പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റിന് മുന്‍പ് കൊച്ചിയില്‍ നിന്നും പോയി കാണാതായ അഞ്ച് ബോട്ടുകള്‍ കൊച്ചി ഹാര്‍ബറില്‍ എത്തി. സെല്‍വ മാതാ, മിസ്റ്റര്‍ ഇന്ത്യ, ഷാഫിയ, ഡിപ്പാനിയോ, യഹോവ, ജെറിസ് എന്നീ ബോട്ടുകളാണ് കൊച്ചിയില്‍ എത്തിയത്. അഞ്ച് ബോട്ടുകളിലായി 54 തൊഴിലാളികളും ഒപ്പമുണ്ട്. മത്സ്യവും ബോട്ടിലുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നും 850 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ട ബോട്ടുകളാണ് മത്സ്യവുമായി എത്തിയത്. ഇതിന് പുറമെ വിവിധ ഹാര്‍ബറുകളിലായി കയറിയ ആറ് ബോട്ടുകളും 63 തൊഴിലാളികളും ഇന്നലെ കൊച്ചി ഹാര്‍ബറിലെത്തി. കടല്‍ മാതാ, ഡോണാ, സൈഫിയ, റഹ്മത്ത്,ജഹോവത്ത്, അത്ഭുത മാതാ എന്ന ബോട്ടുകളാണ് എത്തിയത്. ഇനി 17 ബോട്ടുകളുടെയും 200 ഓളം തൊഴിലാളികളുടെയും വിവരങ്ങളാണ് ലഭിക്കാനുള്ളത്. ഓഖി ചുഴലിക്കാറ്റിന് മുന്‍പ് 217 ലോംഗ് ലൈന്‍ ബോട്ടുകളാണ് മത്സ്യ ബന്ധനത്തിനായി കൊച്ചിയില്‍ നിന്നും പുറപ്പെട്ടത്.
അതില്‍ 186 ബോട്ടുകള്‍ വിവിധ സംസ്ഥാനങ്ങളിലെ ഹാര്‍ബറുകളില്‍ പിടിച്ചതായി വിവരം ലഭിച്ചു. 14 ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടതായി രക്ഷപ്പെട്ട് വന്ന തൊഴിലാളികളില്‍ നിന്നും അറിഞ്ഞതായി ലോംഗ് ലൈന്‍ ബോട്ട് ആന്റ് ബയിംഗ് ഏജന്റ്സ് അസോസിയേഷന് ഭാരവാഹികളായ പ്രസിഡന്റ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് ,കമ്മിറ്റി അംഗം സി.ബി. റഷീദ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: