ജോലിക്കൊപ്പം ഉപരിപഠനവും ലക്ഷ്യമിട്ട് ന്യൂയോര്‍ക്കിലെത്തിയ കൊട്ടാരക്കരക്കാരന്‍ ഗണേഷ് നായര്‍ ആദ്യം അടുത്തറിഞ്ഞ അമേരിക്കന്‍ യുവാവിനെ ഒരിക്കലും മറക്കില്ല. അവിടെ പഠിക്കുമ്പോള്‍ സഹപാഠിയും അയല്‍വാസിയുമായിരുന്നു എന്നതുമാത്രമല്ല. ഊര്‍ജ്ജസ്വലതയും തന്നോടുള്ള സ്നേഹപ്രകടനങ്ങളുമായിരുന്നു കാരണം. ഗണേഷിന്റെ പ്രഭാത സവാരികളില്‍ തന്റെ ഇഷ്ടനായ്ക്കൊപ്പം യുവാവും പങ്കുചേര്‍ന്നു. രാജ്യസ്നേഹം മൂത്ത് സഹപാഠി പട്ടാളത്തില്‍ ചേര്‍ന്നതോടെ ആ സ്നേഹ ബന്ധത്തിന് താല്‍ക്കാലിക വിരാമം.
അവിചാരിതമായി ഒരുദിവസം സുഹൃത്തിനെ വീണ്ടും കണ്ടു. വീടിനുമുന്നില്‍ കസേരയിലിരിക്കുന്നു. അഭിവാദ്യം ചെയ്തിട്ട് പ്രത്യഭിവാദ്യം ഇല്ല. സാധാരണ കാണുമ്പോള്‍ ഓടിവന്ന് കെട്ടിപ്പിടിച്ച സ്നേഹപ്രകടനം നടത്തുന്ന ആള്. കസേരയില്‍ നിന്ന് എഴുനേല്ക്കുന്നേയില്ല. എന്തുപറ്റി എന്നു സംശയിച്ചാണ് അടുത്ത് ചെന്നത്. അഭിമാനിയും ആത്മധൈര്യശാലിയുമായിരുന്ന സുഹൃത്തിന്റെ ഇരു കണ്ണുകളില്‍ നിന്നും കണ്ണീര് വാര്‍ന്നൊഴുകുന്നു. അന്വേഷിച്ചപ്പോഴാണ് ദയനീയ സത്യം മനസിലാക്കുന്നത്.
ഇറാഖിലെ യുദ്ധമുഖത്തു നിന്നും തിരിച്ചെത്തിയത് വികലാംഗനായി. വരുമാനം നിലച്ചു. ചികിത്സാ ഭാരം കൂടിയപ്പോള്‍ സ്വന്തമായി ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടു. ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്ന ഭാര്യ വിട്ടുപിരിഞ്ഞു. എന്നും കൂട്ടായി ഉണ്ടായിരുന്ന വളര്‍ത്തുനായ പോലും എങ്ങോ പോയ് മറഞ്ഞു. ആരും തിരിഞ്ഞുനോക്കാത്ത സാഹചര്യം. പരസ്പര സഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥ. ആരോടും സംസാരിക്കാന്‍ പോലും കഴിയുന്നില്ല. പോസ്റ്റ് ട്രുമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്ന ദയനീയമായ അസുഖാവസ്ഥയിലായിരുന്നു ആ സുഹൃത്ത്. മുറിവേറ്റോ അംഗവൈകല്യമോ വലിയ ദുരിതങ്ങളോ സംഭവിച്ചാല്‍ ശേഷമുണ്ടാകുന്ന ദുരവസ്ഥ..
സുഹൃത്തിന്റെ ഈ അവസ്ഥ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ ഗണേഷിനെ പ്രേരിപ്പിച്ചു. ഗുരുതരമായ സാമൂഹ്യ പ്രശനമാണിതെന്ന് ഗണേഷ് തിരിച്ചറിഞ്ഞു. ദുഃസ്വപ്നങ്ങളിലൂടെ ജീവിക്കുക എന്നതാണ് പ്രത്യേകത. വെറുപ്പും വിദ്വേഷവും ആക്രമണോത്സുകതയും നിറഞ്ഞ മാനസികാവസ്ഥയിലേക്ക് ഇത്തരക്കാര്‍ മാറും. യഥാവിധം ശ്രദ്ധയും സ്നേഹവും കരുതലും ഉണ്ടെങ്കില്‍ മറികടക്കാന്‍ കഴിയുന്ന അവസ്ഥയാണിതെന്നും മനസ്സിലാക്കി. ഇക്കാര്യത്തില്‍ എങ്ങനെ ബോധവത്കരണം സാധ്യമാകും എന്നു ചിന്തിച്ചപ്പോഴാണ് ഹ്രസ്വചിത്രം എന്ന ആശയം ഉണ്ടായത്.
ഇതിനിടയില്‍, പരിചരിക്കാന്‍ എട്ടു മിനിറ്റു വൈകിയതിനാല്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന രണ്ട് മലയാളി നഴ്സുമാരുടെ വിവരം അറിയുന്നത്. രോഗികളെ പരിചരിക്കുന്നതിനുള്ള അനുപാതം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജോലിയിലെ പിരിമുറുക്കം. ജയില്‍ ജീവിതം. ഇതൊക്കെ കൊണ്ടെത്തിച്ചിരിക്കുന്നത് പോസ്റ്റ് ട്രുമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിലേക്കാണെന്ന് മനസ്സിലാക്കാന്‍ താമസ്സമുണ്ടായില്ല. ഹ്രസ്വചിത്രം എന്ന ആശയം സിനിമയ്ക്ക് വഴി മാറി. ‘അവര്‍ക്കൊപ്പം’ എന്ന സിനിമയുടെ പിറവി അവിടെയാണ്.
ഗണേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രത്യേകതയുള്ളതാണ്. അമേരിക്കയില്‍ ചിത്രീകരിച്ച അമേരിക്കന്‍ മലയാളികള്‍മാത്രം അഭിനയിച്ച ചിത്രം എന്നതാണ് പ്രധാനം. ഭാവനയില്‍ വിരിഞ്ഞ സാങ്കല്പിക കഥയ്ക്കു പകരം പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടുന്നു.
പോസ്റ്റ് ട്രുമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ചവരെ ശ്രദ്ധ, സ്നേഹം, സാമിപ്യം എന്നിവയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് സിനിമ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു. അമേരിക്കയില്‍ കുടിയേറിയ മൂന്നു കുടുംബങ്ങളിലുണ്ടായ സംഭവവികാസങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഓരോ കുടുംബത്തിലും സംഭവിക്കുന്ന പ്രശ്നങ്ങള്‍ എങ്ങനെ നേരെയാക്കാമെന്നാണ് സിനിമ കാണിച്ചുതരുന്നു. പ്രവാസി കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന ധാരാളം കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തും.
സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണെന്ന് ഗണേഷ് നായര്‍ പറയുന്നു. ‘അമേരിക്കയില്‍ സിനിമ ചിത്രീകരണം എളുപ്പമല്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ ബന്ധപ്പെട്ടവരുടെയും സിറ്റി ടൗണ്‍ഷിപ്പുകളുടെയും വ്യക്തമായ അനുമതി വേണം. ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ കടുത്ത മഞ്ഞായിരുന്നു. എട്ട് മുതല്‍ 12 ഇഞ്ച് വരെ മഞ്ഞ് പെയ്തുകിടക്കുമ്പോള് വളരെ ദുഷ്ക്കരമായിരുന്നു ചിത്രീകരണം. കഷ്ടപ്പെട്ട് മുന്‍കൂട്ടി അനുമതി വാങ്ങി ചിത്രീകരണം ആരംഭിക്കുമ്പോള്‍ പ്രതികൂലകാലാവസ്ഥ പ്രശ്നമാകും. വീണ്ടും അനുമതി ലഭിച്ചുകഴിയുമ്പോഴേക്കും ഷെഡ്യൂള്‍ മുടങ്ങും. ഷൂട്ടിങ് അനന്തമായി നീണ്ടുപോയതിനാല്‍ അമേരിക്കയിലെ ഏതാണ്ട് നാലു കാലാവസ്ഥാ സീസണുകളും ചിത്രീകരണത്തിന് ഉപയോഗിക്കേണ്ടിവന്നു. 52 ആഴ്ചയോളം വേണ്ടി വന്നു ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍.’ ഗണേഷ് നായര്‍ പറയുന്നു. സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ട വിഷയമാണ് അവര്‍ക്കൊപ്പം പറയുന്നത്.
കൊല്ലം പത്തനാപുരത്ത് ഗണേഷ് ഭവനില്‍ അധ്യാപക ദമ്പതികളായ ഗോപാലകൃഷ്ണ് നായരുടേയും ശാന്തമ്മയുടേയും മൂത്ത പുത്രനായ ഗണേഷ് ഒന്നര പതിറ്റാണ്ടായി അമേരിക്കയിലാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു. സീനയാണ് ഭാര്യ. ഗോപികയും ഗ്രീഷ്മയും മക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: