ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആന ഇടഞ്ഞ് അപകടങ്ങള്‍ വരുത്തുന്നത് പതിവായിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഈ അടുത്ത ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ ശിവേലിക്കിടെ ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നിരിക്കുന്നു! എന്നിട്ടും ഇപ്പോഴും ക്ഷേത്രങ്ങളില്‍ ആനപ്പുറത്ത് ദേവീദേവന്മാരെ എഴുന്നള്ളിപ്പിക്കുന്നതു കാണുമ്പോള്‍ പലയാവൃത്തി പല മഹത് വ്യക്തികളും പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കാതിരിക്കാന്‍ കഴിയുന്നില്ല.
ആന ഒരു കാട്ടുമൃഗമാണ്. കാട്ടില്‍നിന്ന് ചതിപ്രയോഗത്തിലൂടെ പിടിച്ചുകൊണ്ടുവന്ന് അതിക്രൂരമായി പതംവരുത്തിയിട്ടാണ് മനുഷ്യന്‍ അവയെ ആജ്ഞാനുവര്‍ത്തികളാക്കുന്നത്. അതുകൊണ്ടൊന്നും ആനകളുടെ സ്വഭാവത്തിന് ഒരു മാറ്റവും വരാന്‍ പോകുന്നില്ല. നേരിടേണ്ടിവരുന്ന ക്രൂരപീഡനങ്ങള്‍ ഓര്‍ത്താണ് ആ പാവം ജീവി മനുഷ്യന്റെ എല്ലാ ആജ്ഞകള്‍ക്കും വഴങ്ങി നടക്കുന്നത്.
അളമുട്ടിയാല്‍ ചേരയും കടിക്കും എന്നുപറഞ്ഞപോലെ സഹികെടുമ്പോള്‍ മാത്രമാണ് ആന ആക്രമണകാരിയാകുന്നത്.മണിക്കൂറുകളോളം കൈകാലുകള്‍ ബന്ധിച്ച് നട്ടുച്ച നേരത്തെ ചൂടില്‍ അമ്പലത്തിന്റെ തിരുമുറ്റത്തും തെരുവുകളിലും മനുഷ്യനെ നിര്‍ത്തിയാല്‍ മനുഷ്യനും പ്രതികരിക്കില്ലേ? ഇതുമാത്രമാണ് ആനയും ചെയ്യുന്നത്. ഇതിന് നമ്മള്‍ അതിനെ മയക്കുവെടിവച്ച് തളച്ചിടുന്നു. ഇത് ആ സാധു ജീവിയോട് കാട്ടുന്ന ക്രൂരതയല്ലേ?
ഇനിയെങ്കിലും ആനകളെ ഇത്തരം ദുര്യോഗങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ ക്ഷേത്ര ഭരണാധികാരികളും തന്ത്രിമാരും തീരുമാനിക്കണം. അങ്ങനെ ചെയ്താല്‍ അത് കാട്ടില്‍ വളരേണ്ട ആനയോടു ചെയ്യുന്ന വലിയ പുണ്യമായിരിക്കും. അല്ലാത്തപക്ഷം ഇനിയും നമ്മുടെ ക്ഷേത്രാങ്കണങ്ങളില്‍ ആന കുത്തിയും ചവിട്ടിയരച്ചും നിരപരാധികള്‍ മരണപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിക്കേണ്ടിവരും. പിന്നെ ആരും വിലപിച്ചിട്ടു കാര്യമില്ല.
കണ്ണോളി സുനില്‍,
തേലപ്പിള്ളി, തൃശൂര്‍
















