ആലുവ: ആലുവ ശിവരാത്രി ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ എ. പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രാഥമിക ആലോചന യോഗം ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ദേവസ്വം ബോര്‍ഡ് ബലിപ്പുരകള്‍ നിര്‍മ്മിച്ചു നല്കിയ വകയില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതിനാല്‍ ഇക്കുറി അത് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ബോര്‍ഡ് നേരിട്ട് നാല് ബലിത്തറകള്‍ മണപ്പുറത്ത് ഒരുക്കിയിരുന്നു. ഇതില്‍ മൂന്നെണ്ണം താത്കാലികമായിരുന്നു. ഇതും വലിയ നഷ്ടത്തിലാണ് കലാശിച്ചത്. 2017ല്‍ ബലിത്തറകള്‍ ലേലം ചെയ്തപ്പോള്‍ 24 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. എന്നാല്‍ 2016ല്‍ ലഭിച്ചത് 25 ലക്ഷം രൂപയാണ്. ബലിത്തറകള്‍ നിര്‍മ്മിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവായി. ഇതാണ് സ്വന്തമായി ബലിത്തറകള്‍ ഇടേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിച്ചത്. പകരം കൂടുതല്‍ പുരോഹിതന്മാര്ക്ക് ബലിത്തറകള്‍ ലേലം ചെയ്യും. ശിവരാത്രിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ വിപുലമായ യോഗം ജനുവരി നാലിന് ബലഭദ്ര ഓഡിറ്റോറിയത്തില്‍ ചേരാനും തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോടൊപ്പം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, ബോര്‍ഡംഗം രാഘവന്, മണപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: