സിത്താറില്‍ തന്റെ വിരലുകള്‍ കൊണ്ട് മാന്ത്രികത തീര്‍ക്കുന്ന അനുഷ്ക ശങ്കര്‍. ലോകപ്രസിദ്ധ സിത്താര്‍ വാദകനായിരുന്ന പണ്ഡിറ്റ് രവിശങ്കറിന്റെ മകള്‍. അച്ഛന്റെ പ്രതിഭയത്രയും മകളിലേക്കും ഒഴുകി നിറഞ്ഞിട്ടുണ്ട്. സംഗീതോപകരണമായ സിത്താറിന്റെ മാസ്മരിക ലോകം പോപ്പ്, ഇലക്ട്രോണിക്, ഫ്ലമന്‍കോ മുതലായ സമകാലീന ലോകസംഗീതത്തിലേക്ക് സംക്രമിപ്പിക്കാന്‍ അനുഷ്കയ്ക്ക് അസാമാന്യ കഴിവുണ്ട്. അനുഷ്കയുടെ സിത്താറിന്റെ അടിവേരുകള്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ ഉറച്ചതാണ്.
2017ലെ വേള്‍ഡ് മ്യൂസിക് ആല്‍ബം- ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ലാന്‍ഡ് ഓഫ് ഗോള്‍ഡ് സാര്‍വ്വദേശീയമായ അഭയാര്‍ത്ഥി പലായനങ്ങളുടെ നീതിരഹിതമായ അവസ്ഥാന്തരങ്ങളും തീവ്രവേദനകളും നിരന്തരം വേട്ടയാടുന്ന ആത്മനൊമ്പരങ്ങളില്‍ നിന്നാണ് പിറവിയെടുത്തത്. തുര്‍ക്കി കടല്‍ത്തീരത്തടിഞ്ഞ സിറിയന്‍ അഭയാര്‍ത്ഥി അയ്ലന്‍ കുര്‍ദിയെന്ന പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം തന്നെ നിരന്തരം വേദനിപ്പിക്കുന്നുവെന്ന് അനുഷ്ക സിത്താര്‍ കച്ചേരികള്‍ക്കിടയില്‍ പറയാറുണ്ട്.
സ്വന്തം കുഞ്ഞിന് ലഭിക്കുന്ന പരിലാളനവും സുരക്ഷിതത്വവും ലോകത്തിന്റെ പലഭാഗത്തുമുള്ള അഭയാര്‍ത്ഥി ബാല്യങ്ങള്‍ക്ക് കിട്ടുന്നില്ലല്ലോ എന്ന വേവലാതിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് അനുഷ്കയുടെ ലാന്‍ഡ് ഓഫ് ഗോള്‍ഡ് എന്ന ആല്‍ബം. യുദ്ധങ്ങളുടേയും വികലമായ രാഷ്ട്രീയ തീരുമാനങ്ങളുടേയും ഇരകളാകേണ്ടിവരുന്ന ലോകം മുഴുവനുമുള്ള ആലംബഹീനരുടെ അവസ്ഥ തന്നെ നിരന്തരം വിഷമിപ്പിക്കുന്നു. പ്രസ്തുത അസ്വസ്ഥതകളും ഭയവിഹ്വലതകളും ക്രിയാത്മകമായി സംഗീതത്തിലൂടെ അവതരിപ്പിച്ചതാണ് ലാന്‍ഡ് ഓഫ് ഗോള്‍ഡ് എന്ന് അനുഷ്ക അഭിപ്രായപ്പെടുന്നു.
പ്രശസ്ത ഹാംഗ് വിദഗ്ധന്‍ ആസ്ട്രിയക്കാരനായ മനു ദലാഗോ, ഡബിള്‍ ബാസും കീബോര്‍ഡും കൈകാര്യം ചെയ്യുന്ന ലണ്ടനില്‍ നിന്നുള്ള ടോം ഫാമര്‍, ഷഹാനയില് രവിശങ്കറിന്റെ ശിഷ്യനായ സജ്ഞീവ് ശങ്കര്‍ എന്നിവരാണ് സിത്താര്‍ കച്ചേരിയില്‍ അനുഷ്കയ്ക്കൊപ്പമുള്ളത്.
സംഗീതം ഹൃദയത്തിന്റെ ഭാഷയാണ്. ആത്മാവുമായി സംവദിക്കാന്‍ സംഗീതത്തിന് കഴിയും. അതിരുകളില്ലാത്ത സംഗീതം അതാണ് അനുഷ്കയുടേത്. അശരണരും നിരാലംബരും നിന്ദിതരും പീഡിതരും എന്നും ഈ യുവ സംഗീതജ്ഞയ്ക്ക് വിഷയമാണ്. ലാന്‍ഡ് ഓഫ് ഗോള്‍ഡ്, ക്രോസ് ദ ലൈന്‍, റീയൂണിയന് എന്നീ ആല്‍ബങ്ങളെല്ലാം ഇതിനുദാഹരണം. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികപീഡനത്തിനെതിരെ ശക്തമായി വാദിക്കുന്ന ആക്ടിവിസ്റ്റ് കൂടിയാണ് അനുഷ്ക. അഭയാര്‍ത്ഥി പലായനങ്ങള്ക്കെതിരെ അന്തര്‍ദേശീയമായ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഭര്‍ത്താവും സംവിധായകനുമായ ജോ റൈറ്റ്, മക്കളായ സുബിന്, മോഹന്‍ എന്നിവര്‍ക്കൊപ്പം ലണ്ടനിലാണ് താമസം. അനുഷ്കയുടെ സംഗീതം രാജ്യാതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറത്തേക്ക് സഞ്ചരിക്കുകയാണ്. അച്ഛനില്‍ നിന്ന് ഉത്തരേന്ത്യന്‍ ക്ലാസിക്കല്‍ സിത്താറും അമ്മ സുകന്യാരാജില് നിന്ന് കര്‍ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ രാഗങ്ങളും പോപ് സംഗീതവും വെവ്വേറെയായും പരസ്പരം ഇഴുകിച്ചേര്ത്തും രാഗമാലികകളുണ്ടാക്കുന്നതും അനുഷ്കയ്ക്ക് നിഷ്പ്രയാസമാണ്. ലോകസംഗീതത്തിന് ഭാരതീയ സംഗീതം നല്കിയ അതുല്യ സംഭാവനയാണ് അനുഷ്ക ശങ്കര്‍ എന്ന സിത്താര്‍ വിദഗ്ധ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: