പള്ളുരുത്തി: തകര്‍ന്ന വീടിനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് നെഞ്ച് തകര്‍ന്ന് നില്‍ക്കുകയാണ് കണ്ടക്കടവ് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പൊള്ളയില് ഫ്രാന്‍സീസും കുടുംബവും. ആഞ്ഞടിച്ച തിരമാലകള്‍ കടല്‍ഭിത്തിയും കടന്ന് വന്ന് സര്‍വ്വതും തകര്‍ത്തെറിഞ്ഞത് ഒരിക്കലും മറക്കാനാവില്ലെന്ന് ഫ്രാന്‍സീസിന്റെ ഭാര്യ ജെസ്സി പറയുമ്പോള്‍ മുഖത്ത് ദൈന്യതയും നടുക്കവും. കുട്ടികളുടെ പുസ്തകവും, വസ്ത്രങ്ങളും ഒക്കെ നഷ്ടമായി. വീട്ടുപകരണങ്ങളെല്ലാം പോയി.
അഞ്ചു ദിവസത്തെ ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം കഴിഞ്ഞെത്തിയപ്പോള്‍ വീടിനുള്ളില്‍ നിറഞ്ഞ മണ്ണും ചെളിയും നീക്കുന്ന ജോലികളിലായിരുന്നു ഇതുവരെ. ഓടിട്ട കൊച്ചു വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീഴാറായ നിലയിലാണ്. കുട്ടികളെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഫ്രാന്‍സീസ് പറഞ്ഞു. വീട്ടില്‍ സൂക്ഷിച്ചിരുന്ന വലയും തൊഴിലുപകരണങ്ങളും കടലെടുത്തു. ഇനി ഒന്നില്‍ നിന്ന് തുടങ്ങണം. ഇതു പറയുമ്പോള്‍ ഫ്രാന്‍സീസിന്റെ കണ്ണ് നിറഞ്ഞു.
വേളാങ്കണ്ണിക്ക് വടക്ക് 81 കാരി മാര്‍ഗരറ്റിന്റെ വീട്ടില്‍ ഇവര്‍ തനിച്ചാണ് വീടു മുഴുവന്‍ മണ്ണ് നിറഞ്ഞത് നീക്കം ചെയ്യാന്‍ ആരും എത്തിയില്ല. വാര്‍ഡ് മെമ്പറുടെ പിന്നില്‍ പലതവണ നടന്നു. രണ്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. മക്കളില്ലാത്ത ഇവര്‍ നിസ്സഹായാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: