മട്ടാഞ്ചേരി: പുതുവത്സരമെത്താന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചി ഉത്സവലഹരിയിലായി. പൈതൃക-ടൂറിസം നഗരിയായ ഫോര്‍ട്ടുകൊച്ചിയും തീരദേശവും കാര്‍ണിവല്‍ ആഘോഷത്തിലാണ്. പത്ത് ദിവസം വിവിധ പരിപാടികളുമായി നടക്കുന്ന കാര്‍ണിവല്‍ പുതുവത്സരദിനത്തില്‍ നടക്കുന്ന റാലിയോടെയാണ് സമാപിക്കുന്നത്. 31 ന് അര്‍ദ്ധരാത്രിയില്‍ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് 30 അടി ഉയരമുള്ള പപ്പയെ കത്തിക്കുന്നതാണ് ഏറ്റവും വിശേഷപ്പെട്ട ചടങ്ങ്.
ഇന്നലെ ഫോര്‍ട്ടുകൊച്ചിയില്‍ ഏറ്റവും വലിയ ക്രിസ്മസ് കേക്ക് നിര്‍മ്മിച്ച് പുതുവത്സരാഘോഷത്തെ വരവേറ്റു. 23 ന് വെളി പള്ളത്തുരാമന്‍ മൈതാനിയില്‍ ചവിട്ടുനാടകവും റോഡ് അലങ്കാര ഉല്‍ഘാടനവും നടക്കും. 24 ന് രാവിലെ ദീര്‍ഘ ദൂര സൈക്കിള്‍ ഓട്ട മത്സരം, വൈകിട്ട് മെഹന്തി മത്സരവും ഗാനമേളയും, 25 ന് രാവിലെ രംഗോലി-കോലം വരയ്ക്കല്‍ മത്സരം, കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ ഗാനമേള, നാടകം എന്നിവയും ഉണ്ടാകും. 26 ന് കുട്ടികളുടെ ചിത്രരചനാ മത്സരം, സംസ്ഥാനഗാട്ടാ ഗുസ്തി മത്സരം, സുനാമി സ്മൃതി എന്നിവയാണ്.
27ന് നൃത്ത മത്സരങ്ങള്‍, കളരിപ്പയറ്റ് പ്രദര്‍ശനം പാശ്ചാത്യസംഗീതം: കരോക്കെ ഗാനമേള. 28 ന് നീന്തല്‍ മത്സരം, പാശ്ചാത്യ സംഗീതം. 29 ന് കാറ്റ് ബൈല്‍റ്റ് മത്സരം, സ്ലീംഗ്ഷോട്ട്. ബാന്റ് വദ്യാഘോഷം റോക്ക് ഷോ, ഡിജെ. 30 ന് തേക്കുട്ടകളി മത്സരം, പഞ്ചഗുസ്തി മത്സരം, സംസ്ഥാന കുറാഷ് മത്സരം, ബീച്ച് മോട്ടോര്‍ ബൈക്ക് റെയ്സ്, ഡബിള്‍ കയാക്കിംഗ് റോക്ക് ഷോ. ഫാഷന്‍ഷോ. 31ന് ദീര്‍ഘദൂര ഓട്ടമത്സരം. രാത്രി പപ്പയെ കത്തിച്ച് പുതുവത്സരത്തെ വരവേല്‍ക്കും. ജനുവരി ഒന്നിന് വൈകിട്ട് വെളി ദ്രോണാചാര്യ ജംഗ്ഷനില്‍ നിന്ന് കാര്‍ണിവല്‍ റാലി പരേഡ് മൈതാനിയില്‍ സമാപിക്കുന്നതോടെ കാര്‍ണിവല്‍ സമാപിക്കും.
പള്ളുരുത്തി മെഗാ കാര്‍ണിവല്‍ നാളെയാണ് ആരംഭിക്കുക. കൂട്ട ഓട്ടം, പെനാല്റ്റിഷൂട്ടൗട്ട് മത്സരം, പുല്‍ക്കൂട് മത്സരം, ചിത്രകലാ ക്യാമ്പ്, സമൂഹ ചിത്രരചന, ഏകാംഗ നാടക മത്സരം, സൈക്കിള്റൈസ്, ജീപ്പ് റൈസ് എന്നീ പരിപാടികള്‍ നടക്കും. ജനുവരി 1-ന് നടക്കുന്ന കാര്‍ണിവല്‍ റാലി കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിക്കും. സാംസ്ക്കാരിക സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.
കടപ്പുറ സവാരിക്ക് ഒട്ടകങ്ങളെത്തി
പുതുവത്സരാഘോഷത്തിന് മാറ്റുകൂട്ടാന്‍ കടല്‍ തീരത്ത് സവാരിയൊരുക്കുന്നതിന് മരുഭൂമിയിലെ ഒട്ടകങ്ങളെത്തി. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള രണ്ട് ഒട്ടകങ്ങളാണ് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് എത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് ലോറിയില്‍ ആലപ്പുഴയിലെത്തിച്ച ഒട്ടകങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. ജനുവരി 5ന് ഒട്ടകങ്ങളെ തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകും. ഒട്ടക സവാരിക്ക് കുട്ടികള്‍ക്ക് 50 രൂപയും മുതിര്‍ന്നവര്‍ക്ക് 100 രൂപയുമാണ് നിരക്ക്. ശനിയാഴ്ച മുതല്‍ രാവിലെയും വൈകിട്ടും ഒട്ടകസവാരിക്ക് സൗകര്യമൊരുക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി കടപ്പുറത്ത് സ്ഥിരം സവാരിക്ക് കൊണ്ടുവന്ന ഒട്ടകങ്ങള്‍ മഴക്കാലത്ത് മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: