കോഴഞ്ചേരി: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ഇരുപത് ദിവസം കഴിഞ്ഞിട്ടും നിരവധി അയ്യപ്പന്മാര് കാല്നടയായിപ്പോകുന്നു തിരുവാഭരണപാത അറ്റകുറ്റപ്പണികള്‍ ചെയ്യുവാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. പന്തളം ക്ഷേത്രത്തില്‍ നിന്നും എരുമേലി വഴി കാല്‍നടയായി പോകുന്ന അയ്യപ്പ ഭക്തന്മാര് കോഴഞ്ചേരി വഴിയാണ് പോവാറുള്ളത്. പതിനായിരക്കണക്കിന് അയ്യപ്പഭക്തന്മാര് നഗ്നപാദരായി കാല്‍നടയായി യാത്ര ചെയ്യുന്ന ഈ ശരണപാത ദുര്‍ഘടവും, ദുരിതം വിതറുന്നതുമാണ്. പഴയതെരുവുമുതല് കോളേജ് ജംങ്ഷനിലുള്ള അയ്യപ്പമണ്ഡപം വരെയുള്ള ഈ റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നു. ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് അധികാരികള്‍ പറയുമ്പോഴും അയ്യപ്പന്മാര് അനുഭവിക്കുന്നത് ദുരിതമാണ്. അയ്യപ്പന്മാരെ സഹായിക്കാനെന്ന പേരില്‍ ക്രമീകരിച്ചിട്ടുള്ള ശബരിമല ഇടത്താവളവും യാതൊരുവിധത്തിലും അയ്യപ്പഭക്തര്‍ക്ക് ഉപകാരപ്പെടുന്നില്ല. കോളേജ് ജംങ്ഷനിലുള്ള തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ അയ്യപ്പമണ്ഡപമാണ് ആശ്രയം. തിരുവാഭരണ ഘോഷയാത്രയും, തങ്കയങ്കി ഘോഷയാത്രയും തുടങ്ങിയ ആചാരാനുഷ്ഠാനങ്ങള്‍ നടക്കേണ്ട ഈ ശരണ വഴികളിലെ ദുരിതങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലായെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, താലൂക്ക് ജനറല്‍ സെക്രട്ടറി മനോജ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: