കേന്ദ്രസേനയിലെ പതിനെട്ടുവര്ഷത്ത സേവനത്തിനുശേഷം നാട്ടിലെത്തിയ അരുണ്‍ദേവ് മനസ്സിലുറപ്പിച്ച തീരുമാനമാണ് ഇന്ന് അദ്ദേഹത്തെ ഒരു മാതൃകാ ക്ഷീരകര്‍ഷകനാക്കി മാറ്റിയിരിക്കുന്നത്. പശുവളര്‍ത്തല്‍ ആരംഭിക്കുവാനെടുത്ത തീരുമാനം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ സംതൃപ്തി നല്‍കുന്നുണ്ട്. പാരമ്പര്യമായി പശുവളര്‍ത്തിയിരുന്ന തറവാട്ടുമുറ്റത്തു നിന്നും 2008 ലാണ് ബാലരാമപുരം കിഴക്കേവീട്ടില്‍ ആര്.ജി. അരുണ്‍ദേവ് ഈ യാത്ര ആരംഭിച്ചത്.
ഇന്ന് വിവിധയിനത്തില്‍പ്പെട്ട എഴുപതിലധികം പശുക്കളുമായി പ്രവര്‍ത്തിക്കുന്ന നന്ദിനി ഫാമിന്റെ ആരംഭം പത്തു പശുക്കളുമായിട്ടായിരുന്നു. ആരംഭകാലത്ത് ക്ഷീരവികസന വകുപ്പില്‍ നിന്നും ലഭിച്ച പിന്തുണയാണ് ഈ കര്‍ഷകനെ ഇന്നത്തെ നിലയിലെത്തിച്ചത്. മില്‍ക്ക് ഷെഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തമിഴ്നാട്ടില്‍ നിന്നും 35,000 വീതം വിലയുളള പത്തു പശുക്കളെ വാങ്ങാനായി. തൊഴുത്തു നിര്‍മ്മാണത്തിനായി ചെലവാക്കിയ അഞ്ചുലക്ഷത്തില്‍ മുക്കാല്‍ ലക്ഷം സബ്സിഡിയായി ലഭിച്ചു.
ഹോള്‍സ്റ്റിന്‍ പ്രീഷ്യന്, ബ്രൗണ്‍ സ്വിസ്, ജേഴ്സി, എച്ച്എഫ്, ഗിര്‍, സഹിവാള്‍, വെച്ചൂര്‍, തുടങ്ങി വ്യത്യസ്ത ഇനങ്ങളില്‍പെട്ട പശുക്കളുടെ നീണ്ടനിരയാണിപ്പോള്‍ നന്ദിനി ഫാമിലുള്ളത്. മൂന്നുലിറ്റര്‍ മാത്രം പാലുള്ള വെച്ചൂരും, 20-22 ലിറ്റര്‍ തരുന്ന എച്ച്എഫും ഉള്‍പ്പടെ ഫാമില്‍ 400 ലിറ്റര്‍ പാലളക്കുന്നു. തന്റെ മൂന്നരയേക്കര് സ്ഥലത്ത് വീടിനുചുറ്റുമായാണ് എല്ലായ്പ്പോഴും വെളിച്ചവും വായുവും കടക്കുന്ന തരത്തിലുള്ള ആധുനിക സൗകര്യങ്ങളോടും കൂടിയ തൊഴുത്തുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കറവസമയത്ത് പാട്ടുകേള്പ്പിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ അഞ്ച് മണിക്ക് കറവ ആരംഭിക്കും. യന്ത്രസഹായത്താല്‍ ഒരു പശുവിന്റെ കറവക്കായി ഏഴു മിനിട്ട് മാത്രമാണെടുക്കുന്നത്. പ്രാദേശികമായി 50 രൂപയ്ക്കാണ് പാല് വിതരണം. ബാക്കി വരുന്നത് 35 രൂപ നിരക്കില്‍ മില്‍മയ്ക്ക് കൊടുക്കുന്നു. തലയല്‍ ക്ഷീരസഹകരണസംഘം പ്രസിഡന്റ് കൂടിയാണ് അരുണ്‍ദേവ്.
പ്രസവിച്ച ഉടന്‍തന്നെ കന്നുകുട്ടികളെ തള്ളയുടെ അടുത്തു നിന്നും മാറ്റും, ആദ്യപാല്‍ ഉള്‍പ്പെടെ കറന്ന് കുട്ടിയെ കുടിപ്പിക്കും. ഇങ്ങനെ ചെയ്യുന്നതിനാല്‍ ഓരോ പശുവിന്റെയും പാലിന്റെ അളവ് കൃത്യമായി മനസ്സിലാക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. വീടിനുചുറ്റും 11 ഏക്കറോളം നേപ്പിയര്‍, സിഒ3, സിഒ4, സുഗുണ തുടങ്ങി അത്യുല്‍പ്പാദന ശേഷിയുള്ള തീറ്റപ്പുല്ലുകള്‍ കൃഷിചെയ്തിട്ടുമുണ്ട്. സുഹൃത്തുവഴി സംഘടിപ്പിച്ച സൗദി അറേബ്യന്‍ ഇനമായ ചുവന്ന തണ്ടുള്ള ഒട്ടകപ്പുല്ലാണ് ഇക്കൂട്ടത്തിലെ മാസ്റ്റര്‍പീസ്. ഗാന്ധി സ്മാരകനിധിയുടെ സഹായത്തോടെ നാല് ഗോബര്‍ഗ്യാസ് ടാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. വീട്ടാവശ്യത്തിനായുള്ള മുഴുവന്‍ ഗ്യാസും ഇതില്‍ നിന്നും ലഭിക്കുന്നു. പശുക്കളെ കൂടാതെ സിരോഹി, ബീറ്റല്‍, മലബാറി ഇനങ്ങളില്‍പ്പെട്ട ആടുകളും, മുട്ടക്കോഴികളും കരിങ്കോഴികളും താറാവുകളും അരുണ്‍ദേവിന്റെ ഫാമിലുണ്ട്.
രാജപാളയം, മിനിയേച്ചര്‍, ബുള്‍മാസ്റ്റിഫ്, ലാബ്രഡോര്‍ തുടങ്ങി വിവിധയിനത്തില്‍പ്പെട്ട വളര്‍ത്തുനായ്ക്കളെയും പരിപാലിച്ചുവരുന്നു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിയും വീട്ടുവളപ്പില്‍ കൃഷിചെയ്യുന്നു. ഒരു ദിവസം 10000 രൂപ ഫാമിനുവേണ്ടി ചെലവാകുന്നുണ്ട്. അരുണ്‍ദേവും രണ്ടു പണിക്കാരും റിട്ട. അധ്യാപികയായ ഭാര്യ ഉഷാകുമാരിയും പ്രായം നൂറോടടുക്കുന്ന അച്ഛന് ഗംഗാധരന് നായരും ഇവിടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
മക്കളായ ഡോ. രാജേഷും ഡോ.അഞ്ജലിയും വെറ്റിനററി പഠനം പൂര്‍ത്തിയാക്കി. ഇവരുടെ മേല്‍നോട്ടത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യപരിപാലനവും ശ്രദ്ധയോടെ നടക്കുന്നു.
എന്നാല്‍ തീറ്റപ്പുല്‍ക്കൃഷി ചെയ്യാനുള്ള സ്ഥലക്കുറവും കാലിത്തീറ്റക്കുണ്ടാകുന്ന വിലവര്‍ദ്ധനയും ചെറുകിട ക്ഷീരകര്‍ഷകരെ ഈ രംഗത്തുനിന്നും മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പകുതി വിലയ്ക്കെങ്കിലും കാലിത്തീറ്റ ലഭ്യമാക്കിയാല്‍ കര്‍ഷകരെ പിടിച്ചുനിര്‍ത്താനാകുമെന്നും അധികൃതരുടെ ശ്രദ്ധ പതിഞ്ഞാല്‍ ധാരാളം ആളുകള്‍ ഈ രംഗത്തേക്ക് എത്തുമെന്നും ഇദ്ദേഹം പറയുന്നു.
പുതുസംരംഭകരെ പ്രോത്സഹിപ്പിക്കുന്ന അരുണ്‍ദേവിന്റെ ഫാം നിരവധിയാളുകള്‍ സന്ദര്‍ശിക്കാറുണ്ട്. ക്ഷീരവികസന വകുപ്പില്‍ നിന്നും ഏറെ പ്രോത്സാഹനങ്ങളും ലഭിക്കുന്നു.
അനവധി പ്രശ്നങ്ങളുടെ ഇടയിലും പുതുതലമുറയ്ക്കു മുന്നില്‍ കഠിനാധ്വാനത്തിലൂടെ ജീവിതവിജയം നേടുകയാണ് 54 കാരനായ അരുണ്‍ദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: