മൂവാറ്റുപുഴ: വിധിനിര്‍ണ്ണയത്തില്‍ പക്ഷപാതമെന്ന് ആരോപണം ഉയര്‍ന്നതോടെ് സ്കൂള്‍ കലാമേള കലാപമേളയായി. ഉപരോധവും തടഞ്ഞുവെയ്ക്കലും കൈയേറ്റവും കരച്ചിലുമായാണ് ഇന്നലത്തെ ദിനം കടന്നു പോയത്.
ഹൈസ്കൂള്‍ വിഭാഗം നാടോടി നൃത്തമത്സരത്തില്‍ രണ്ടാംസ്ഥാനം കിട്ടിയ മത്സരാര്‍ത്ഥിയുടെ ഫലം അറിയിച്ചില്ലെന്നാരോപിച്ചായിരുന്നു ആദ്യ പ്രതിഷേധം. രണ്ടാം സ്ഥാനം പ്രഖ്യാപിച്ചില്ലെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ അപ്പീല്‍ നല്കാന് കഴിയില്ലെന്ന് രക്ഷിതാക്കളും മത്സരാര്‍ത്ഥികളും നൃത്താദ്ധ്യാപകരും വാദിച്ചു. എന്നാല്‍, പോലീസെത്തി കലോത്സവ മാന്വല്‍ പ്രകാരം രണ്ടാം സ്ഥാനം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ പ്രതിഷേധം കെട്ടടങ്ങി.
ഉച്ചയ്ക്കുശേഷം നടന്ന ഹയര്‍സെക്കന്ററി വിഭാഗം മത്സരഫലം വന്നപ്പോള്‍ അര്‍ഹതയില്ലാത്ത മത്സരാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം നല്‍കിയെന്നാരോപിച്ച് ചില മത്സാര്‍ത്ഥികളും രക്ഷിതാക്കളും നൃത്താദ്ധ്യാപകരും രംഗത്തെത്തി. വേദിയില്‍ വിധികര്‍ത്താക്കളെ ഒരുമണിക്കൂറോളം തടഞ്ഞുവെച്ചു. പോലീസ് സ്ഥലത്തെത്തി പ്രശ്നപരിഹാരശ്രമം നടത്തിയെങ്കിലും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നേരിട്ടെത്താതെ വിധികര്‍ത്താക്കളെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധകാര്‍ ശഠിച്ചു. ഇതോടെ, പോലീസ് ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി വിധികര്‍ത്താക്കളെ ഓഡിറ്റോറിയത്തിന് വെളിയിലേക്ക് കൊണ്ടുപോയി. വിധികര്‍ത്താക്കള്‍ക്കുനേരെ കൂക്കി വിളിയും പ്രതിഷേധവും ശക്തമായതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമായി. ഈ അവസരം മുതലെടുത്ത് വിധികര്‍ത്താക്കള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന് സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിക്കുകയും പ്രശ്നം താത്കാലികമായി അവസാനിക്കുകയുമായിരുന്നു. പോലീസ് മോശമായി സംസാരിച്ചെന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
പറവൂര്‍ ഉപജില്ലയില്‍ ഒപ്പനയില്‍ ഒന്നാമതെത്തിയ പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിനെ വിധികര്‍ത്താക്കള്‍ തഴഞ്ഞെന്ന് ആരോപിച്ച് ഡിഡി ഓഫീസ് ഉപരോധിച്ചു. അപ്പീലിലൂടെ ജില്ലയില്‍ എത്തിയ മുത്തുകുന്നം എസ്എന്‍എം സ്കൂള്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യതനേടി. എന്നാല്‍ കഴിഞ്ഞതവണയും മുത്തുകുന്നം ഏ ഗ്രേഡോടെ യോഗ്യതനേടിയെങ്കിലും സംസ്ഥാനതലത്തില്‍ 22ാംസ്ഥാനത്തേ എത്തിയുള്ളു. അപ്പീലിലൂടെ സംസ്ഥാനതലത്തില്‍ എത്തിയ പറവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പതിനൊന്നാം സ്ഥാനം നേടി. ഇക്കാരണം പറഞ്ഞാണ് പ്രതിഷേധമുയര്‍ന്നത്.
സര്‍ക്കാര്‍ സ്കൂളിന്റെ എല്ലാപരിമിതികളിലും നിന്നാണ് പറവൂര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഒപ്പനമത്സരത്തില്‍ പങ്കെടുത്തത്. മികച്ച പ്രകടനം നടത്തിയിട്ടും സര്‍ക്കാര്‍ സ്കൂളിനെ തഴഞ്ഞത് പണക്കൊഴുപ്പിന്റെ പിന്‍ബലത്തിലാണെന്നാണ് ആരോപണം. ഹയര്‍സെക്കന്ററി വിഭാഗം ഒപ്പനയിലും വിധി നിര്‍ണ്ണയത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. പോലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: