കൊച്ചി: കുട്ടികള്‍ മൊബൈലില്‍ കളിക്കുന്നത് നിര്‍ത്തി പുസ്തകവായനയിലേക്ക് മടങ്ങണമെന്ന് സിപ്പി പളളിപ്പുറം. ഭാരതീയ ദര്‍ശനങ്ങളും ബാലസാഹിത്യവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്നവര്‍ അത് പറഞ്ഞു മനസിലാക്കണം. ഗുണവും മണവുമുള്ള കുട്ടികളായി വേണം അവര്‍ വളരാന്‍. കുട്ടികള്‍ വളഞ്ഞ വഴി പോകാതിരിക്കാന്‍ നല്ല പുസ്തകങ്ങള്‍ വാങ്ങി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശാസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്ന് അധ്യാപകര്‍. ഗുരുക്കന്മാരെ ബഹുമാനിക്കുന്നത് ഓര്മ മാത്രമാകുന്ന അവസ്ഥയാണിന്ന്. കുഞ്ഞുണ്ണി മാഷും ഉള്ളൂരുമൊക്കെ നാലോ എട്ടോ വരികള്‍ മാത്രമാണ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയിരുന്നത്. പക്ഷെ അത് വായിച്ചാല്‍ ഒരു വലിയ കഥ അതിലുണ്ടാവും. മഹാകവികളെല്ലാം കുട്ടികള്‍ക്ക് വേണ്ടിയാണ് എഴുതിയിട്ടുള്ളത് എന്നതാണ് മലയാളത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ കെ.പി സുധീരയുടെ ‘അനുരാഗ പരാഗങ്ങള്‍’ എന്ന പുസ്തകത്തെ കുറിച്ച് ചര്‍ച്ച നടന്നു. ഡോ. സുലോചന നാലപ്പാട്ട്, ഷീബ അമീര്‍, ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. യോഗി ആദിത്യനാഥിനെ കുറിച്ചുള്ള എ മങ്ക് ഹൂ ബികെയിം ചീഫ് മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പി. കെ കൃഷ്ണദാസ് നിര്‍വഹിച്ചു. സുഭാഷ് ചന്ദ്രനുമായുള്ള അഭിമുഖവും സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: