ആലുവ: പശു വീടിനു മുമ്പില്‍ ചാണകമിട്ടത്തിന്റെ പേരില്‍ പട്ടികജാതിക്കാരനെ മര്‍ദ്ദിച്ച് ചാണകം വാരിച്ചതായി പരാതി. എടത്തല പഞ്ചായത്തിലെ മുതിരക്കാട്ടുമുകളില്‍ ചിന്നംപാടത്ത് വീട്ടില്‍ അയ്യപ്പനാണ് ഈ ദുരനുഭവം. പുല്ല് തീറ്റിക്കുന്നതിനായി അയ്യപ്പന് പൊതുവഴിയിലൂടെ പശുവിനെ കൊണ്ടു പോകുമ്പോഴാണ് തൊട്ടടുത്തുള്ള വീടിന് മുന്നിലുള്ള വഴിയില്‍ പശു ചാണകമിട്ടത്.
കണ്ടുവന്ന വീട്ടുടമ ആക്രോശിച്ചു കൊണ്ട് അയ്യപ്പനെ തടഞ്ഞുനിര്‍ത്തി ചാണകം വാരിക്കളയണമെന്ന് ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതിരുന്ന അയ്യപ്പനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. പിന്നീട് കരണത്തടിച്ച് ചാണകം വാരിക്കുകയായിരുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് റൂറല്‍ എസ്.പി, ജില്ലാ കളക്ടര്‍, മനുഷ്യാവകാശ കമ്മീഷന്, പട്ടികജാതി കമ്മീഷന് എന്നിവര്‍ക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ പരാതി നല്കി.
പട്ടികജാതിക്കാരനെ മര്‍ദ്ദിച്ച് ചാണകം വാരിച്ചയാളെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മണ്ഡലം സെക്രട്ടറി പ്രദീപ് പെരുപടന്നയും, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അപ്പു മണ്ണാച്ചേരിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: