പള്ളുരുത്തി: ഓഖി ദുരന്തത്തിന് മുന്‍പ് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളില്‍ നാല് എണ്ണം ഇന്നലെ കൊച്ചിയില്‍ തിരിച്ചെത്തി. നാല് ബോട്ടുകള്‍ ഇന്ന് പുലര്‍ച്ചയോടെ എത്തും. ഇനി മൂന്ന് ബോട്ടുകളും 30 തൊഴിലാളികളെയുമാണ് കണ്ടെത്താനുള്ളത്. അന്ന, മാതാ-രണ്ട്, സൈമ സൈബ, എന്നീ ബോട്ടുകളാണ് അവ.
കൊച്ചി ഹാര്‍ബറില്‍ നിന്ന് കടലില്‍ തിരച്ചിലിനായി പോയ 10 ബോട്ടുകളാണ് നാല് ബോട്ടുകളെ കൊച്ചിയിലെത്തിയത്. ജീസസ് പവര്‍, നോഹാ ആര്‍ക്ക്, സെന്റ് ആന്റെണി, സെലസ്റ്റിയ എന്നീ ബോട്ടുകളാണ് 43 തൊഴിലാളികളുമായി കൊച്ചിയിലെത്തിയത്.
നോഹാ ആര്‍ക്ക്, ജീസസ് പവര്‍ എന്നീ ബോട്ടുകള്‍ എഞ്ചിന്‍നിലച്ച് ഒഴുകി നടക്കുകയായിരുന്നു. ഓയില്‍ പമ്പ് പൊട്ടി പോയതിനെ തുടര്‍ന്ന് അഞ്ച് ദിവസമാണ് നോഹാ ആര്‍ക്ക് 260 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകി നടന്നത്. കൊച്ചിയില്‍ നിന്ന് പോയ തിരച്ചില്‍ സംഘത്തിലെ തൊഴിലാളികളാണ് എഞ്ചിന് കേട് പാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കിയത്. സെലസ്റ്റിയ എന്ന ബോട്ടാണ് പതിനൊന്ന് തൊഴിലാളികളുമായി ഇന്ന് പുലര്‍ച്ചെ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ വിവിധ സ്ഥലങ്ങളില്‍ കയറിയ പത്ത് ബോട്ടുകളും 111 തൊഴിലാളികളും കൊച്ചിയിലെത്തി.
കൊച്ചിയില്‍ നിന്നും പോയ ഏഴ് ബോട്ടുകളും തേങ്ങാ പട്ടണത്ത് നിന്നും പോയ ഏഴ് ബോട്ടുകളും മുങ്ങിയതായി വിവരം ലഭിച്ചിരിന്നു. ഇതിലെ തൊഴിലാളികളെക്കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. കൊച്ചിയില്‍ നിന്നും പോയ അസ്റാ ഓള് സെയിന്റ്സ്, വൈ ഗുല മാതാ, ജെറോമിയ, മാതാ, ഇന്‍ഫന്റ് ജീസസ്, മദര്‍ ഓഫ് വേളാങ്കണ്ണി എന്നീ ബോട്ടുകളാണ് മുങ്ങിയത്. ഇതില്‍ 79 തൊഴിലാളികളുണ്ട്.
തേങ്ങാ പട്ടണത്ത് നിന്ന് തിരിച്ച ബോട്ട് തകര്‍ന്നതായി രക്ഷപ്പെട്ട് എത്തിയ തൊഴിലാളികള്‍ അറിയിച്ചു. പീറ്റര്‍പോള്‍ എന്ന ബോട്ടിന്റെ അവശിഷ്ടം കവരത്തിയില്‍ അടുത്തതായി വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: