും. വെള്ളം കുടിച്ച ശേഷം തോന്നുന്ന രുചി വ്യത്യാസത്തെ തുടര്‍ന്നാകും പലരും പേര് ശ്രദ്ധിക്കുന്നത്. കുട്ടികള്‍ക്കായി വാങ്ങി കൊടുക്കുന്നവ ഇത്തരത്തിലുള്ള ശ്രദ്ധ പോലും കിട്ടാതെ പോകുന്നുമുണ്ട്.
ബോട്ടില്‍ വെള്ളത്തിലും, പായ്ക്കറ്റ് ഫുഡിലുമാണ് വ്യാജന് ഏറെയുള്ളത്. ഇതിന് പുറമേ ചില സ്വകാര്യ ബസ്സ്റ്റാന്‍ഡുകളിലും ഇവയുടെ വില്‍പ്പനയുണ്ട്. ദീര്‍ഘദൂര യാത്രക്കാരാണ് തട്ടിപ്പിന് ഏറെയും ഇരയാകുന്നത്. എംആര്‍പിയേക്കാള്‍ ഉയര്‍ന്ന തുക നല്കി അനാരോഗ്യം വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് യാത്രക്കാര്‍. നിലവിലെ സോഫ്റ്റ് ഡ്രിങ്കുകള്‍ പോലും അനാരോഗ്യം ക്ഷണിച്ച് വരുത്തുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് വ്യാജന്മാര് പെരുകുന്നത്. സംസ്ഥാനത്ത് യാതൊരുവിധ ഭക്ഷ്യസുരക്ഷാ പരിശോധനയും ഇവയ്ക്കെതിരെ നടത്തുന്നില്ലെന്നും പരാതിയുണ്ട്. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: