പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റ് ഒഴിഞ്ഞെങ്കിലും തീരത്ത് ആശങ്ക ഒഴിഞ്ഞില്ല. 30 ബോട്ടുകളും 350 തൊഴിലാളികളും എവിടെയെന്ന് അറിയാത്തതാണ് ആശങ്കയ്ക്ക് കാരണം. കടലില്‍ 10 ബോട്ടുകള്‍ മുങ്ങിയതായാണ് രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നത്. ഇതിനിടെ കടലില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതായുള്ള വിവരങ്ങളും ലഭിച്ചതോടെ ആശങ്ക ഇരട്ടിയായി. വ്യാകുലമാതാ, സെന്റ് കാതറിന്, സെന്റ് ആന്റണി, മാതാ, അര്പ്പുത മാതാ, ബരാക്കുട, വിജോവിന്‍, ആവേ മരിയ, ജെറോമിയ, താജ് മഹല്‍ എന്നി ബോട്ടുകളാണ് മുങ്ങിയത്. ഈ ബോട്ടുകളെ കുറിച്ചോ ഇതിലെ തൊഴിലാളികള്‍ക്ക് എന്ത് സംഭവിച്ചെന്നോ ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്ന് ലോംഗ് ലൈന്‍ ബോട്ട് ആന്റ് ബയിംഗ് ഏജന്റ് അസോസിയേഷന് പ്രസിഡന്റ് എ എം നൗഷാദ്, സെക്രട്ടറി മജീദ്, സി ബി റഷീദ് എന്നിവര്‍ ആരോപിച്ചു.
മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചലിനായി നേവിയുടെയും സിഎംഎഫ്ആര്‍ഐയുടെ നേതൃത്യത്തില്‍ കപ്പല്‍ പുറപ്പെട്ടിട്ടുണ്ട് കപ്പലില്‍ മലയാളികളായ മത്സ്യതൊഴിലാളികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ കുടുങ്ങിയ 22 ബോട്ടുകളിലെ 250 തൊഴിലാളികള്‍ ഇന്നലെ കൊച്ചിയിലെത്തിയത തീരദേശവാസികള്‍ക്ക് ആശ്വാസമായി. മലയാളികള്‍ക്കുപുറമെ അസം, ഒഡീഷ, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ജിസസ് ഫ്രണ്ട്, സെന്റ് ജൂഡ്, സെന്റ് ആന്റന്‍, ലൂര്‍ദ്ദ് മാതാ, മദര്‍ ,എന്‍.എഫ് മാതാ, വെണ്ണരത്തി, മഹത് വ, ബ്ളെസിംഗ്, നിഖില്‍ മോന്, ശ്രീരാഗം, സാമുല്‍, ആവേ മരിയ, സെന്റ് ജുഡ്സ്, ഡിവൈന്‍ ആര്‍ക്ക് – 2, എം.എം മാതാ, സീ സ്റ്റാര്‍, ഹോളി ക്രൈസ്റ്റ്, ക്രൈസ്റ്റ് കിംഗ്, വിന്നരാസി, അമല്‍ ,ഫത്തേ ഹുല്‍ ബഹര്‍ – 2 എന്നി ബോട്ടുകളാണ് ഇന്നലെ കൊച്ചിയില്‍ എത്തിയത്. കൊച്ചിയുടെ തീരത്ത് ഒരു മൃതദേഹവും കണ്ടെത്തി.
വില്‍ഫ്രഡ് ഇതുവരെ വന്നില്ല
പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റ് വീശുന്നതിന് രണ്ടുദിവസം മുമ്പ് വീട്ടില്‍ നിന്ന് കൊച്ചിക്ക് പോയതാണ് തിരുവനന്തപുരം സ്വദേശിയായ വില്‍ഫ്രഡ്. പിന്നീട് ഇതുവരെ വില്‍ഫ്രഡ് വീട്ടില്‍ തിരികെ എത്തിയിട്ടില്ല. ഏത് ബോട്ടിലാണ് കടലില്പ്പോയതെന്ന് ബന്ധുക്കള്‍ക്ക് അറിയില്ല. ഒടുവില്‍ അവര്‍ പരാതിയുമായി തോപ്പുംപടി പോലീസിലെത്തി. വില്ഫ്രഡിനെ കാണാനില്ലെന്ന് കാട്ടി പോലീസ് കേസെടുത്തു.
ശുചീകരണം ഊര്‍ജ്ജിതം
കൊച്ചി: ദുരന്തബാധിതമേഖലയില്‍ ഞായറാഴ്ചയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ചെല്ലാനത്ത് 319 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ചു. 13-ാം വാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ച ആറു വീടുകള്‍ സംഘം കണ്ടെത്തി. 292 സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി. 278 ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. 11 സെപ്റ്റിക് ടാങ്കുകള്‍ ശുചീകരിച്ചു. 211 സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. 37 സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 22 ജീവനക്കാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വൈപ്പിനില്‍ മാലിപ്പുറം സിഎച്ച്സിയുടെ നേതൃത്വത്തില്‍ 150 വീടുകള്‍ സന്ദര്‍ശിച്ചു. എട്ട് സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കി. 60 സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. തൊഴിലുറപ്പ് പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വൈപ്പിനില്‍ 1144 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 172 ടോയ്ലെറ്റുകള് തകര്‍ന്നു. മൂന്ന് വീടുകളില്‍ അണുനശീകരണം നടത്തി. കുടുംബശ്രീ, തൊഴിലുറപ്പ്, ആശ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: