കൊച്ചി: പ്രകൃതിയോടുള്ള സ്നേഹം എങ്ങിനെ ഫോട്ടോഗ്രാഫിയിലൂടെ സാധിക്കാം എന്ന സന്ദേശം നല്കുന്ന ഫോട്ടോപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കൊച്ചി ദര്‍ബാര്‍ഹാളില്‍ 2 ന് ആരംഭിച്ച കടലിന്നിക്കരെയും അക്കരെയുമുള്ള ഫോട്ടോകള്‍ ഉള്‍പ്പെട്ട സ്വതന്ത്രജന്മങ്ങള്‍-തുറന്ന ലക്ഷ്യങ്ങള്‍. പ്രദര്‍ശനമാണ് നൂറുകണക്കിനാളുകളുടെ ശ്രദ്ധയെ ആകര്‍ഷിച്ച് ചിന്തയുടെ പുതിയ വാതായനം തുറക്കുന്നത്.ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഫോട്ടോമ്യൂസ് എന്ന സംഘടനയാണ് ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, അമേരിക്ക, ജര്‍മനി, ഓസ്ട്രേലിയ, നെതര്‍ലാന്റ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 340 ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. സമൂഹമാധ്യമത്തിലൂടെ ശേഖരിച്ച 45000 ചിത്രങ്ങളുടെ പൂളില്‍ നിന്നുമാണ് ഈ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.
വിവിധ സ്ഥലങ്ങളില്‍ വിവിധ കാലങ്ങളില്‍ ഛായാഗ്രാഹകര്‍ വ്യത്യസ്തമായതും, പ്രത്യക്ഷത്തില്‍ സമാനതകള്‍ ഇല്ലാത്തതുമായ ചിത്രങ്ങളാണ് ഒപ്പിയെടുക്കുന്നത്. ഗഹനമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ അത്തരം ചിത്രങ്ങളെ ഒരു രസചരടിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ പ്രദര്‍ശനം വ്യക്തമാക്കുന്നത്. ഫോട്ടോഗ്രാഫിയുടെ സാര്വ്വലൗകികഭാഷയിലൂടെ ഉണ്ടാകുന്ന പാരസ്പര്യത്തെയും, ബന്ധങ്ങളെയും കണ്ടെത്തുകയെന്ന തുറന്ന ലക്ഷ്യവും പ്രദര്‍ശനം പ്രകടമാക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സ്വതന്ത്രമായി സൃഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദൃശ്യപരവും, പ്രതീകാത്മകവുമായ ബന്ധത്തിന് പ്രദര്‍ശനം ഊന്നല്‍ നല്‍കുന്നുണ്ട്. ഒട്ടേറെ ചിത്രങ്ങള്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന സാന്ദര്‍ഭിക അര്‍ത്ഥങ്ങളും അതു തുറന്നുതരുന്ന വ്യാഖ്യാനസാധ്യതകളും അന്വേഷിക്കുകായെന്നതും പ്രദര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്ന് ക്യുറേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന് പുളിക്കല്‍, ഡോ.ബിജുരാമന്കുട്ടി എന്നിവര്‍ പറഞ്ഞു. പ്രദര്‍ശനം ഇന്നു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: