പള്ളുരുത്തി: ജനപ്രതിനിധികളുടേയും ജില്ലാകളക്ടറുടേയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ആറു ദിവസമായി ചെല്ലാനത്ത് മത്സ്യതൊഴിലാളികള്‍ നടത്തിയ സമരം പിന്‍വലിച്ചു. സമരക്കാര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ഉപാധികളില്ലാതെ അംഗീകരിച്ചു. കടല്‍ഭിത്തി തകര്‍ന്നു കിടക്കുന്ന കമ്പിനിപ്പടി, വേളാങ്കണ്ണി, ബസ്സാര്‍ എന്നിവിടങ്ങളില്‍ ഇന്നലെ തന്നെ ജെ സിബി ഉപയോഗിച്ച് കല്ലുകള്‍ പെറുക്കി വെക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
നിലവിലുള്ള കടല്‍ഭിത്തിക്കു പിന്നില്‍ സമാന്തരമായി അഞ്ചര മീറ്റര്‍ ഉയരത്തില്‍ ജീയോ ട്യൂബ് ഉപയോഗിച്ചുള്ള കടല്ഭിത്തിയായിരിക്കും നിര്‍മ്മിക്കുക. ആവശ്യമുള്ളിടത്ത് ജിയോ ബാഗുകളും ഉപയോഗിക്കും. നാലു കിലോമീറ്റര്‍ ദൂരത്തിലാകും ആദ്യഘട്ട നിര്‍മ്മാണം.
വീടിന് കേടുപാടു സംഭവിച്ചവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം ഉറപ്പു വരുത്തും. വെള്ളക്കെട്ടില്‍ വീണു മരിച്ച റെക്സന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി ഉറപ്പു വരുത്തും. ആറു ദിവസമായി നടന്നു വരുന്ന റിലേ നിരാഹാര സമരം പിന്‍വലിക്കുന്നതായി സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കുക, വീടിന് കേടുപാടു സംഭവിച്ചവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും അടിയന്തിരസഹായം നല്‍കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചെല്ലാനം ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ റിലേ നിരാഹാര സമരം ആരംഭിച്ചത്.
കെ.ജെ. മാക്സി എംഎല്‍എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഷുക്കൂര്‍, സമര സമിതി നേതാക്കളായ ടി.എ. ഡാല്‍ഫിന്‍, ഫാ. ആന്റണി കുഴിവേലി, ജെര്‍വിന്‍ ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: