പള്ളുരുത്തി: ഓഖി ദുരന്തത്തെതുടര്‍ന്ന് കാണാതായവരെ തിരയുന്നതിനായി പോയ ബോട്ടുകളും കപ്പലുകളും തിരിച്ചെത്തിയതോടെ തീരത്ത് ആശങ്ക. മൂന്നു ബോട്ടുകളെക്കുറിച്ചും 30 തൊഴിലാളികളെക്കുറിച്ചും ഇനിയും വിവരം ലഭിക്കാത്തതാണ് ആശങ്കയ്ക്ക് കാരണം.
അന്ന, മാത-2, സൈമ സൈബ എന്നീ ബോട്ടുകളും 30 തൊഴിലാളികളെ കുറിച്ചുമാണ് അറിവില്ലാത്തത്. 14 ബോട്ടുകള്‍ മുങ്ങുകയും തകരുകയും ചെയ്തതായി രക്ഷപ്പെട്ട് എത്തിയ മറ്റു ബോട്ടുകളിലെ തൊഴിലാളികള്‍ അറിയിച്ചിരിന്നു. ഈ ബോട്ടിലെ തൊഴിലാളികളെ കുറിച്ചും യാതൊരു വിവരവുമില്ല. കടല്‍ അരിച്ച് പെറുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നു് ഉറ്റവരെയും പ്രതീക്ഷിച്ച് ഇരുന്നവര്‍ അന്വോഷണ ബോട്ടുകള്‍ തിരിച്ചെത്തിയതോടെ കൂടുതല്‍ ആശങ്കയിലായി.
ഈ മാസം 19 ന് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പുറപ്പെട്ട മത്സ്യകുമാരി എന്ന ചെറുകപ്പല്‍ ഉള്‍പ്പെടെയുള്ള 25 ബോട്ടുകളും ഈ മാസം നാലിന് ലോംഗ് ലൈന്‍ ബോട്ട് ആന്റ് ഗില്‍ നെറ്റ്ബയിംഗ് എജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോയ പത്ത് ബോട്ടുകളുമാണ് ഇന്നലെ തിരിച്ചെത്തിയത്. ഇരു സംഘങ്ങളും നടത്തിയ തിരച്ചലില്‍ ആറ് ബോട്ടുകളും അതിലെ 63 തൊഴിലാളികളെയും കൊച്ചിയില്‍ എത്തിക്കാനായി. ഇതിന് പുറമെ രണ്ട് മൃതദേഹങ്ങളും, രണ്ട് വള്ളങ്ങളും കണ്ടെത്തി. മൃതദേഹങ്ങള്‍ അഴീക്കലിലും വള്ളങ്ങള്‍ ബേപ്പൂരും ഏല്‍പ്പിച്ചു. കൂടാതെ ഒരു ബോട്ട് രണ്ട് ഭാഗമായി തകര്‍ന്നു കിടക്കുന്നതും കണ്ടെത്തി.
സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോയ ബോട്ടുകളും ചെറുകപ്പലും 150 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തിരച്ചില്‍ നടത്തിയത്. ആദ്യം പോയ പത്ത് ബോട്ടുകള്‍ തിരച്ചില്‍ നടത്തിയത്. 280 നോട്ടിക്കല്‍ മൈല്‍ അകലെയുമാണ്. എന്നാല്‍ ഓഖി ദുരിതത്തിന് ശേഷം കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടേയും നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കൂടുതല്‍ അന്വേഷണത്തിനായി തൊഴിലാളികളുടെ സംഘത്തെ നിയോഗിക്കുകയായിരുന്നു . എന്നാല്‍ മൃതദേഹങ്ങള്‍ കൊണ്ട് വരാനുള്ള സജീകരണങ്ങള്‍ ഇല്ലാത്ത കപ്പല്‍ ഇല്ലായിരുന്നതിനാല്‍ കൂടുതല്‍ സൗകര്യമുള്ള കപ്പല്‍ രണ്ടാം ഘട്ടം നിയോഗിക്കുകയായിരുന്നു. 250 നോട്ടിക്കല്‍ മൈല്‍ അകലെ വരെയാണ് ഈ കപ്പലും തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് മോര്‍ച്ചറി സംവിധാനങ്ങളുള്ള കപ്പലുകള്‍ പുറപ്പെടുകയായിരുന്നു.
നേവിയെ കൂടാതെ സിഎംഎഫ്ആര്‍ഐയുടെ ഒരു കപ്പലും തിരച്ചിലിനായി പോയിരുന്നുവെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: