പളളുരുത്തി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ട് ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ പെരുവഴിയില്‍. സാമ്പത്തിക സഹായവും മറ്റാനുകൂല്യങ്ങളും കിട്ടണമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് തിരിച്ചടിയായത്. മത്സ്യബന്ധന ഉപകരണങ്ങളും വീട്ടുപകരണങ്ങളും കടല്‍ കൊണ്ടുപോയ ഒട്ടേറെ ആളുകള്‍ക്കാണ് സഹായം കിട്ടുന്നതിന് തടസ്സമുണ്ടായിട്ടുള്ളത്.
വീട്ടില്‍ കടല്‍ മണ്ണടിഞ്ഞ് കിടക്കുന്നത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം കണ്ടതാണ്. എന്നിട്ടും സഹായം നല്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്ന പരാതിയാണ് തീരവാസികള്‍ക്ക്. കിടപ്പു രോഗിയായ അമ്മയുമായി ബന്ധുവീട്ടില്‍ അഭയം തേടിയ തങ്ങള്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും പുറത്തായെന്ന് ബസ്സാര്‍ സ്വദേശി റീത്ത പറയുന്നു. പല തവണ ബന്ധപ്പെട്ട ഓഫീസുകള്‍ കയറിയിറങ്ങി. എന്നിട്ടും ഫലമുണ്ടായില്ല. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ സഹായം ലഭിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റീത്തയുടെ വാക്കുകളില്‍ ക്ഷോഭം. ഒന്നിലധികം സമയങ്ങളില്‍ അമ്മയ്ക്ക് കക്കൂസിലും മറ്റും പോകാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മാറി നിന്നതെന്ന് ഇവര്‍ പറയുന്നു. അനര്‍ഹരായവരാണ് പട്ടികയിലേറെയെന്നും പരാതിയുണ്ട്.സര്‍ക്കാറിന്റെ നയം ഓഖിയേക്കാള്‍ വേദനയാണ് തീരദേശവാസികള്‍ക്ക് ഉണ്ടാക്കിയിട്ടുള്ളത്. വീടുകളില്‍ കടല്‍ മണ്ണ് അടിഞ്ഞ മുഴുവനാളുകളെയും ദുരിതബാധിതരായി കാണണമെന്നാണ് തീരവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: