കാക്കനാട്: കൊച്ചി മെട്രോയ്ക്കായി വൈറ്റില-പേട്ട റൂട്ടില്‍ സ്ഥലം ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചിട്ടും ഭൂരിപക്ഷം ഭൂവുടമകളും സമ്മതപത്രം നല്കാന് താല്പര്യം കാണിക്കുന്നില്ല. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഒറിജിനല്‍ ആധാരവും മറ്റ് രേഖകളും ശനിയാഴ്ചക്കകം വൈറ്റില ലാന്റ് അക്വിസേഷന്‍ എന്‍എച്ച് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസില്‍ ഹാജരാക്കാന്‍ ഭൂവുടമകള്‍ക്ക് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഒറിജിനല്‍ ആധാരവും മറ്റ് രേഖകളും കൈമാറി സ്ഥലം വിട്ടുകിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെച്ച് ഏറ്റെടുക്കുമെന്ന് ഭൂവുടമകളെ അറിയിച്ചിരുന്നു. സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ആലോചന.
മെട്രോ വൈറ്റില-പേട്ട റൂട്ടില്‍ 80 ഭൂവുടമകളില്‍ നിന്ന് 75.71 ആര് സ്ഥലം ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടകം 30 ഭൂവുടമകളാണ് സമ്മത പത്രം നല്‍കിയത്.
സെന്റിന് ശരാശരി 15 ലക്ഷത്തിന് മുകളില്‍ വില നിശ്ചയിച്ചിട്ടും ഭൂവുടമകള്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് ഉദ്യോഗസ്ഥരെ വിഷമത്തിലാക്കി. സ്ഥല വില അംഗീകരിക്കുന്ന ഭൂവുടമകളോട് സമ്മതപത്രം നല്‍കണമെന്ന് ജില്ലാഭരണകൂടം പലവട്ടം നിര്‍ദേശിച്ചിരുന്നു.
വൈറ്റില-പേട്ട റോഡ് വികസനത്തിനായി ആദ്യഘട്ടം 110 ഭൂവുടമകള്‍ ഭൂമി വിട്ടുനല്‍കിയതാണ്. ഇവര്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കിക്കഴിഞ്ഞു. പൊന്നുംവില പ്രകാരം പഴയ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ചാണ് സ്ഥലം ഏറ്റെടുത്തത്.
2013ലെ ഭൂമിയേറ്റെടുക്കല്‍, പുനരധിവാസ(ലാന്‍ഡ് അക്വിസേഷന്‍, റീഹാബിറ്റേഷന് ആന്‍ഡ് റീസെറ്റില്‍മെന്റ്-ലാഡ)നിയമമനുസിരിച്ച് സംസ്ഥാനത്ത് ആദ്യത്തെ സ്ഥലമെടുപ്പാണ് മെട്രോ റെയില്‍ പദ്ധതിയുടെ വൈറ്റില-പേട്ട റൂട്ടിലേത്. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും ഏറ്റെടുക്കല്‍ നടപടികളും ഒഴിവാക്കി ഭൂവുടമകളുമായി ചര്‍ച്ച നടത്തി നിലവിലുള്ള മാര്‍ക്കറ്റ് വിലയനുസരിച്ച് വിലനിശ്ചയിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതനുസിച്ച് പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സാമൂഹിക പ്രത്യാഘാത പഠനം നടത്തി റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു.
തുടര്‍ന്ന് ഭൂമിയേറ്റെടുക്കാന്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് ജില്ലാ ഭരണകൂടം സ്ഥല വില നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: