വൈപ്പിന്‍: മുനമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമായി. ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതി ചെയര്മാന് വി.എക്സ്. ബെനഡിക്ടിന്റെ കുത്തിയിരുപ്പ് സമരം 150 ദിവസം പിന്നിട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
മൂന്ന് ഡോക്ടര്‍മാരുടെ സേവനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ലാബ് സൗകര്യം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടും എന്‍ആര്‍എച്ച്എമ്മും ബ്ലോക്ക് പഞ്ചായത്തും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഓഖി ദുരന്തത്തില്‍പ്പെട്ട നാല് മത്സ്യതൊഴിലാളികളെ രക്ഷിച്ച് മുനമ്പം ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ പറവൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കിടത്തിചികിത്സയും പ്രസവശുശ്രൂഷയും നടന്നിരുന്ന ആശുപത്രിയുടെ മുറികള്‍ പൂട്ടിയ നിലയിലാണ്. ആംബുലന്‍സും മോര്‍ച്ചറിയും പ്രവര്‍ത്തിക്കുന്നില്ല. ചികിത്സാരംഗത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകുന്നതുവരെ സമരം തുടരുമെന്ന്് സമരസമിതി ചെയര്മാന് വി.എക്സ് ബെനഡിക്ട് പറഞ്ഞു. യോഗം കെ.ആര്. സുഭാഷ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: