വൈകല്യങ്ങളെ അതിജീവിച്ച് ചുണ്ടുകള്‍കൊണ്ട് ചിത്രങ്ങള്‍ വിരിയിച്ച് സുനിത തൃപ്പാണിക്കര ദേശീയ പുരസ്കാര നിറവില്‍. കണ്ണൂര്‍ കുഞ്ഞിമംഗലം കുണ്ടംകുളങ്ങര സ്വദേശിനിയായ സുനിതയെ തേടി കഴിഞ്ഞ ദിവസം കേന്ദ്ര സാമൂഹിക സുരക്ഷാ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ സര്‍ഗാത്മക പ്രതിഭാ ദേശീയ പുരസ്കാരമെത്തി.
ദല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും സുനിത പുരസ്കാരം ഏറ്റുവാങ്ങി. സഹോദരനും പ്രശസ്ത മൗത്ത് പെയിന്ററുമായ ഗണേഷ്കുമാര് കുഞ്ഞിമംഗലത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സുനിത ഇതിനകം മൂവായിരം ചിത്രങ്ങള്‍ തന്റെ ചുണ്ടിനാല്‍ ചാലിച്ച നിറക്കൂട്ടുകളിലൂടെ വരച്ചെടുത്തു കഴിഞ്ഞു.
കുഞ്ഞിമംഗലം കുണ്ടംകുളങ്ങരയിലെ തൃപ്പാണിക്കര വീട്ടില്‍ പരേതനായ കണ്ണന് ദാര്മാന്റെയും ജാനകിയുടേയും മകളാണ് സുനിത. ചെറുപ്പത്തില്‍ത്തന്നെ പോളിയോ ബാധിതയായ സുനിത സ്കൂള്‍ പഠന കാലത്തുതന്നെ തന്റെ പരിമിതികളെ മറികടന്ന് മൗത്ത് ചിത്രരചനാ രംഗത്ത് സജീവമായിരുന്നു. പ്ലസ്ടു പഠനകാലത്ത് കൈകള്‍ക്ക് തളര്‍ച്ച ബാധിച്ചു. സഹോദരനായ ഗണേശനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉയരങ്ങളില്‍ എത്തിച്ചേരുകയായിരുന്നു.
സമകാലിക ചുറ്റുപാടുകളിലെ യാഥാര്‍ത്ഥ്യങ്ങളെ സ്വന്തം ഭാവനയുമായി ചേര്‍ത്ത് മനോഹരചിത്രങ്ങളായി രൂപം നല്‍കുകയാണ് സുനിത. തന്റെ കലാസപര്യ തുടരുമ്പോള്‍ത്തന്നെ വിദൂര വിദ്യാഭ്യാസത്തിലൂടെ മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. എഴുത്തുകാരി കൂടിയായ സുനിത ഭിന്നശേഷിക്കാര്‍ക്കായുളള നാടകവും നൃത്തവും സംവിധാനം ചെയ്തിട്ടുണ്ട്. ചലന പരിമിതിയുളളവരുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫ്ളൈ എന്ന സംഘടനയുടെ സജീവപ്രവര്‍ത്തകയാണ്.
2016ല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രേഷ്ഠ വനിതാ പുരസ്കാരം നല്കി അനുമോദിച്ചിട്ടുളള സുനിതയുടെ പരിസ്ഥിതി സാമൂഹ്യ പ്രശ്നങ്ങളിലെ ഇടപെടല്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തമ്പ്-16 പുരസ്കാരവും കഴിഞ്ഞ തവണ സുനിതയ്ക്ക് ലഭിക്കുകയുണ്ടായി. അസോസിയേഷന് ഓഫ് മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ടിസ്റ്റ് അസോസിയേഷന് (എഎംഎസ്പിഎ) അംഗം കൂടിയാണ്.
സഹോദരന്റെ അകമഴിഞ്ഞ പിന്തുണയോടൊപ്പം അമ്മയുടേയും കുടുംബത്തിന്റെയും പ്രോത്സാഹനവും സഹായങ്ങളുമാണ് തന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് സുനിത പറയുന്നു. കേന്ദ്ര സാമൂഹിക സുരക്ഷാ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ സര്‍ഗാത്മക പ്രതിഭാ ദേശീയ പുരസ്കാരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും പുരസ്കാരം രാഷ്ട്രപതി യില്‍ നിന്നും ഏറ്റുവാങ്ങാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും സുനിത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: