ആലുവ: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശിക്ഷകള്‍ കടുപ്പിച്ചിട്ടും പ്രയോജനമില്ല. റൂറല്‍ ജില്ലയില്‍ പോലീസ് ഒറ്റദിവസം നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 251 കേസുളാണ് രജിസ്റ്റര്‍ ചെയ്തത്. നാര്‍ക്കോട്ടിക്ക് ഡ്രഗ്സ് നിയമവുമായി ബന്ധപ്പെട്ട് 14 കേസുകളും, അബ്ക്കാരി നിയമ പ്രകാരം 36 കേസുകളും, ചീട്ടുകളി നടത്തിയതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു. മറ്റ് വിവിധ വകുപ്പകളിലായി 59 കേസുകളുമെടുത്തു. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 1201 പെറ്റിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു വരെയായിരുന്നു പരിശോധന. ജാമ്യമില്ലാവകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 24 പേരെയും, ലോങ് പെന്റിങ് വാറന്റുള്ള 32 പേരെയും, ജാമ്യമില്ല വാറന്റുള്ള 91 പേരെയും അറസ്റ്റ് ചെയ്തു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 307 പരിശോധനകള്‍ നടത്തി. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള 211 വാഹനങ്ങള്‍ പരിശോധിച്ചു. 112 ലോഡ്ജുകളില്‍ പരിശാധന നടത്തി. വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും, മറ്റ് കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി കൊച്ചി റേഞ്ച് ഐ.ജി. പി.വിജയന്റെ നിര്‍ദ്ദേശ പ്രകാരം റൂറല്‍ ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: