കളമശേരി: വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയ പാതയില്‍ റോഡ് കുറുകെക്കടക്കാന്‍ നട്ടം തിരിയുന്ന കാല്‍നടയാത്രക്കാര്‍ക്ക് ഇരുട്ടടിയായി സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പ്. ഇടപ്പള്ളി ടോളില്‍ മെട്രോ തൂണുകള്‍ക്കിടയില്‍ ഒരാഴ്ചയായി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കിടക്കുന്ന പൈപ്പ് ലൈനിന് മുകളില്‍ കയറി റോഡ് മറികടക്കേണ്ടി വരുന്നതാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ദുരിതത്തിലാക്കിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥന്മാര്, ട്രാഫിക് പോലീസ്, കളമശ്ശേരി പോലീസ് തുടങ്ങിയവരോട് പലവട്ടം പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമില്ലെന്ന് നഗരസഭാ കൗണ്‍സിലര്‍ മാര്ട്ടിന് തായങ്കരി ആരോപിച്ചു. സീബ്രാലൈന്‍ കടക്കാന്‍ തന്നെ നീണ്ട നേരം കാത്ത് നില്‍ക്കേണ്ടി വരുന്നിടത്താണ് കൂനിന് മേല്‍ കുരുവെന്ന രീതിയില്‍ മണല്‍ചാക്ക് വച്ച് ഉയര്‍ത്തി പൈപ്പ് വച്ചിരിക്കുന്നത്.
സ്ത്രീകളില്‍ പലരും പൈപ്പില്‍ ഇരുന്ന ശേഷമാണ് റോഡ് കടക്കുന്നത്. എന്നാല്‍ ഇറങ്ങി നില്‍ക്കുന്നത് റോഡിലേക്ക് ആകുന്നതിനാല്‍ അപകട സാധ്യത കൂടുതലാണ്. പലരും തെന്നി വീഴുന്നുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് അനിഷ്ടങ്ങള്‍ സംഭവിക്കാത്തതെന്നും പ്രദേശവാസികള്‍ പറഞ്ഞു. എത്രയും വേഗം ഗ്യാസ് ലൈന്‍ പൈപ്പ് കുഴിച്ചിടാന്‍ അധികൃതര്‍ തയ്യാറാവണമെന്നും വ്യാപാരികളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: