കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാമാരും ജീവനക്കാരും വേതന വര്‍ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജനവരി 8 മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് 4 വര്‍ഷമായിട്ടും ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥയിലോ ശമ്പള കുടിശ്ശികയുടെ കാര്യത്തിലോ നടപടി ഉണ്ടാകാത്തതിനാലാണ് നാന്നൂറോളം ജീവനക്കാര്‍ സമരത്തിമൊരുങ്ങുന്നത്.
ഒരോ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പല വേതനമാണെന്ന് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടി. സമരത്തിന് മുന്നോടിയായി കെഇഎച്ച്എസ് (ബിഎംഎസ്) വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇന്നലെ കരിദിനമാചരിച്ചു. അഞ്ച് വര്‍ഷത്തേയ്ക്ക് സ്റ്റാന്‍ഡ് എലോണ്‍ പദവിയാണ് മെഡിക്കല്‍ കോളേജിന് നല്‍കിയിരിക്കുന്നത്.
2013 ഡിസംബര്‍ 17 മുതല്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പ്രൊമോഷനും നടക്കുന്നില്ല. കൂടാതെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഡോക്ടര്‍ സ്ഥലം മാറി വരുന്നതിനാല്‍ ഭാവിയിലുള്ള സാധ്യതയും അടഞ്ഞിരിക്കുകയാണ്. സഹകരണ വകുപ്പിന്റെ കീഴിലായിരുന്നപ്പോള്‍ ലഭിച്ച ആനുകൂല്യങ്ങളോ ആരോഗ്യ വകുപ്പിന്റെ ശമ്പള പരിഷ്ക്കരണ ഗുണങ്ങളോ ലഭിക്കുന്നില്ലെന്ന് സംഘടനകള്‍ പറയുന്നു.
യോഗത്തില്‍ കളമശ്ശേരി മേഖലാ സെക്രട്ടറി ശ്രീവിജി, യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് അജയകുമാര്‍ എ., മേഖലാ വൈസ് പ്രസിഡന്റ് ആനീ ജോയി, യൂണിറ്റ് സെക്രട്ടറി ഡോ.ബിബിന്‍ ജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: