എടപ്പാള്‍: മന്ത്രി കെ.ടി.ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത്. മന്ത്രി പാര്‍ട്ടിയെ അനുസരിക്കുന്നില്ലെന്നാണ് പരാതി.
എടപ്പാള്‍ ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നിലവിലെ ഏരിയാ സെക്രട്ടറി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവരികയാണ്.
കഴിഞ്ഞദിവസം നടന്ന പുതിയ ഏരിയാ കമ്മിറ്റി യോഗത്തില്‍ ജലീല്പക്ഷവും വിരുദ്ധപക്ഷവും തമ്മില്‍ വാക്കേറ്റം നടന്നു.
നിലവിലെ ഏരിയാ സെക്രട്ടറിയായിരുന്ന സി.രാമകൃഷ്ണനെതിരെ ഒരുവിഭാഗം നടത്തിയ ചരടുവലിയാണ് രാമകൃഷ്ണന്റെയും മറ്റൊരു അംഗമായ കെ.പി.വേണുവിന്റെയും പരാജയപ്പെടുത്തുന്നതിലേക്ക് വഴിവച്ചത്.
ഇക്കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാമകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയതായാണ് വിവരം. ഏരിയാ സെക്രട്ടറിയുടെ പരാജയത്തിനും മറുവിഭാഗത്തിന്റെ വിജയത്തിനും മന്ത്രി കെ.ടി.ജലീലും ഇദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗവുമാണ് നീക്കങ്ങള്‍ നടത്തിയതെന്ന ആരോപണവും ശക്തമാണ്.
മത്സരം ഒഴിവാക്കാന്‍ നേതൃത്വം കഠിന ശ്രമം നടത്തിയിട്ടും പുറമെനിന്നുള്ള രണ്ടുപേര്‍ മത്സര രംഗത്തേക്കു വരികയായിരുന്നു. ഇവര്‍ വിജയിക്കുകയും ചെയ്തു. ലോക്കല്‍ സമ്മേളനങ്ങള്‍ മുതല്‍ ഏരിയാ സമ്മേളനങ്ങള്‍ വരെയുള്ള ചര്‍ച്ചകളില്‍ ജലീലിനെതിരെ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിയെ താക്കീത് ചെയ്യണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: