കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ജനുവരി 1 മുതല്‍ 12 വരെ നടക്കുന്ന പാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം വിജയകരമാക്കാന്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചു. തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന ആലുവ-പെരുമ്പാവൂര്‍, ദേശം-ചൊവ്വര റോഡുകള്‍ നടതുറപ്പിന് മുന്‍പ് കുറ്റമറ്റതാക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. വൈദ്യുതി മുടക്കം കൂടാതെ ലഭ്യമാകുന്നുണ്ടെന്ന് കെഎസ്ഇബിയും കുടിവെള്ള ലഭ്യത വാട്ടര്‍ അതോറിറ്റിയും ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള നിര്‍ദേശിച്ചു.
കെഎസ്ഇബി അങ്കമാലി, മലയാറ്റൂര്‍ സെക്ഷനുകളില്‍ നിന്നുള്ള വൈദ്യുതിക്കു പുറമേ പെരുമ്പാവൂരില്‍ നിന്നു പുതിയ ഭൂര്‍ഗര്‍ഭ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം തന്നെ ഇതുവഴി വൈദ്യുതി എത്തിക്കാനാകുമെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. ഭക്തജന തിരക്കു കണക്കിലെടുത്ത് ഉത്സവ നാളുകളില്‍ കെഎസ്ആര്‍ടിസി ഇത്തവണ സ്പെഷല്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ദീര്‍ഘദൂര ബസുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ട്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സേനയുടെ സേവനം ക്ഷേത്രത്തിലും പരിസരങ്ങളിലും ഉറപ്പു വരുത്തുമെന്ന് ഡിവൈഎസ്പി.ജി. വേണു അറിയിച്ചു. ക്ഷേത്ര ട്രസ്റ്റുമായി സഹകരിച്ചാണ് സുരക്ഷയൊരുക്കുക. അടിയന്തിര ഘട്ടത്തെ നേരിടാന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു വിഭാഗമുണ്ടാകും. ആംബുലന്‍സും അനുബന്ധ ജീവനക്കാരുമായി ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമായിരിക്കും.
ഭക്ഷണശാലകളിലും ക്ഷേത്ര പരിസരങ്ങളിലും ശുചിത്വം ഉറപ്പു വരുത്താന്‍ ആരോഗ്യ വകുപ്പിന്റെ സ്ക്വാഡുകള്‍ പരിശോധന നടത്തും. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത സംഘം ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും വിലയും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കലളക്ടര് നിര്‍ദേശിച്ചു.
ഓട്ടോറിക്ഷകളും ടാക്സികളും അമിത നിരക്ക് ഈടാക്കുന്നതു തടയാന്‍ ആര്‍ടിഒയെ ചുമതലപ്പെടുത്തി. ഇത്തവണ ആഘോഷങ്ങള്‍ക്കു ഗ്രീന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്താനുള്ള ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനത്തെ കളക്ടര്‍ സ്വാഗതം ചെയ്തു. ഇതിനു പഞ്ചായത്തും മറ്റു വകുപ്പുകളും പൂര്‍ണ സഹകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് തിരുവൈരാണിക്കുളം ഗ്രാമം ശുചിത്വ പൂര്‍ണമാക്കാനുള്ള ദൗത്യം ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: