പളളുരുത്തി: കൊച്ചി ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയി ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കാണാതായ 17 ബോട്ടുകളില്‍ രണ്ട് ബോട്ടുകള്‍ കൂടി ഇന്നലെ തിരിച്ചെത്തി. നഹ്മത്ത്, ജോണ എന്നീ ബോട്ടുകള്‍ 25 തൊഴിലാളികളുമായാണ് ഇന്നലെ ഹാര്‍ബറില്‍ മടങ്ങിയെത്തിയത്. ഇനി ഹാര്‍ബറില്‍ നിന്ന് പോയ 15 ബോട്ടുകളും ഇതിലുള്ള 180 തൊഴിലാളികളെ സംബന്ധിച്ചും വിവരം ലഭിക്കാനുണ്ട്. ഇത് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെത്തിയത് 19 ബോട്ടുകളും 225 തൊഴിലാളികളുമാണ്.
നഹ്മത്ത്,ജോണ എന്നി ബോട്ടുകള്‍ക്ക് പുറമേ സെന്റ് ഡാമിയന്‍, സെന്റ് ആന്റണി, ഷാഫിയ, ഡിവൈന്‍ മേഴ്സി, ജഹോവ ജിറേ, സക്കരിയാസ്, റബ്ബോണി, ലിനോറ, എവികെഎം, ഹൈല്‍ മേരി, മദര്‍ ഓഫ് വേളാങ്കണ്ണി, ശിവ ശക്തി, ലൂര്‍ദ്ദ് അന്നൈ, ബാറൂക്ക്, മേഴ്സിഡസ്, മേരി മാതാ എന്നീ ബോട്ടുകളാണ് ഇന്നലെ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെത്തിയത്. കന്യാകുമാരി, ചിന്നതുറൈ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകളാണ് ഹാര്‍ബറിലെത്തിയ പത്തൊമ്പതില് പതിനേഴ് ബോട്ടുകളും. കൊച്ചിയില്‍ നിന്ന് പോയി മടങ്ങിയെത്താത്ത ബോട്ടുകളില്‍ ചിലത് കന്യാകുമാരിയില്‍ നിന്ന് 280 നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യബന്ധനം നടത്തുന്നതായി കണ്ടതായി മടങ്ങിയെത്തിയ തൊഴിലാളികളില്‍ ചിലര്‍ പറഞ്ഞു. ക്രിസ്മസിന് മുമ്പായി ഈ ബോട്ടുകള്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: