മൂവാറ്റുപുഴ: കഥാപ്രസംഗത്തിന്റെ കാലം കഴിഞ്ഞെന്ന് പരിതപിക്കുന്നവര്‍ സ്കൂള്‍ കലോത്സവ വേദിയിലേക്ക് വരിക. അവിടെ കാണാം പുതിയ കഥാപ്രസംഗകരുടെ ഉശിരന്‍ കഥ പറച്ചില്. അന്യംനിന്ന് കൊണ്ടിരിക്കുന്ന കഥാപ്രസംഗത്തെ വരും തലമുറയ്ക്ക് പകര്‍ന്ന് നല്കാന് കലോത്സവ വേദികള്‍ ഉപകരിക്കുമെന്നാണ് കഥാപ്രസംഗ വിധികര്‍ത്താക്കളുടെയും അഭിപ്രായം. കാരേറ്റ് ജയകുമാര്‍, ആയിലം ഉണ്ണികൃഷ്ണന്, വിനോദ് ചമ്പക്കര എന്നിവരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്ന് കഥാപ്രസംഗം അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് വേണ്ടത്ര ഉച്ചാരണ ശുദ്ധിയും, ഭാവാഭിനയവും കാഴ്ചവെയ്ക്കാനാവില്ലെന്ന അഭിപ്രായവും അവര്‍ക്കുണ്ട്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള കഥകള്‍ തിരഞ്ഞെടുത്താല്‍ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന ഉപദേശവും അവര്‍ നല്കുന്നു.
പറവൂര്‍ എസ്എന്‍വി സംസ്കൃത സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മാളവിക ലൈഗേഷ് കഥാ പ്രസംഗത്തില്‍ യുപി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടി. കഥാപ്രസംഗരംഗത്ത് പരിചയ സമ്പന്നര്‍ അവതരിപ്പിക്കുന്ന ലാഘവത്തോടെയാണ് മാളവിക കഥാപ്രസംഗം അവതരിപ്പിച്ചത്. ശ്രീരാമന് സീതാദേവിയെ വനത്തില്‍ ഉപേക്ഷിക്കുന്ന ഭാഗമാണ് മാളവിക കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചത്. കെടാമംഗലം സദാനന്ദന്റെ ശിക്ഷ്യന് അന്‍വറിന്റെയും കൈതാരം വിനോദിന്റെയും ശിക്ഷണത്തിലാണ് മാളവികപരിശീലിച്ചത്. എസ്എന്‍വി സ്കൂളിലെ ഉണ്ണിബാബു, പ്രണവ്, ആതിന് എന്നിവരാണ് പക്കമേളം ഒരുക്കിയത്. കാറ്ററിംഗ് ജോലിക്കാരനായ ലൈഗേഷിന്റെയും ലിജിയുടെയും മകളാണ് മാളവിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: