മട്ടാഞ്ചേരി/പള്ളുരുത്തി: ഓഖി ദുരന്തത്തില്‍ കാണാതായവരെ തേടി കൊച്ചിയില്‍ നിന്ന് തിരച്ചില്‍സംഘം പുറപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12മണിക്കാണ് ബോട്ടുകള്‍ പുറപ്പെട്ടത്. കൊച്ചി -മുനമ്പം ഹാര്‍ബ്ബറില്‍ നിന്ന് 27 മത്സ്യ ബന്ധനബോട്ടുകളും ചെറുകപ്പല്‍ മത്സ്യകുമാരിയും സംഘത്തിലുണ്ട്. ക്യാപ്റ്റന്‍ സുവര്‍ണ്ണന്‍, അസിസ്റ്റന്റ് ക്യാപ്റ്റന്‍ സുമിത് എന്നിവരടങ്ങുന്ന 10 പേരും മറൈന്‍ എന്‍ഫോഴ്സ്മെന്റ് (നീണ്ടകര) എസ്ഐ എ.എസ്.സുരേഷിന്റെ നേതൃത്വത്തില്‍ അഞ്ച് പേരും 27 ബോട്ടുകളിലായി ജില്ലാ സെക്രട്ടറി കെ.ജി. രാജീവന്റെ നേതൃത്വത്തില്‍ 140 മത്സ്യത്തൊഴിലാളികളുമാണ് രക്ഷാ-തിരച്ചില്‍ സംഘത്തിലുള്ളത്.
കരയില്‍ നിന്ന് കടലില്‍ 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ (450 കിലോമീറ്റര്‍ ദൂരം) കൊച്ചി മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയിലാണ് കൊച്ചി സംഘം രക്ഷാ തിരച്ചില്‍ ദൗത്യം നടത്തുകയെന്ന് അധികൃതര്‍ പറഞ്ഞു. 22ന് രാത്രിയോടെ സംഘം തിരിച്ചെത്തും. തിരച്ചില്‍ ബോട്ട് ഒന്നിന് 3000ല ലിറ്റര്‍ ഡീസലും തൊഴിലാളിക്ക് പ്രതിദിനം 800 രൂപയുമാണ് ലഭിക്കുക. തിരച്ചിലിനിടയില്‍ ലഭ്യമാകുന്ന തൊഴിലാളിയെയോ മൃതദേഹങ്ങളോ ബോട്ടുകളില്‍ കരയിലെത്തിക്കാനും സന്ദേശങ്ങള്‍ കൈമാറാനും സംവിധാനങ്ങളുമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: