കാക്കനാട്: ട്രഷറി നിയന്ത്രണത്തില്‍ കുടുങ്ങി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം അവതാളത്തില്‍. ത്രിതല പഞ്ചായത്തുകളുടെ 42 കോടിയുടെ ബില്ലുകളാണ് ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത്. ഡിസംബര്‍ 31നകം 70 ശതമാനം പദ്ധതി തുക ചെലവഴിക്കണമെന്ന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് ട്രഷറി നിയന്ത്രണം.
ത്രിതല പഞ്ചായത്തുകളില്‍ ഇതുവരെ പദ്ധതി പണം ചെലവഴിക്കാനായത് വെറും 29.06 ശതമാനമാണ്. ട്രഷറിയില്‍ ബില്ലുകള്‍ മാറാതെ കെട്ടിക്കിടക്കുന്ന 7.6 ശതമാനം കൂടി ചെലവഴിച്ചതില്‍ ഉള്‍പ്പെടുത്തിയാല്‍ 36.7 ശതമാനത്തിലേക്ക് എത്തുമെന്നാണ് ആസൂത്രണ സമിതിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഡിസംബര്‍ 31നകം 50 ശതമാനത്തിലേക്ക് പോലും പദ്ധതി തുക വിനിയോഗം എത്തില്ല. ട്രഷറി നിയന്ത്രണത്തിന് പുറമെ മരാമത്ത് പ്രവൃത്തികള്‍ക്കുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും സ്ഥിതി കൂടുതല്‍ വഷളാക്കി.
കൊച്ചി കോര്പ്പറേഷന് ഇതുവരെ 26 ശതമാനവും ജില്ലാ പഞ്ചായത്ത് 12.49 ശതമാനവുമാണ് ചെവഴിച്ചത്. മുനിസിപ്പല്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ പദ്ധതി പണം ചെലവഴിച്ചതിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ ഒരു മാസം മുമ്പ് നടത്തിയ പദ്ധതി അവലോകനത്തില്‍ 15 ബ്ലോക്ക് പഞ്ചായത്തുകള്‍ 22 ശതമാനവും 88 ഗ്രാമ പഞ്ചായത്തുകളില്‍ 21 ശതമാനവും തുക മാത്രമാണ് ചെലവഴിച്ചത്. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ 70 ശതമാനം തുക വിനിയോഗിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
111 തദ്ദേശ സ്ഥാപനങ്ങളിലായി 20,000ത്തിലേറെ പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി ആദ്യഘട്ടത്തില്‍ അംഗീകാരം നല്‍കിയത്. മൊത്തം പദ്ധതി തുക വിനിയോഗം പരാവധി 70 ശതമാനത്തില്‍ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ ആസൂത്രണ സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: